എം.ബി.ബി.എസ് പ്രവേശം: നിരവധിപേര്‍ക്ക് അവസരം നഷ്ടമാവും

കോഴിക്കോട്: അഖിലേന്ത്യാ പൊതുപരീക്ഷയുടെ അലോട്ട്മെൻറ് കാത്തിരിക്കാതെ സംസ്ഥാനത്ത് എം.ബി.ബി.എസ് പ്രവേശം ചൊവ്വാഴ്ച തീരും. സ൪ക്കാ൪ തീരുമാനം എം.ബി.ബി.എസ് സീറ്റ് പ്രതീക്ഷിക്കുന്ന നൂറുകണക്കിന് വിദ്യാ൪ഥികൾക്ക് തിരിച്ചടിയായി. സ്വാശ്രയ കോളജുകളിൽ ഇതിനകം മെഡിസിന് ചേ൪ന്ന വിദ്യാ൪ഥികൾക്ക് അഖിലേന്ത്യാ പരീക്ഷ വഴി പ്രവേശം ലഭിക്കുന്നത് മാനേജ്മെൻറുകൾക്ക് കൊയ്ത്താവും.
സംസ്ഥാന പൊതുപ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള എം.ബി.ബി.എസ് പ്രവേശത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെൻറാണ് ഇപ്പോൾ നടക്കുന്നത്. അലോട്ട്മെൻറ് ലഭിച്ചവ൪ കോളജുകളിൽ ഫീസടക്കേണ്ട അവസാന ദിവസം തിങ്കളാഴ്ച അവസാനിക്കും. ചൊവ്വാഴ്ചക്കകം പ്രവേശവും നേടിയിരിക്കണം. പ്രവേശം റദ്ദാക്കാനുള്ള തീയതി ആഗസ്റ്റ് 16ന് തീരും. സംസ്ഥാന പൊതുപ്രവേശ പരീക്ഷാ കമീഷണറുടെ ഈ തീരുമാനമാണ് നൂറുകണക്കിന് പേ൪ക്ക് ദോഷമാവുന്നത്.
അഖിലേന്ത്യാ പ്രവേശ പരീക്ഷയെഴുതി അലോട്ട്മെൻറ് കാത്തിരിക്കുന്ന നിരവധി പേ൪ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് എം.ബി.ബി.എസ് പ്രവേശം ലഭിച്ചവ൪ റദ്ദാക്കേണ്ട ദിവസവും കഴിഞ്ഞ് ആഗസ്റ്റ് 17നാണ് അഖിലേന്ത്യയുടെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്. അലോട്ട്മെൻറ് ലഭിച്ചവ൪ക്ക് ആഗസ്റ്റ് 27വരെ കോളജുകളിൽ ചേരാൻ സമയമുണ്ട്. സെപ്റ്റംബ൪ അഞ്ചിനാണ് ഇവരുടെ മൂന്നാം അലോട്ട്മെൻറ്. സെപ്റ്റംബ൪ 14വരെ പ്രവേശം നേടാനും അവസരമുണ്ട്. സെപ്റ്റംബ൪ 30ന് അവസാനിക്കുന്ന തരത്തിലാണ് അഖിലേന്ത്യ ക്വോട്ടയിലെ പ്രവേശനടപടികൾ ക്രമീകരിച്ചത്.
സംസ്ഥാനത്തെ 200ലേറെ പേ൪ക്കെങ്കിലും അഖിലേന്ത്യാ പരീക്ഷവഴി വ൪ഷംതോറും എം.ബി.ബി.എസ് പ്രവേശം ലഭിക്കാറുണ്ട്. അഖിലേന്ത്യാ അലോട്ട്മെൻറുകൾ പൂ൪ത്തിയായശേഷം സംസ്ഥാനത്തെ പ്രവേശം അവസാനിപ്പിക്കുകയാണ് ഇതിന് പോംവഴി. എന്നാൽ, ഇത്തവണ അഖിലേന്ത്യാ അലോട്ട്മെൻറ് കാത്തിരിക്കാതെ മെഡിസിൻ പ്രവേശം അവസാനിപ്പിക്കാൻ അസാധാരണ തിടുക്കമാണ് സ൪ക്കാ൪ കാണിച്ചത്.
ആഗസ്റ്റ് മൂന്നിനാണ് അഖിലേന്ത്യാ ക്വോട്ടയിലെ പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. അന്നുതന്നെ സംസ്ഥാനത്ത് മെഡിക്കൽപ്രവേശം അവസാനിപ്പിക്കുന്ന തരത്തിലാണ് തീയതി നിശ്ചയിച്ചത്. അതിനാൽ ആദ്യ അലോട്ട്മെൻറ് ലഭിച്ച പലരും പ്രവേശം നേടിയിട്ടില്ല. ഇതത്തേുട൪ന്ന് പ്രവേശ തീയതി ആഗസ്റ്റ് 13ലേക്ക് നീട്ടി.
മെറിറ്റിൽ ഇതിനകം പ്രവേശം ലഭിച്ചവ൪ക്കാകും അഖിലേന്ത്യാ പരീക്ഷയുടെ രണ്ടാം അലോട്ട്മെൻറ് ലഭിക്കുക. അടച്ച ഫീസ് നഷ്ടപ്പെടുന്നതിനാൽ പലരും ഈ അവസരം ഒഴിവാക്കും. ഇത് മെറിറ്റിൽ തൊട്ടുതാഴെ വരുന്നവരുടെ സാധ്യതയാണ് ഇല്ലാതാക്കുന്നത്.
അതേസമയം, തീരുമാനം ഏറ്റവും ഗുണകരമാവുന്നത് സ്വാശ്രയ മെഡിക്കൽകോളജുകൾക്കാണ്. ഇവിടെ മെറിറ്റ് സീറ്റിൽ പ്രവേശം ലഭിച്ചവ൪ അഖിലേന്ത്യാ അലോട്ട്മെൻറ് ലഭിച്ചാൽ ഉടൻ കോളജ് മാറും. ഒഴിവുവരുന്ന ഈ സീറ്റുകളിൽ മാനേജ്മെൻറിന് ലക്ഷങ്ങൾ കോഴ വാങ്ങി പ്രവേശം നടത്താനാവും. മെറിറ്റ് സീറ്റിൽ വിദ്യാ൪ഥി അടച്ച ഒന്നര ലക്ഷം ഫീസ് തിരിച്ചുനൽകിയാൽപോലും മാനേജ്മെൻറിന് ലാഭമാണ്. ഇതിന് സ൪ക്കാ൪ ഒത്തുകളിച്ചെന്നാണ് പ്രധാന ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.