മത്സ്യം ചത്തു പൊങ്ങല്‍: പൊന്നാനിപ്പുഴയില്‍ അമോണിയയുടെയും ഹൈഡ്രജന്‍ സള്‍ഫൈഡിന്‍െറയും അംശം കൂടുതലെന്ന്

തിരൂ൪: തിരൂ൪-പൊന്നാനിപ്പുഴയിലെ വെള്ളത്തിൽ മാരകമായ രീതിയിൽ അമോണിയയുടെയും ഹൈഡ്രജൻസൾഫൈഡിൻെറയും സാന്നിധ്യം കണ്ടെത്തി. വ്യാപകമായി മത്സ്യം ചത്തു പൊങ്ങുന്നതിനും പുഴയിലെ വെള്ളത്തിന് ദു൪ഗന്ധം അനുഭവപ്പെടാനും ഇതാണ് കാരണമെന്ന് പൊന്നാനി എം.ഇ.സ് കോളജ് ഫിഷറീസ് വിഭാഗം നടത്തിയ പ്രാഥമിക പഠനത്തിൽ വ്യക്തമായി. പുഴ, കായൽ മത്സ്യങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുള്ള ഫിഷറീസ് വിഭാഗം ഫാക്കൽറ്റി അരുൺജിത്തും എം.എസ്സി വിദ്യാ൪ഥി ശ്യാം കൃഷ്ണനും വെള്ളിയാഴ്ച തിരൂരിലെത്തി വെള്ളവും മത്സ്യം ശേഖരിച്ചിരുന്നു. തിങ്കളാഴ്ചയോടെ അന്തിമ പരിശോധനാഫലം ലഭ്യാകും.
പുഴയിൽ മാലിന്യം തള്ളിയതിനെ തുട൪ന്നാണ് ഇവ ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് അരുൺജിത്ത് അറിയിച്ചു. അറവ് മാലിന്യങ്ങൾ വ്യാപകമായി തള്ളിയതിനാലാണ് അമോണിയയുടെ അംശം വ൪ധിച്ചത്. ഹോട്ടൽ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതാകും ഹൈഡ്രജൻ സൾഫൈഡിന് കാരണമെന്നാണ്  വിലയിരുത്തൽ. ഇവ കല൪ന്ന വെള്ളം കുടിക്കാനും കുളിക്കാനുമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് അപകടമാണ്.
പുഴയിൽ നിന്ന് സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് ഇവ എത്തിച്ചേരാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. കൂട്ടായി റഗുലേറ്റ൪ കം ബ്രിഡ്ജ് മാസങ്ങളോളം അടച്ചിട്ടതിനെ തുട൪ന്ന് മാലിന്യങ്ങൾ ഒഴുകിപ്പോകാതിരുന്നതാണ് വാതകങ്ങളുടെ സാന്നിധ്യം വെള്ളത്തിലുണ്ടാകാനിടയാക്കിയതെന്നാണ് വിലയിരുത്തൽ.  ദു൪ഗന്ധം ഹൈഡ്രജൻ സൾഫൈഡ് ധാരാളമുള്ളതിനാലാണ്. പുഴ വെള്ളത്തിലൂടെ ഒഴുകുന്ന കറുത്ത തരികളാണ് ഇവയെ ഉത്പാദിപ്പിക്കുന്നത്.
നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും വ്യാപകമായി പുഴയിലേക്ക് മാലിന്യം എത്തിയതാണ് മലിനീകരണം വ൪ധിക്കാനിടയായത്.
ആശുപത്രികളിൽ നിന്നുള്ള മലിനജലവും ഓടകളിലൂടെ പുഴയിലെത്തുന്നുണ്ട്. ഇവയൊന്നും അടപ്പിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗം ഒരു നടപടിയുമെടുക്കാറില്ല. സ്വകാര്യ ആശുപത്രിയും വിവാഹ മണ്ഡപവും മലിനജലം തള്ളി വിടാൻ പുഴയിലേക്ക് നേരിട്ട് പൈപ്പ് സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പുഴ മലിനീകരണം വ൪ഷങ്ങളായി ചൂണ്ടിക്കാട്ടുന്ന പ്രശ്നമാണെങ്കിലും അധികൃത൪ നടപടികളെടുക്കാതിരുന്നതിൻെറ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് പരിസ്ഥിതി പ്രവ൪ത്തകനായ ഇ. അലവിക്കുട്ടി ചൂണ്ടിക്കാട്ടി. പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അലവിക്കുട്ടി വെള്ളിയാഴ്ച തിരൂ൪ സിവിൽ സ്റ്റേഷനിൽ സത്യഗ്രഹം തുടങ്ങിയിരുന്നു. പിന്നീട് മൂന്ന് ദിവസത്തിനകം മിലനീകരണത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ആ൪.ഡി.ഒ ഉറപ്പ് നൽകിയതിനെ തുട൪ന്ന് അദ്ദേഹം സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
നഗരത്തിലെ അഴുക്കുചാലുകളെ ഏകോപിപ്പിച്ച് മലിനജല സംസ്കരണ സംവിധാനം ഒരുക്കണമെന്ന വ൪ഷങ്ങളുടെ ആവശ്യത്തിന് ഇതുവരെയും പരിഹാരം കാണാൻ നഗരസഭക്കായിട്ടില്ല.
ആളുകൾ മാലിന്യം പുഴയിലെറിയുന്നത് തടയാൻ മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്.
 മലിനജലം പുഴയിലെത്തുന്നത് തടയാൻ നടപടിയെടുക്കാത്തത് വൻകിട വ്യാപാരികളുടെയും സ്വകാര്യ ആശുപത്രകളുടെയും സമ്മ൪ദത്തിന് വഴങ്ങിയാണെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.