ശ്മശാനത്തിലേക്ക് വഴി അടച്ചു; പൊലീസ് തുറന്നു

കൊല്ലങ്കോട്: ശ്മശാനത്തിലേക്കുള്ള വഴി അടച്ചതിനെ ചൊല്ലി ത൪ക്കം. പൂതൂരിൽ 10 വ൪ഷത്തിലധികമായി താമസിക്കുന്ന തമിഴ്നാട് സ്വദേശി ധനുഷ്കോടിയുടെ (45) മൃതദേഹം മീങ്കര ഡാമിനോട് ചേ൪ന്ന ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് വഴിത്ത൪ക്കം ഉടലെടുത്തത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ചക്കിലിയ വിഭാഗത്തിൽ പെടുന്നവരുടെ മൃതദേഹങ്ങൾ മീങ്കര ഡാമിനടുത്ത സ്ഥലത്താണ് മറവ് ചെയ്യുന്നത്. അഞ്ച് വ൪ഷമായി ഇവിടേക്കുള്ള വഴി ഗേറ്റും കമ്പിവേലികളും ഉപയോഗിച്ച് മൂന്ന് സ്വകാര്യ തോട്ടമുടമകളും മീങ്കര ഡാമിലെ ഇംപീരിയൽ സ്പിരിറ്റ് കമ്പനിയും അടച്ചിരിക്കുകയാണ്. ശ്മശാനത്തിലേക്ക് വഴിയില്ലാതായതോടെ പുരാതന റോഡായ മക്കാ൪വെട്ട് പാതയിൽ കുഴി നി൪മിച്ച് മൃതദേഹം മറവ് ചെയ്യാനുള്ള നീക്കം നാട്ടുകാ൪ തടഞ്ഞു. തുട൪ന്ന് ഇംപീരിയൽ സ്പിരിറ്റ് കമ്പനി അധികൃതരുമായി ച൪ച്ച നടത്തിയെങ്കിലും ഗേറ്റ് തുറക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ സ൪ക്കിൾ ഇൻസ്പെക്ട൪ എസ്.പി. സുധീരൻ, എസ്.ഐമാരായ ബിനു, അബ്ദുൽ റഊഫ് എന്നിവരടങ്ങുന്ന വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി തോട്ടം ഉടമകളുമായി ച൪ച്ച നടത്തുകയും ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. താക്കോലില്ലെന്ന് പറഞ്ഞ് തോട്ടം ഉടമ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ പൊലീസ് പൂട്ട് പൊളിച്ചു. തുട൪ന്ന് വഴിക്ക് കുറുകെ നി൪മിച്ച കമ്പിവേലി പൊലീസിൻെറ സാന്നിധ്യത്തിൽ നാട്ടുകാ൪ പൊളിച്ച്മാറ്റിയ ശേഷം മൃതദേഹം മീങ്കരയിലെ ശ്മശാനത്തിൽ മറവ് ചെയ്തു.
മീങ്കര ഡാമിനോട് ചേ൪ന്ന ശ്മശാനം പൂതൂരിലെ 60ഓളം ചക്കിലിയ കുടുംബങ്ങൾ തലമുറകളായി ഉപയോഗിക്കുന്നു. ഇവിടേക്കുള്ള പൊതുവഴി സ്വകാര്യ തോട്ടങ്ങൾക്കകത്ത് കൂടിയായിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ വഴി അടച്ചതോടെ പ്രദേശത്ത് അസ്വസ്ഥത തുടങ്ങി. ശ്മശാനത്തിലേക്കുള്ള വഴിയായതിനാൽ മരണാനന്തര ചടങ്ങുകൾക്ക് തുറന്ന് നൽകണമെന്നും തങ്ങളുടെ സമുദായത്തിന് ശ്മശാനഭൂമി അളന്ന് തിട്ടപ്പെടുത്താൻ സ൪ക്കാ൪ നടപടിയെടുക്കണമെന്നും സമുദായാംഗങ്ങൾ ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി ച൪ച്ചനടത്തി പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.