കോഴിക്കോട്: ഒരു വ൪ഷത്തെ ഇടവേളക്കുശേഷം ജില്ലയിൽ എച്ച് 1 എൻ 1 പനി പടരുന്നു. ശനിയാഴ്ച രോഗം സ്ഥീരീകരിച്ച രണ്ടുപേരടക്കം ജില്ലയിൽ മാത്രം 44 കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മെഡിക്കൽ കോളജിൽ ചികിത്സതേടിയ മറ്റ് ജില്ലയിൽ നിന്നുള്ളവരുടെ എണ്ണം കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം 50 ആയി.
വെള്ളിയാഴ്ച സ്രവം പരിശോധനക്കയച്ച 11 പേരിൽ ശനിയാഴ്ച രണ്ടുപേരുടെ രോഗം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമായി പനിക്കായി ചികിത്സ തേടിയവരാണിവ൪.
2011ൽ ജില്ലയിൽ 12 പേ൪ക്ക് മാത്രമാണ് എച്ച് 1 എൻ 1 രോഗം പിടിപെട്ടത്. എന്നാൽ, 2010ൽ രോഗബാധിത൪ 181 ആയിരുന്നു. ഈ വ൪ഷം സംസ്ഥാനത്തുതന്നെ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇതേനില തുടരുന്നപക്ഷം കൂടുതൽ പേരിലേക്ക് അസുഖം പടരുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.
രോഗ ലക്ഷണമുള്ളവരുടെ തൊണ്ടയിലെ സ്രവം പരിശോധനക്കെടുക്കുന്നതിന് മെഡിക്കൽ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും സംവിധാനമൊരുക്കിയിട്ടുണ്ട്.
പനിയും ജലദോഷവുമുൾപ്പെടെ രോഗലക്ഷണമുള്ളവ൪ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണമെന്നും സ൪ക്കാ൪ ആശുപത്രികളിൽ എച്ച് 1 എൻ 1 രോഗികൾക്കുള്ള മരുന്ന് സൗജന്യമായി ലഭിക്കുമെന്നും അഡീ. ഡി.എം.ഒ ഡോ. എം.കെ. അപ്പുണ്ണി അറിയിച്ചു.
അതേസമയം, ജില്ലയിൽ പനിബാധിതരുടെ എണ്ണം ഇത്തവണ ശരാശരിയിലും താഴെയാണ്. ജൂൺ മാസത്തിൽ ഇതുവരെ 1,839 പനി കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്. കഴിഞ്ഞവ൪ഷം ജൂണിൽ മാത്രം ഏതാണ്ട് 16,000ത്തോളം പനി കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.