ആഗോള സമാധാന സൂചിക: ‘മിന’ മേഖലയില്‍ ഖത്തര്‍ ഒന്നാമത്

ദോഹ: മിഡിലീസ്റ്റ്, നോ൪ത്ത് അമേരിക്കൻ (മിന) മേഖലയിൽ ഏറ്റവും സമാധാനം പുലരുന്ന രാജ്യങ്ങളിൽ ഖത്ത൪ ഒന്നാമത്. ആസ്ത്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (ഐ.ഇ.പി) പ്രസിദ്ധീകരിച്ച ഗ്ളോബൽ പീസ് ഇൻഡക്സി (ജി.പി.ഐ)ലാണ് മേഖലയിൽ ഖത്ത൪ മുൻപന്തിയിലെത്തിയിരിക്കുന്നത്. ഇന്നലെ ലണ്ടനിലാണ് ആഗോള സമാധാന സൂചിക പ്രസിദ്ധീകരിച്ചത്.
അറബ് രാജ്യങ്ങളിൽ ഒന്നാമതെത്തിയ ഖത്ത൪ ലോക രാജ്യങ്ങളുടെ പട്ടികയിലും ഏറെ മുന്നിലാണ്. സ്വീഡൻ, ജ൪മനി, മലേഷ്യ, സിങ്കപൂ൪, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ഏറെ പിന്നിലാക്കി ആഗോള തലത്തിൽ ഖത്ത൪ 12ാം സ്ഥാനം കരസ്ഥമാക്കി. മൊത്തം 158 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വ൪ഷം 153 രാജ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. 1.395 ആണ് ഖത്തറിൻെറ സ്കോ൪. തൊട്ടടുത്ത അറബ് രാജ്യത്തേക്കാൾ 34 സ്ഥാനം മുകളിലാണിത്.  2009ൽ 16ാം സ്ഥാനത്തായിരുന്ന ഖത്ത൪ ഈ വ൪ഷം നില മെച്ചപ്പെടുത്തുകയായിരുന്നു. ആഗോള സമാധാന സ൪വെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന് പ്രമുഖ സ്ഥാനമാണുള്ളത്.
സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ തോത്, ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിൻെറയും എണ്ണം, കൊലപാതകങ്ങൾ, ചെറുകിട ആയുധങ്ങളും മറ്റും രാജ്യത്തെത്തിക്കാനുള്ള സൗകര്യം, സംഘടിത കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ അസ്ഥിരത തുടങ്ങി 23ലേറെ കാര്യങ്ങൾ പരിഗണിച്ച ശേഷമാണ് ഗ്ളോബൽ പീസ് ഇൻഡക്സ് തയാറാക്കുന്നത്. ഇവ പരിഗണിച്ച ശേഷം ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്കോ൪ കണക്കാക്കി പട്ടിക പ്രസിദ്ധീകരിക്കും. സമാധാന, സുരക്ഷാ രംഗത്ത് മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് ഒന്നും മറ്റുള്ളവക്ക് അഞ്ച് വരെയുമുള്ള സ്കോറുകളാണ് നൽകുക. സംഘടിത കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, ആയുധക്കടത്ത്, സാമൂഹത്തിലെ കുറ്റവാസന, ആക്രമ സമരങ്ങൾ തുടങ്ങിയ രംഗങ്ങളിലെല്ലാം ഖത്തറിന് ഒന്നാം സ്കോ൪ ലഭിച്ചതായി ഐ.ഇ.പി വൃത്തങ്ങൾ അറിയിച്ചു.
യഥാക്രമം ഐസ്ലാൻറും ഡെൻമാ൪ക്കും ന്യൂസിലൻഡുമാണ് ജി.പി.ഐയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.