തൊഴിലാളികള്‍ക്ക് ആശ്വാസമായി 15 മുതല്‍ മധ്യാഹ്ന വിശ്രമം

ദോഹ: വേനൽ കടുത്തതോടെ തൊഴിലാളികൾക്ക് ആശ്വാസമായി രാജ്യത്ത് ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചു. കനത്ത വേനലിൽ പുറം ജോലികളിൽ ഏ൪പ്പെടുന്ന തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ആഗസ്റ്റ് 31 വരെ മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നാണ് നിയമം. രണ്ടര മാസക്കാലം ഉച്ച 11.30 മുതൽ മൂന്ന് വരെയാണ് ഇത്തരം തൊഴിലാളികൾക്ക് വിശ്രമ സമയം ലഭിക്കുക. കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി തൊഴിൽ മന്ത്രാലയം ഈ നിയന്ത്രണം ഏ൪പ്പെടുത്തുന്നുണ്ട്.
ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമം നൽകാത്ത തൊഴിലുടമക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾ മന്ത്രിയുടെ ഉത്തരവുപ്രകാരം ഒരു മാസം പൂട്ടിയിടാൻ വ്യവസ്ഥയുണ്ട്. ഈ കാലയളവിൽ തൊഴിലാളികളുടെ ജോലി സമയക്രമം തൊഴിൽ സ്ഥലത്ത് പ്രദ൪ശിപ്പിക്കണം. തൊഴിലാളികൾക്കും തൊഴിൽ പരിശോധക൪ക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലാണ് ഡ്യൂട്ടി ഷെഡ്യൂൾ പ്രദ൪ശിപ്പിക്കേണ്ടത്.
ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് ഖത്തറിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഉച്ച സമയങ്ങളിൽ 47 ഡിഗ്രിക്കും മുകളിലായിരുന്നു. ഇത്ര ഉയ൪ന്ന ചൂടിൽ പൊരിവെയിലത്ത് ദീ൪ഘനേരം ജോലിയെടുത്താൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നി൪ജലീകരണം സംഭവിച്ച് തള൪ച്ച അനുഭവപ്പെടാനും സാധ്യത കൂടുതലാണ്. അതികഠിനമായ ചൂടിൽ നി൪ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ തൊഴിലാളികളടക്കമുള്ളവ൪ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.