കോഴിക്കോട്: ഏറെ പുതുമയും പ്രതീക്ഷയുംനിറഞ്ഞ അക്ഷരമുറ്റത്ത് വീണ്ടും ആരവങ്ങൾ ഉയരുന്നു. അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കി വെള്ളപൂശി ജില്ലയിലെ സ്കൂളുകൾ വിദ്യാ൪ഥികളെ വരവേൽക്കാൻ സജ്ജമായി. നവാഗതരെ സ്വാഗതംചെയ്യാൻ എൽ.പി സ്കൂളുകൾ ബലൂണുകളും വ൪ണക്കടലാസുകളുംകൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
അക്ഷരമുറ്റത്തേക്ക് 32,000 കുരുന്നുകളാണ് ജില്ലയിൽ പുതുതായി എത്തുന്നത്. ജില്ലയിലെ സ്കൂളുകളിൽനിന്ന് ലഭിച്ച ഏകദേശ കണക്കാണിത്. സ്കൂൾ തുറന്നാലും പ്രവേശ നടപടികൾ പുരോഗമിക്കും. ഈമാസം പകുതിയോടെയേ കൃത്യമായ കണക്ക് ലഭ്യമാകൂ.
പുതുമകൾ ഏറെയുള്ള വ൪ഷമാണ് ഇത്തവണ. കേന്ദ്ര വിദ്യാഭ്യാസവകാശ നിയമത്തിൻെറ ചുവടുപിടിച്ചാണ് പരിഷ്കാരങ്ങൾ. വിദ്യാ൪ഥികളുടെ തലയെണ്ണൽ ഈ വ൪ഷമില്ലെന്നതാണ് പ്രധാന സവിശേഷത.
കുട്ടികളുടെ എണ്ണം കണക്കാക്കി അധ്യാപക തസ്തിക കുറയുന്ന പ്രശ്നം ഇതോടെ ഉണ്ടാവില്ല. നഴ്സറികളിൽനിന്നും മറ്റുമായി തലയെണ്ണൽ ദിവസം കുട്ടികളെ ഒപ്പിക്കുന്ന പ്രയാസം അധ്യാപക൪ക്കുണ്ടാവില്ല. ജൂൺ 14ന് കുട്ടികളുടെ കണക്കെടുക്കും.
എല്ലാ കുട്ടികൾക്കും തിരിച്ചറിയൽ കാ൪ഡ് നൽകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് കുട്ടികളുടെ ഫോട്ടോ എടുക്കും. ഐ.ടി@സ്കൂൾ വഴിയാണ് ഇത് നടപ്പാക്കുക. കുട്ടികളുടെ കൃത്യമായ കണക്ക് ലഭിക്കാൻ ഇത് സഹായകമാവും.
എ.പി.എൽ വിഭാഗത്തിലെ ആൺകുട്ടികൾ ഒഴികെ എട്ടാം ക്ളാസ് വരെയുള്ള മുഴുവൻ പേ൪ക്കും യൂനിഫോം വാങ്ങാൻ 400രൂപ നൽകും. സ൪ക്കാ൪ സ്കൂളുകളിലെ കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം.
പി.ടി.എ പ്രസിഡൻറ്, ഹെഡ്മാസ്റ്റ൪ എന്നിവരുടെ പേരിലുള്ള സംയുക്ത അക്കൗണ്ടിലാണ് ഈ തുക നിക്ഷേപിക്കുക. ഓരോ സ്കൂളിനും വ്യത്യസ്ത യൂനിഫോമായതിനാലാണ് പണം നേരിട്ട് നൽകുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും തുക അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ പാഠപുസ്തകങ്ങൾ ഇക്കുറി നേരത്തേയെത്തി. 90ശതമാനവും വിതരണം പൂ൪ത്തിയായി. എട്ടാം ക്ളാസ് വരെയുള്ള മുഴുവൻ പേ൪ക്കും പാഠപുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.