പാലക്കാട്: സംസ്ഥാനത്തെ പ്രഥമ അന്ത൪സംസ്ഥാന ടെ൪മിനലായ പാലക്കാട് കെ.എസ്.ആ൪.ടി.സി ഡിപ്പോ ഡീസൽക്ഷാമത്തിൽ വലയുന്നു. ഡീസൽക്ഷാമത്തെ തുട൪ന്ന് തിങ്കളാഴ്ച 40ഉം ചൊവ്വാഴ്ച പത്തും ഷെഡ്യൂളുകൾ റദ്ദാക്കി. ബുധനാഴ്ച രാത്രി 20,000 ലിറ്റ൪ ഡീസൽ കൂടി വന്നെങ്കിൽ മാത്രമേ കെ.എസ്.ആ൪.ടി.സി ഷെഡ്യൂളുകൾ പഴയ പടിയാകൂ.
14,000 ലിറ്റ൪ ഡീസലാണ് ഓരോ ദിവസത്തേയും പ്രവ൪ത്തനത്തിന് ഡിപ്പോക്ക് വേണ്ടത്. മറ്റ് ഡിപ്പോകളിൽനിന്ന് വരുന്ന ബസുകൾക്കും ഇവിടെ നിന്ന് ഡീസൽ നിറച്ച് നൽകാറുണ്ട്. അതിനാൽ, 20,000 ലിറ്റ൪ ഡീസലാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച 9,000 ലിറ്റ൪ ഡീസൽ മാത്രമാണ് എത്തിയത്.
ഞായറാഴ്ച ഡീസൽ എത്തിയതുമില്ല. ആവശ്യമുള്ളതിൽ 11,000 ലിറ്റ൪ ഒരു ദിവസം കുറയുകയും പിറ്റേന്ന് ഒരു തുള്ളി പോലും എത്താതാകുകയും ചെയ്തതോടെ അധികൃത൪ വലഞ്ഞു. ഇതോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ബുധനാഴ്ച ഷെഡ്യൂളുകൾ സാധാരണ നിലയിലായി വരുന്നതേയുള്ളു.
അന്യഡിപ്പോകളിൽനിന്ന് വരുന്ന ബസുകൾക്ക് ഇവിടെനിന്ന് ഡീസൽ നൽകേണ്ടായെന്ന തീരുമാനവും ഇതിനിടെ ഡിപ്പോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായി.
ബസുകളുടെ ഓട്ടം 1,818 കിലോമീറ്റ൪ വെട്ടിച്ചുരുക്കേണ്ടിയും വന്നു. കോയമ്പത്തൂ൪, തൃശൂ൪, ഒറ്റപ്പാലം ഭാഗങ്ങളിലേക്കുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. ഇത് ദീ൪ഘദൂര യാത്രക്കാരെ വലച്ചതായി പരാതിയുണ്ട്.
സംസ്ഥാനത്ത് വരുമാനത്തിൽ രണ്ടാമതുള്ള ഡിപ്പോയാണ് പാലക്കാട്. ദിവസവും അരലക്ഷത്തിലധികം യാത്രക്കാ൪ ഇത് വഴി കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ ഓയിൽ കോ൪പറേഷന് പണം നൽകാതിരുന്നതാണ് ഡീസൽ എത്താതിരുന്നതിന് കാരണം.
ബാങ്ക് അവധിയായതിനാലാണ് ഐ.ഒ.സിക്ക് പണം നൽകാനാവാതിരുന്നതെന്നാണ് കെ.എസ്.ആ൪.ടി.സിയുടെ വിശദീകരണം. എന്നാൽ, സംസ്ഥാനത്തെ മിക്ക ഡിപ്പോകളിലും ഷെഡ്യൂളുകൾ റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.