കാലാവസ്ഥാ വ്യതിയാനം: ലോക രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമം നടത്തും -ഖത്തര്‍

ദോഹ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിടാനും ഇതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുമായി ലോക രാഷ്ങ്ങ്രളെ ഒന്നിപ്പിക്കാൻ ഖത്ത൪ ശ്രമം നടത്തുമെന്ന് അധികൃത൪ വ്യക്തമാക്കി. ഈ രംഗത്ത് വിവിധ വ്യാവസായിക രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരം കാണാൻ അവരെ ഒരു മേശക്ക് ചുറ്റും കൊണ്ടുവരാനാണ് ശ്രമം നടത്തുകയെന്ന് യു.എൻ കാലാവസ്ഥാ വ്യതിയാന ഫ്രെയിംവ൪ക് കൺവെൻഷനി (യു.എൻ.എഫ്.സി.സി.സി)ൻെറ കോൺഫറൻസ് ഓഫ് പാ൪ട്ടീസ് പ്രസിഡൻറ് അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ വ്യക്തമാക്കി.
ഈ വ൪ഷത്തെ യു.എൻ.എഫ്.സി.സി കോൺഫറൻസിന് ദോഹ ആതിഥ്യം വഹിക്കുന്നതിൻെറ ഔചാരിക കരാ൪ ഒപ്പിടൽ ചടങ്ങിൻെറ ഭാഗമായി ഖത്ത൪ ന്യൂസ് ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബ൪ 26 മുതൽ ഡിസംബ൪ ഏഴ് വരെയാണ് ദോഹയിൽ യു.എൻ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സമ്മേളനം നടക്കുക.
നിലവിലെ അഭിപ്രായ ഭിന്നതകൾ വിലയിരുത്തുമ്പോൾ, ലോക രാഷ്ട്രങ്ങളെ ഒന്നിപ്പിക്കൽ എളുപ്പമാകില്ലെന്ന് നല്ല ബോധ്യമുണ്ട്. എന്നാൽ യു.എൻ.എഫ്.സി.സി.സിയുടെ കോൺഫറൻസ് ഓഫ് പാ൪ട്ടീസ് പ്രസിഡൻറ് എന്ന നിലയിൽ ഇക്കാര്യത്തിൽ പരമാവധി ശ്രമം നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കൺട്രോൾ ആൻറ് ട്രാൻസ്പരൻസി ചെയ൪മാൻ കൂടിയായ അൽ അതിയ്യ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാ൪ബൺ വിഗിരണം നിയന്ത്രിക്കുന്നതിനുള്ള ക്യോട്ടോ ഉടമ്പടിയിൽ കാനഡയും ജപ്പാനും നേരത്തെ ഉണ്ടായിരുന്നെങ്കിലും നിലവിൽ അംഗങ്ങളല്ല. അമേരിക്ക ഒരിക്കലും ഇതിൽ അംഗമായിട്ടുമില്ല. എന്നാൽ ഈ വ൪ഷം അവസാനിക്കുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി അഞ്ച് മുതൽ എട്ട് വരെ വ൪ഷത്തേക്ക് നീട്ടുന്നതിനുള്ള ച൪ച്ചകൾ നടന്നുവരികയാണെന്നും അതിയ്യ വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കുന്നതിന് കാനഡയെയും ജപ്പാനെയും മാത്രമല്ല, അമേരിക്കയെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും ച൪ച്ചക്ക് പ്രോൽസാഹിപ്പിക്കും. ഇക്കാര്യത്തിൽ തികഞ്ഞ ശുഭാപ്തി വിശ്വാസമാണുള്ളത്.
പരസ്പര ച൪ച്ചയിലൂടെയല്ലാതെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതുകൊണ്ട് മുഴുവൻ രാജ്യങ്ങളുടെ പ്രതിനിധികളെയും ഒരു മേശക്ക് ചുറ്റും കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ സമ്മേളന നടത്തിപ്പ് സംബന്ധിച്ച കരാറിൽ യു.എൻ.എഫ്.സി.സി.സി മേധാവി ക്രിസ്റ്റീന ഫിഗറെസും അൽ അതിയ്യയും ഒപ്പുവെച്ചു. സമ്മേളനത്തിന് ഒരു ജി.സി.സി രാജ്യം ആതിഥ്യം വഹിക്കുന്നതിൽ ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മേളനം നടക്കുന്ന ആദ്യ എണ്ണ ഉൽപാദക രാജ്യവും രണ്ടാമത്തെ അറബ് രാജ്യവുമാണ് ഖത്ത൪.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് തൊട്ടുമുമ്പ് നടന്ന ഉച്ചകോടികൾ പരാജയമായ സാഹചര്യത്തിൽ ഖത്ത൪ സമ്മേളനത്തിന് വലിയ പ്രാധാന്യമാണ് നിരീക്ഷക൪ കൽപിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലെ ഡ൪ബനിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്ക് പിന്നാലെ മേയ് അവസാന വാരം ജ൪മനിയിലെ ബോണിൽ നടന്ന ഉച്ചകോടിയും കാര്യമായ തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞിരുന്നു.
ലോകത്തെ 28 വ്യാവസായിക രാജ്യങ്ങൾ പുറന്തള്ളുന്ന കാ൪ബൺ മാലിന്യങ്ങൾക്ക് നിയന്ത്രണമേ൪പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി ഈ വ൪ഷം അവസാനിക്കുന്ന സാഹചര്യത്തിൽ ഈ സമ്മേളനങ്ങൾക്ക് പ്രസക്തിയേറുകയാണ്. വൻ രാഷ്ട്രങ്ങളുടെ കടുത്ത നിലപാടാണ് പുതിയ കരാറിനെക്കുറിച്ച് തീരുമാനമാകാതെ ഉച്ചകോടികൾ പിരിയാൻ കാരണമായത്.
2015 ഓടെ പുതിയ കരാറിൻെറ കരട് തയാറാക്കുകയും തുട൪ന്ന് അഞ്ച് വ൪ഷത്തിനുള്ളിൽ നടപ്പാക്കണമെന്നുമായിരുന്നു ഡ൪ബനിലെ ധാരണ. എന്നാൽ ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ ഇത് മനഃപൂ൪വം വൈകിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തിയത്. അതേസമയം, 2012ഓടെ തന്നെ പുതിയ നിയമം കൊണ്ടുവരണമെന്ന നിലപാടിലാണ് യൂറോപ്യൻ യൂനിയൻ അംഗ രാജ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.