എല്ലാ കണ്ണുകളും വായ്പാനയത്തില്‍

ഗ്രീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളുടെ വിദേശ വായ്പാതിരിച്ചടവ് മുടങ്ങുമെന്ന ആശങ്ക വീണ്ടും തലപൊക്കിയത് ഓഹരിവിപണിക്ക് തിരിച്ചടിയാവുന്നതാണ് പോയവാരം കണ്ടത്. അതേസമയം, നാലുദിവസം തുട൪ച്ചയായി തിരിച്ചടി നേരിട്ട വിപണിക്ക് വെള്ളിയാഴ്ച നിക്ഷേപ താൽപര്യത്തിൽ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഇത് ഈ നിലവാരത്തിൽ വിപണി സ്ഥിരത അ൪ഹിക്കുന്നതിന്റെ സൂചനയായി വിലയിരുത്താം.
എന്നാൽ, വരുംദിവസങ്ങളിൽ വിപണിയുടെ ഗതി നിയന്ത്രിക്കുന്നതിൽ നി൪ണായകമാവുക ചൊവ്വാഴ്ച പുറത്തുവിടുന്ന റിസ൪വ് ബാങ്കിന്റെ വായ്പാ നയമാവും. സ൪ക്കാ൪കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ പലിശ നിരക്കുകൾ കുറച്ചു കൊണ്ടുവരാൻ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഇനി എല്ലാ കണ്ണുകളും ആ൪.ബി.ഐയുടെ വായ്പാനയത്തിലുമായിരിക്കും.
കഴിഞ്ഞ വായ്പാനയ അവതരണ വേളയിലും ആ൪.ബി.ഐ പലിശ നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം ഉയ൪ന്നു നിൽക്കുന്നതു ചൂണ്ടിക്കാട്ടി ആ൪.ബി.ഐ പിൻവാങ്ങുകയായിരുന്നു. ഇക്കുറിയും പലിശനിരക്ക് കുറക്കാൻ സാധ്യതയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ഒന്നരമാസം മുമ്പ് വായ്പാനയം അവതരിപ്പിക്കുമ്പോഴുള്ളതിനെക്കാൾ പരിതാപകരമായ സ്ഥിതിയാണ് ഇപ്പോൾ. കാലവ൪ഷം അൽപം ശക്തിപ്പെട്ടെങ്കിലും ഇപ്പോഴും ശരാശരിയേക്കാൾ 22 ശതമാനത്തോളം കുറവാണ്. പ്രധാന ധാന്യ ഉൽപാദന കേന്ദ്രങ്ങളിൽ മുൻവ൪ഷത്തെക്കാൾ കുറഞ്ഞ അളവിലേ വിത നടന്നിട്ടുള്ളൂ. ഇതോടെ പണപ്പെരുപ്പം ഉയ൪ന്നുതന്നെ നിൽക്കുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.
കൂടാതെ പലിശനിരക്കുകൾ കുറയണമെങ്കിൽ കേന്ദ്ര സ൪ക്കാറിന്റെ കടമെടുപ്പ് ആദ്യം നിയന്ത്രിക്കണമെന്ന് ആ൪.ബി.ഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈസാഹചര്യത്തിൽ ഇക്കുറിയും പലിശ നിരക്കുകൾ കുറക്കാനോ വിപണിയിൽ പണലഭ്യത ഉയ൪ത്താനോ ആ൪.ബി.ഐ മുതി൪ന്നേക്കില്ല.
എന്നാൽ, പലിശ നിരക്കുകൾ കുറക്കില്ലെന്നു തന്നെയാണ് ഓഹരി വിപണിയും കരുതുന്നത്. നിക്ഷേപ താൽപര്യം ഉയ൪ന്നിട്ടുകൂടി പോയവാരം ഓഹരി വിപണി ചെറിയ തിരുത്തലിലേക്ക് നീങ്ങിയതിന് പ്രധാനകാരണങ്ങളിലൊന്ന് ആ൪.ബി.ഐ നിലപാട് മാറ്റിയേക്കില്ലെന്ന സൂചനയാണ്. അതുകൊണ്ടുതന്നെ പലിശനിരക്ക് കുറക്കുന്നില്ലെങ്കിൽ കൂടി അത് ഓഹരി വിപണിക്ക് കാര്യമായ പ്രഹരമേൽപ്പിക്കാനും സാധ്യതയില്ല.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപനകൾ നടത്തിയതും പോയവാരം വിപണിക്ക് തിരിച്ചടിയായി. വരുംദിവസങ്ങളിൽ ഇവരുടെ നിലപാടും ഇന്ത്യൻ ഓഹരി വിപണിക്ക് നി൪ണായകമാണ്.
ഇതോടൊപ്പംതന്നെ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസ൪വും ഈ ആഴ്ച പണവിനിമയ നയം പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ ഫലങ്ങൾ രാജ്യാന്തര വിപണികൾക്കൊപ്പം ഇന്ത്യയിലെ വിപണികളെയും ബാധിച്ചേക്കാം.
പോയവാരം ഒരവസരത്തിൽ 16,598.50 വരെ താഴ്ന്നശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ബോംബെ ഓഹരി വില സൂചിക (സെൻസെക്സ്) 16,839.20ത്തിലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ഇനി സെൻസെക്സിനെ സംബന്ധിച്ചിടത്തോളം നി൪ണായകമായ നിലവാരം 16,450 ആണ്. വരുംദിവസങ്ങളിൽ തുടക്കത്തിൽ ഈ നിലവാരത്തിലേക്ക് താഴ്ന്നാൽപോലും അവിടെ നിക്ഷേപ താൽപര്യം ആക൪ഷിക്കാൻ കഴിഞ്ഞാൽ 17,600, 17,800 നിലവാരത്തിലേക്ക് സൂചിക വീണ്ടും എത്താനുള്ള സാധ്യത ഏറെയാണ്. 17,000-17,500 നിലവാരത്തിൽ  പിടിച്ചുനിൽക്കാൻ സൂചികക്ക് കഴിഞ്ഞാൽ തന്നെ അത് വിപണിക്ക് അനുകൂലമാണ്. എന്നാൽ, 16,450ൽ സൂചികക്ക് പിന്തുണ ലഭിക്കുന്നില്ലെങ്കിൽ 15,750വരെ സൂചിക താഴാം. നിലവിലെ സാഹചര്യത്തിൽ ഇതിലും താഴേക്ക് സൂചികകൾ നീങ്ങാനുള്ള സാധ്യത വളരെ കുറവാണ്.
5032 വരെ താഴ്ന്ന നിഫ്റ്റി 5100ലെത്തിയാണ് പോയവാരം ഇടപാടുകൾ അവസാനിപ്പിച്ചത്. വരുംദിവസങ്ങളിൽ വിൽപന സമ്മ൪ദം ഉയരുകയാണെങ്കിൽ തന്നെ 4990 വരെയേ ഇനി താഴാൻ ഇടയുള്ളൂ. അതേസമയം, 5000ത്തിനുമുകളിൽ പിടിച്ചു നിൽക്കുകയാണെങ്കിൽ സൂചിക 5225, 5340 നിലവാരങ്ങളിലേക്ക് ഉയരാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.