കുറ്റവാളികളെ കുടുക്കാന്‍ നഗരത്തില്‍ രഹസ്യ കാമറ

കാസ൪കോട്: ജില്ലയിൽ വ൪ഗീയ സംഘ൪ഷങ്ങളിലെ കുറ്റവാളികൾക്കെതിരെ പൊലീസ് നടപടി ക൪ശനമാക്കുന്നു. സമാധാനഭംഗം വരുത്തുന്ന ഏത് പ്രവണതയും ക൪ശനമായി നേരിടുമെന്ന ജില്ലാ പൊലീസ് ചീഫ് എസ്. സുരേന്ദ്രൻെറ പ്രഖ്യാപനത്തിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന ജില്ലാതല സമാധാന കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു.
കുഴപ്പമുണ്ടാക്കുന്നവരെ തിരിച്ചറിയാൻ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പൊലീസ് രഹസ്യ കാമറകൾ സ്ഥാപിച്ചു. സി. സി കാമറകൾ പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാണ് പ്രവ൪ത്തിക്കുന്നത്. പുതിയ ബസ്സ്റ്റാൻഡിലും പരിസരത്തും മറ്റ് പല ഭാഗങ്ങളിലും കാമറകൾ  സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് നടപടി ശക്തമാക്കിയതോടെ ആക്രമണങ്ങളും സംഘ൪ഷങ്ങളും കുറച്ചുകൊണ്ടുവരാൻ സാധിച്ചതായി ജില്ലാ പൊലീസ് ചീഫ് വ്യക്തമാക്കി.
രാഷ്ട്രീയപാ൪ട്ടികളും സംഘടനകളും റോഡരികിലും സ൪ക്കിളുകളിലും വൈദ്യുതി തൂണുകളിലും കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരിപാടികൾ കഴിഞ്ഞിട്ടും പോസ്റ്ററുകളും ബാനറുകളും തോരണങ്ങളും ബന്ധപ്പെട്ടവ൪ മാറ്റിയില്ലെങ്കിൽ പൊലീസ് അവ നീക്കം ചെയ്യും. ഇതിന് വേണ്ട ചെലവ് ബാന൪ സ്ഥാപിച്ചവരിൽനിന്ന് ഈടാക്കും. ബസ് വെയിറ്റിങ് ഷെഡുകൾ  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപിക്കാനും യോഗം തീരുമാനിച്ചു.
ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയിൽ മോട്ടോ൪ സൈക്കിൾ റാലി നടത്തുന്നവ൪ക്കെതിരെ ക൪ശന നടപടി ഉണ്ടാവും. സദാചാര പൊലീസിൻെറ പേരിൽ അക്രമം നടത്തുന്നവ൪ക്കെതിരെയും പൊലീസ് ശക്തമായ നടപടി കൈക്കൊള്ളും. ഒരു മതവിഭാഗം മാത്രമുള്ള സംഘടനകൾ രൂപവത്കരിക്കുന്നതിൽനിന്നും ആളുകൾ പിന്മാറണമെന്നും സമൂഹത്തിൻെറ കൂട്ടായ നന്മ പരിഗണിച്ച് എല്ലാ വിഭാഗക്കാരും ഒരുമിച്ചുള്ള പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടണമെന്നും യോഗം നി൪ദേശിച്ചു.
സമാധാന സന്ദേശം താഴെത്തട്ടിൽ എത്തിക്കുന്നതിന് പൊലീസ് സ്റ്റേഷൻ, പൊലീസ് സ൪ക്കിൾ സ്റ്റേഷൻ പരിധിയിൽ പ്രത്യേകം യോഗം വിളിക്കും. മതമൈത്രി സന്ദേശം വിദ്യാ൪ഥികളിൽ എത്തിക്കാൻ കാസ൪കോട്ട് പുതിയ പ്രോജക്ട് നടപ്പാക്കും. പദ്ധതിയനുസരിച്ച് ഹൈസ്കൂൾ തലത്തിലുള്ള വിദ്യാ൪ഥികൾക്ക് മതസൗഹാ൪ദ ബോധവത്കരണം നടത്തും.
യോഗത്തിൽ ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ (ഉദുമ), ഇ. ചന്ദ്രശേഖരൻ, കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂ൪), വിവിധ രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.