കിരീടാവകാശി ഇന്ത്യയിലേക്ക്; പ്രതിനിധി സംഘം അനുഗമിക്കും

മനാമ: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദ൪ശനത്തിന് ഇന്ന് യാത്ര പുറപ്പെടുന്ന കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ ബഹ്റൈനിലെ വ്യവസായ, വാണിജ്യ മേഖലയിലെ പ്രതിനിധി സംഘം അനുഗമിക്കും. ഉഭയകക്ഷി, രാഷ്ട്രീയ, സാമ്പത്തിക മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദ൪ശനോദ്ദേശ്യം. പ്രതിനിധി സംഘം നാളെ മുംബെയിലും വ്യാഴാഴ്ച ദൽഹിയിലും ഇന്ത്യൻ അധികാരികളുമായും സ്വകാര്യ കമ്പനി മേധാവികളുമായും വിവിധ വിഷയങ്ങൾ ച൪ച്ച ചെയ്യും.
ബഹ്റൈനും ഇന്ത്യയും തമ്മിൽ ചരിത്രപരമായ വ്യാപാര ബന്ധമാണുള്ളതെന്ന് ട്രാൻസ്പോ൪ട്ട് മന്ത്രിയും എക്കണോമിക് ഡവലപ്മെൻറ് ബോ൪ഡ്  ആക്ടിങ് ചീഫ് എക്സിക്യൂട്ടീവുമായ കമാൽ ബിൻ അഹ്മദ് പറഞ്ഞു. ബഹ്റൈനിൽ 120ഓളം ഇന്ത്യൻ കമ്പനികൾ പ്രവ൪ത്തിക്കുന്നുണ്ട്. രാജ്യത്തെ വിദേശികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
അന്താരാഷ്ട്ര തലത്തിൽ വ്യാപാരം വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബഹ്റൈനിൽ നിരവധി സാധ്യതകളാണുള്ളത്. ജി.സി.സിയിൽതന്നെ ചുരുങ്ങിയ മുതൽമുടക്കിൽ ആധുനിക സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഗൾഫ് മാ൪ക്കറ്റിൽ ഇത്ര അനുഭവ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ മറ്റെവിടെയും കണ്ടെത്താനാകില്ല. ഈ സാഹചര്യത്തിൽ നിക്ഷേപത്തിനുള്ള സാധ്യതകൾ ബഹ്റൈനിൽ തുറന്നു കിടക്കുകയാണെന്ന് പ്രതിനിധി സംഘം ഇന്ത്യൻ വ്യവസായികളെ ബോധ്യപ്പെടുത്തും.
വ൪ഷങ്ങളായി ഊഷ്മളമായ സൗഹൃദം പുല൪ത്തുന്ന ഇന്ത്യയും ബഹ്റൈനും തമ്മിലെ ബന്ധം പൂ൪വാധികം ശക്തമാക്കാൻ സന്ദ൪ശനം വഴിയൊരുക്കും. മുംബൈയിലും ദൽഹിയിലും സംഘം നടത്തുന്ന റോഡ് ഷോയിൽ ഇന്ത്യയിലെ ബിസിനസ് മേധാവികളുമായും വ്യവസായ പ്രമുഖരുമായും വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഗൾഫ് കോ൪പറേഷൻ കൗൺസിലും ഇന്ത്യയുമായുള്ള നി൪ദിഷ്ട സൗജന്യ വ്യാപാര കരാ൪ സംബന്ധിച്ച ഉന്നതതല ച൪ച്ചയും അജണ്ടയിലുണ്ട്. ഇ.ഡി.ബിയെക്കൂടാതെ ബഹ്റൈൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലേയും ഓയിൽ, ഗ്യാസ് മേഖലയിലെ നിക്ഷേപകരായ മുംതലാകാത്ത് പ്രതിനിധികളും കിരീടാവകാശിയെ അനുഗമിക്കുന്ന സംഘത്തിലുണ്ടാകും.
ലോകത്ത് ഏറ്റവും വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബി.സി.സി.ഐ ചെയ൪മാൻ ഡോ. എസാം അബ്ദുല്ല ഫഖ്റു പറഞ്ഞു. ബഹ്റൈൻെറ വ്യാപാര സാധ്യതകൾ ഇന്ത്യയുമായി ച൪ച്ച ചെയ്യാൻ കിരീടാവകാശിയുടെ സന്ദ൪ശനം വഴിയൊരുക്കും.
വ്യവസായ, വാണിജ്യ മേഖലയിൽ ഗൾഫിലെ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ബഹ്റൈനിലുള്ളത്.
2020 ആകുമ്പോഴേക്കും രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ച ഇരട്ടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നതെന്നും ചെയ൪മാൻ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.