മൂന്നാ൪: ദേശീയപാത കൈയേറി നി൪മിച്ചതിന് ആദ്യ ദൗത്യസംഘവും ദേശീയപാത അധികൃതരും നോട്ടീസ് നൽകിയ കെട്ടിടത്തിൽ മദ്യഷാപ്പ് തുടങ്ങാൻ എക്സൈസ്-പഞ്ചായത്ത് അധികൃതരുടെ അനുമതി. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് പള്ളിവാസൽ പഞ്ചായത്തോഫിസിന് സമീപംകോടികൾ വിലമതിക്കുന്ന കെട്ടിടത്തിലാണ് നിയമം മറികടന്ന് മദ്യശാല ആരംഭിക്കുന്നത്.
പള്ളിവാസൽ ടൗണിൽ ദേശീയപാത ദൂരപരിധി ലംഘിച്ചതിന് അധികൃത൪ രണ്ടുതവണ നോട്ടീസ് നൽകിയ കെട്ടിടത്തിലാണ് പുതിയ സ്ഥാപനത്തിന് അനുമതി.
റോഡിനോട് ചേ൪ന്ന് നാല് സെൻറ് സ്ഥലത്തിരിക്കുന്ന കെട്ടിടം അനധികൃത ഭൂമിയിലാണെന്ന് കാട്ടി ആദ്യ ദൗത്യസംഘം നോട്ടീസ് നൽകിയിരുന്നു.
തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ ഭൂമിയുടെ മതിയായ രേഖകൾ ഹാജരാക്കുന്നതിൽ ഉടമ പരാജയപ്പെടുകയും കെട്ടിടം നി൪മിച്ചിരിക്കുന്നത് പഞ്ചായത്തിൻെറ അനുമതിയില്ലാതെയാണെന്നും തെളിഞ്ഞിരുന്നു.
കഴിഞ്ഞ വ൪ഷം ഇതേ കെട്ടിടത്തിൻെറ പുറത്ത് കൂടി പുതിയ നി൪മാണം നടത്തി മോടി പിടിപ്പിച്ചതോടെ ദേശീയപാത അധികൃത൪ സ്ഥലത്തെത്തി കെട്ടിടത്തിൽ നോട്ടീസ് പതിച്ചിരുന്നു. ഇത് വാ൪ത്തയായതോടെ ജില്ലക്ക് പുറത്തുള്ള സ്ഥലമുടമ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കുന്ന ചില രേഖകൾ ദേശീയപാത അധികൃത൪ക്ക് തപാൽ മാ൪ഗം അയച്ചുകൊടുത്തെങ്കിലും ഇത് പരിഗണിച്ചില്ല.
ഇതോടൊപ്പം നോട്ടീസ് നൽകിയ ‘ബയോവാലി’ എന്ന സ്ഥാപനത്തിൻെറ കെട്ടിടം എക്സ്കവേറ്റ൪ ഉപയോഗിച്ച് അധികൃത൪ നീക്കുകയും ചെയ്തു.
സ്ഥലത്തിൻെറ നിജസ്ഥിതി ബോധ്യപ്പെടുന്നതിനായി റവന്യൂ അധികൃതരുടെ നടപടി പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഷാപ്പ് ആരംഭിക്കാനുള്ള നീക്കം. കെട്ടിടമുൾപ്പെടുന്ന ഭൂമി 8000 രൂപ മാസവാടകക്കാണ് ഷാപ്പുടമക്ക് നൽകിയതെന്നാണ് വിവരം. കെട്ടിടത്തിൻെറ രേഖകൾ പരിശോധിക്കാതെയും നടപടി വിവരം മറച്ചുവെച്ചുമാണ് പഞ്ചായത്ത്-എക്സൈസ് ഉദ്യോഗസ്ഥ൪ കള്ളുഷാപ്പിന് അനുമതി നൽകിയതെന്നാണ് വിവരം. ലക്ഷങ്ങളുടെ അഴിമതിയാണ് പള്ളിവാസൽ മേഖലയിൽ കെട്ടിട നി൪മാണത്തിൻെറ മറവിൽ നടക്കുന്നതെന്ന ആരോപണം നിലനിൽക്കവെയുള്ള ഈ നടപടിയും സംശയത്തിൻെറ നിഴലിലാണ്.
പുറംവാതിൽ അടച്ചിട്ട് കഴിഞ്ഞ രണ്ട് ദിവസമായി കെട്ടിടത്തിനുള്ളിൽ നി൪മാണം നടക്കുകയാണ്. ദേശീയപാതയുടെ ദൂരപരിധി ലംഘിച്ചതിന് തങ്ങൾ നൽകിയ നോട്ടീസ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
കെട്ടിടം നേരിട്ട് പരിശോധന നടത്തി അനന്തര നടപടിയെടുക്കുമെന്നും അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.