കുന്നംകുളം: അനധികൃതമായി ഗ്യാസ് ഊറ്റി വിൽപന നടത്തുന്ന കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. രണ്ടിടത്തു നിന്ന് 47 സിലിണ്ടറുകൾ പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പെരുമ്പിലാവ് പാതാക്കര കിഴക്കൂട്ട് വീട്ടിൽ രാമചന്ദ്രൻ (48), അഞ്ഞൂ൪ പൊന്നാരശ്ശേരി രമേഷ് (42) എന്നിവരെയാണ് സി.ഐ ബാബു കെ. തോമസും സംഘവും അറസ്റ്റ് ചെയ്തത്. ചെറുതും വലുതുമായ 47 സിലിണ്ടറുകൾ രണ്ടിടത്ത് നിന്ന് കണ്ടെടുത്തു. വീടുകൾ കേന്ദ്രീകരിച്ച് പാചക വാതക സിലിണ്ടറുകൾ സംഘടിപ്പിച്ച ശേഷം ഓട്ടോറിക്ഷകളിലെ ഗ്യാസ് സിലിണ്ടറുകളിലേക്കും വീടുകളിലെ പാചക വാതക സിലിണ്ടറുകളിലേക്കും ഗ്യാസ് ഊറ്റി വിൽപന നടത്തിയിരുന്നവരാണ് പിടിയിലായത്.
35 സിലിണ്ടറുകൾ പെരുമ്പിലാവിൽ നിന്നും 12 എണ്ണം അഞ്ഞൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഗാ൪ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 13 എണ്ണവും ഹോട്ടലുകൾ ഉപയോഗിക്കുന്ന രണ്ടെണ്ണം ഓട്ടോറിക്ഷയിൽ വെക്കുന്ന ചെറിയ 20 സിലിണ്ടറുകളുമാണ് രാമചന്ദ്രൻെറ വീട്ടിൽ നിന്നും പിടികൂടിയത്.
അഞ്ഞൂരിലെ രമേഷിൻെറ വീട്ടിൽനിന്ന് 10 ചെറിയതും രണ്ട് വലിയ സിലിണ്ടറുകളുമാണ് ലഭിച്ചത്. കുന്നംകുളം, ചങ്ങരംകുളം എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന സിലിണ്ടറുകൾ അമിത വിലക്കാണ് ഹോട്ടൽ, വീട്, ഓട്ടോറിക്ഷ എന്നിവക്കായി നൽകുന്നത്. ഓട്ടോറിക്ഷക്ക് 250 രൂപയും വീടുകളിലേക്ക് 800 രൂപക്കുമാണ് വിൽപന നടത്തിയിരുന്നത്. ഓട്ടോറിക്ഷയിലേക്കുള്ള സിലിണ്ടറുകളിലേക്ക് ഗ്യാസ് ചോ൪ത്തുന്നതിനിടെയാണ് രണ്ടിടത്തും പൊലീസ് റെയ്ഡ് ഉണ്ടായത്. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുട൪ന്നായിരുന്നു പരിശോധന.ഭക്തി ആൽബങ്ങളിൽ അഭിനയിക്കുകയും ഗാനരചനയും സംവിധാനവും നി൪വഹിക്കുകയും ചെയ്തിട്ടുള്ള രാമചന്ദ്രൻ കുറച്ചുകാലമായി വീട് കേന്ദ്രീകരിച്ച് ഗ്യാസ് ഊറ്റി അനധികൃത വിൽപന നടത്തി വരികയായിരുന്നു. അറസ്റ്റിലായ രമേഷിനെ മൂന്ന് മാസം മുമ്പ് അനധികൃതമായി ഗ്യാസ് വിൽപന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പി കെ.കെ. ഇബ്രാഹിമിൻെറ നി൪ദേശത്തെത്തുട൪ന്ന് ഷാഡോ പൊലീസുകാരായ മാ൪ട്ടിൻ, രാകേഷ് എന്നിവരും ചേ൪ന്നാണ് രണ്ടിടത്തും റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.