കോടികളുടെ തട്ടിപ്പ്: യുവാവ് റിമാന്‍ഡില്‍

ചാരുംമൂട്: കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര മണ്ണാപ്ളാവകം വടക്കേ തുണ്ടിൽ വീട്ടിൽ ഉദയകുമാ൪ എന്ന ഷമൽഷയെയാണ്  (31) മാവേലിക്കര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിദ്യാ൪ഥിനിയായ 17 കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ കേസിലാണ് ഉദയകുമാ൪ പിടിയിലായത്. തുട൪ന്ന് ചോദ്യം ചെയ്തപ്പോഴാണ്  കോടികളുടെ തട്ടിപ്പ് തെളിഞ്ഞത്.
ഏഴ് വയസ്സുള്ള കുട്ടിയുടെ പിതാവായ ഉദയകുമാ൪ ഷമൽഷാ എന്ന പേര് സ്വീകരിച്ച് ചങ്ങനാശേരിയിൽ നിന്ന് മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തു.  ചങ്ങനാശേരിയിൽ ഇംതിയാസ് ഇൻറ൪നാഷനൽ ട്രാവൽസ് എന്ന സ്ഥാപനം നടത്തി ബ്രൂണെ, കുവൈത്ത്, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടി. ചങ്ങനാശേരി, കോട്ടയം, ചെങ്ങന്നൂ൪, എറണാകുളം, പത്തനംതിട്ട, വള്ളികുന്നം, കൊല്ലം, മാവേലിക്കര, മലപ്പുറം എന്നിവിടങ്ങളിലെ ഇരുന്നൂറോളം യുവാക്കളിൽ നിന്ന് വിവിധ ജോലികൾക്കായി പന്ത്രണ്ടായിരം മുതൽ മൂന്നര ലക്ഷം വരെ വാങ്ങിയിട്ടുള്ളതായി പൊലീസ് പറയുന്നു.
ചങ്ങനാശേരിയിൽ നിന്ന് വിവാഹം കഴിച്ച പെൺകുട്ടിയുടെ വീടും വസ്തുവും വിറ്റുകിട്ടിയ രൂപയും ഇയാൾ തട്ടിയെടുത്തതായി പറയുന്നു. ഉദയകുമാറിനൊപ്പം ഇംതിയാസ് ഇൻറ൪ നാഷനൽ മാനേജരായിരുന്ന തൃശൂ൪ സ്വദേശി വി.കെ. മേനോനും ആദിക്കാട്ടുകുളങ്ങര സ്വദേശികളായ രണ്ടുപേരും പ്രതികളാണെന്ന് പൊലീസ് പറയുന്നു.
കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര സി.ഐ ശിവസുതൻപിള്ള അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.