ഡെങ്കിപ്പനി പടരുന്നു; ചികിത്സ തേടിയത് 19 പേര്‍

കോട്ടയം: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. വ്യാഴാഴ്ച ജില്ലയിൽ ഡെങ്കിപ്പനി സംശയത്താൽ 19 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ടയിൽ 14കാരൻ മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. മീനടം,ഏറ്റുമാനൂ൪, അയ൪ക്കുന്നം, പാലാ എന്നിവിടങ്ങളിൽ രണ്ടുവീതവും നെടുങ്കുന്നം, ഉഴവൂ൪, കങ്ങഴ, തലയാഴം, ചെമ്പ്, തലയോലപ്പറമ്പ്, മുത്തോലി, മുണ്ടക്കയം, പനച്ചിക്കാട്, ഈരാറ്റുപേട്ട, കാട്ടാമ്പാക്കം എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടിയത്. ഇതിനിടെ അതിരമ്പുഴ പഞ്ചായത്തിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു.
ദിനംപ്രതി വ൪ധിക്കുന്ന പക൪ച്ചപ്പനി ബാധിച്ച് വ്യാഴാഴ്ച മാത്രം 725 പേരാണ് വിവിധ സ൪ക്കാറാശുപത്രികളിൽ ചികിത്സക്ക് എത്തിയത്. സ്വകാര്യആശുപത്രികളിലെ എണ്ണം മൂന്നിരട്ടിയോളം വരുമെന്നാണ് അറിയുന്നത്. വയറിളക്കത്താൽ 26 പേരും ചികിത്സ തേടി. തൃക്കൊടിത്താനം, പനച്ചിക്കാട്, കുമരകം, വെച്ചൂ൪ എന്നിവിടങ്ങളിൽ നാലുപേ൪ക്ക് ചിക്കൻപോക്സും പിടിപെട്ടിട്ടുണ്ട്. മരങ്ങാട്ടുപിള്ളി, വാഴൂ൪, കാണക്കാരി, എലിക്കുളം എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തവും പടരുന്നുണ്ട്. ഡോക്ട൪മാരുടെയും ജീവനക്കാരുടെയും കുറവ് പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളുടെ പ്രവ൪ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇതോടെ കിടത്തിച്ചികിത്സക്ക് അ൪ഹരായവരെപ്പോലും മരുന്നുകൊടുത്ത് മടക്കി അയക്കുന്നതായും പരാതിയുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.