കൊച്ചി: അമിത വേഗത്തിലത്തെിയ സ്കൂൾ ബസും വാനും ഗോശ്രീ പാലത്തിൽ കൂട്ടിയിടിച്ച് 17 പേ൪ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് പാലത്തിൻെറ കൈവരിയിൽ ഇടിച്ചെങ്കിലും തടഞ്ഞുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് ഡ്രൈവ൪ അനീറിനെ (37) ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.
വാൻ ഡ്രൈവ൪ എളമക്കര സ്വാമിപ്പടി ചിറ്റക്കോടത്ത് വീട്ടിൽ വേണുഗോപാൽ (51), ആയ മുളവുകാട് കളത്തിൽ വീട്ടിൽ ഷൈനാ ബിജു എന്നിവരെ പരിക്കുകളോടെ ലൂ൪ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 14 കുട്ടികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കുട്ടികളുമായി മുളവുകാട്ടേക്ക് പോയ എറണാകുളം സെൻറ് മേരീസ് സ്കൂൾ ബസും കുട്ടികളെ കൊണ്ടുവരാൻ അയ്യപ്പൻകാവ് എസ്.എൻ സ്കൂളിലേക്ക് പോയ വാനുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.15നാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നെന്ന് ഷൈനാ ബിജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പത്തുവ൪ഷം പരിചയമുള്ളവരെ മാത്രമേ സ്കൂൾ ബസുകളിൽ ഡ്രൈവറായി നിയമിക്കാവൂവെന്ന് നിയമമുണ്ട്. പ്രവൃത്തി പരിചയമില്ളെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ബസ് ഡ്രൈവ൪ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കൂട്ടിയിടിക്കുശേഷം നിയന്ത്രണം വിട്ട ബസ് പാലത്തിലൂടെ 30 മീറ്ററോളം മുന്നോട്ടു പോയി കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പത്ത് മീറ്ററിലധികം പാലത്തിൻെറ നടപ്പാതക്കും മീഡിയനും ഇടയിലൂടെ മുന്നോട്ടു പോയി.
ഓടിക്കൂടിയ നാട്ടുകാരും പൊലീസും ബസിൻെറ മുൻ ചില്ലുകൾ പൊട്ടിച്ച് വിദ്യാ൪ഥികളെ പുറത്തെടുത്ത് ആശുപത്രിയിലത്തെിക്കുകയായിരുന്നു. വാനിൻെറ മുൻഭാഗം പൂ൪ണമായും തക൪ന്നു. സെൻറ് മേരീസ് സ്കൂളിലെ യു.പി, ഹൈസ്കൂൾ ക്ളാസുകളിൽ പഠിക്കുന്ന 20 വിദ്യാ൪ഥികളാണ് ബസിലുണ്ടായിരുന്നത്. സിറ്റി ട്രാഫിക്(വെസ്റ്റ്) പൊലീസ് കേസെടുത്തു.
പരിക്കേറ്റ വിദ്യാ൪ഥികൾ: അൻസില(11), അമലമേരി(13), അഞ്ജന ബാബു(13), നിമിഷ ഷാജി(9), റെനീറ്റ ലൂയിസ്(12) ചിത്ര മുരളി(11), സ്റ്റെവീൻസൺ,(9), എ.എസ്. നിധിൻ(9), വില്യൺ റോജ൪(10), ആകാശ് മേനോൻ(11), മേരി ജിസ്ന ജോസ്(13), ആതിര ഷൈൻ (13).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.