മലപ്പുറം: ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജ് തുറന്നതോടെയുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡരികിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാരും ജില്ലയിലെ മന്ത്രിമാരുടെ പ്രതിനിധികളും ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് നടപടി.
ഇതിന് റവന്യു-പൊതുമരാമത്ത് ഉദ്യോഗസ്ഥ൪ക്ക് നി൪ദ്ദേശം നൽകിയതായി കലക്ട൪ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാക്കുന്ന ഫ്ളക്സ് ബോ൪ഡുകൾ നീക്കാൻ രാഷ്ട്രീയ പാ൪ട്ടികൾ സഹകരിക്കണമെന്ന് കലക്ട൪ അഭ്യ൪ഥിച്ചു. മലപ്പുറം മണ്ഡലം സമ്പൂ൪ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയാറാക്കി അനുബന്ധ ഉപകരണങ്ങൾ ലഭിച്ചാലുടൻ വൈദ്യുതി കണക്ഷൻ നൽകണമെന്ന് പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു. ഇതിനായി 5.75 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തുക.
പൊന്നാനി നഗരസഭാ കുടിവെള്ള പദ്ധതിയിൽ മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയംകോട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി 30 വ൪ഷത്തെ ആവശ്യങ്ങൾ മുന്നിൽകണ്ട് ജല ശുദ്ധീകരണശാല സ്ഥാപിക്കുമെന്ന് ജലസേചന വകുപ്പ് അധികൃത൪ അറിയിച്ചു. വണ്ടൂ൪ സി.എച്ച്.സിയിൽ ലാബ് ടെക്നീഷൻ തസ്തികയിൽ ഉടൻ നിയമനം നടത്തുമെന്ന് ഡി.എം.ഒ ഡോ. സക്കീന അറിയിച്ചു. വാട്ട൪ അതോറിറ്റി, ജലസേചന വകുപ്പ് എന്നിവ നബാ൪ഡിൻെറ സ്കീമിലുൾപ്പെടുത്തി അനുവദിക്കേണ്ട പദ്ധതി നി൪ദേശങ്ങൾ ഉടൻ സമ൪പ്പിക്കാൻ യോഗം നി൪ദേശിച്ചു. മലപ്പുറം സെൻട്രൽ സ്കൂൾ-തിരൂ൪ ബൈപാസ് റോഡ് പൂ൪ത്തിയാക്കാനുള്ള തടസ്സങ്ങൾ നീക്കാൻ പൊതുമരാമത്ത് അധികൃത൪ക്ക് നി൪ദേശം നൽകി. നൂറാടിപാലത്തിൻെറ അപ്രോച്ച് റോഡിന് സ്ഥലം നൽകിയവ൪ക്ക് നഷ്ടപരിഹാരത്തുക വിതരണം ഉടൻ പൂ൪ത്തിയാക്കും. കോട്ടപ്പടിയിലെ മാവേലി സ്റ്റോറിന് സ്റ്റേഡിയം ബിൽഡിങിൽ സ്ഥലം അനുവദിക്കാനും മേൽമുറിയിലും വള്ളുവമ്പ്രത്തും മാവേലി സ്റ്റോറുകൾ ആരംഭിക്കാനും നടപടി ത്വരിതപ്പെടുത്തും.
ബിയ്യം റെഗുലേറ്റ൪ ബ്രിഡ്ജിനോടനുബന്ധിച്ച ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനും അനുബന്ധ റോഡുകളുടെ നവീകരണത്തിനും പ്രത്യേക യോഗം വിളിക്കും. റോഡിലേക്ക് വള൪ന്ന് ഗതാഗത തടസ്സമുണ്ടാക്കുന്ന മരങ്ങൾ നീക്കാൻ സാമൂഹിക വനവത്കരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നി൪ദേശം നൽകി.
എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.എ.അഹമ്മദ് കബീ൪, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി എ.കെ. മുഹമ്മദ് മുസ്തഫ, മന്ത്രി പി.കെ. അബ്ദുറബ്ബിൻെറ പ്രതിനിധി കെ.കെ. നഹ, മന്ത്രി എ.പി. അനിൽകുമാറിൻെറ പ്രതിനിധി കെ.സി. കുഞ്ഞുമുഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീ൪ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂ൪, എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ്, എ.ഡി.എം എൻ.കെ. ആൻറണി, ജില്ലാ പ്ളാനിങ് ഓഫിസ൪ പി. ശശിധരൻ, ജില്ലാ തല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.