അറബ്-ഇന്ത്യ പങ്കാളിത്ത സമ്മേളനം നാളെ തുടങ്ങും

അബൂദബി: ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലെ വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായുള്ള മൂന്നാമത് പങ്കാളിത്ത സമ്മേളനം നാളെ തുടങ്ങും. രണ്ടു ദിവസത്തെ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
10 അറബ് രാജ്യങ്ങളിലെ മന്ത്രിമാ൪ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറബ് ലീഗ് സാമ്പത്തികകാര്യ വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ തുവൈജിരി അറിയിച്ചു. ഇന്ത്യയിൽനിന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പങ്കെടുക്കും. യു.എ.ഇയിലും സൗദിയിലും ഇന്ത്യൻ അംബാസഡറായിരുന്ന തൽമീസ് അഹമ്മദും എത്തും. സമ്മേളനത്തിൽ വിവിധ സെഷനുകളിലെ ച൪ച്ചകൾക്ക് പുറമെ ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും കമ്പനികൾക്കും വ്യവസായ, നിക്ഷേപക മേഖലയിലുള്ളവ൪ക്കും കൂടിക്കാഴ്ചകൾ, ആശയ കൈമാറ്റം എന്നിവക്ക് അവസരമുണ്ടാകും. സമ്മേളനത്തിൻെറ ഭാഗമായി വിപുലമായ വ്യാവസായിക പ്രദ൪ശനവുമുണ്ടാകും.
നാളെ രാവിലെ ഒമ്പത് മുതൽ 9.45 വരെ രജിസ്ട്രേഷനാണ്. 10 മണിക്ക് ഉദ്ഘാടന സെഷൻ ആരംഭിക്കും. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്ന അൽ കാസിമിയാണ് മുഖ്യ പ്രഭാഷണം നടത്തുക. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, അറബ് ലീഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അഹ്മദ് ബിൻ ഹീലി, അബൂദബി ചേമ്പ൪ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയ൪മാൻ മുഹമ്മദ് അൽ റുമൈതി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് നൈന ലാൽ കിദ്വായി, ഫെഡറേഷൻ ഓഫ് ജി.സി.സി ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് ഖലീൽ അൽ ഖുൻജി തുടങ്ങിയവ൪ സംസാരിക്കും.
രാവിലെ 11 മുതൽ 11.15 വരെയുള്ള ഇടവേളക്ക് ശേഷം 11.15 മുതൽ 12.15 വരെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാ൪ തമ്മിലെ ച൪ച്ചയാണ്. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്ന അൽ കാസിമി, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവ൪ക്ക് പുറമെ സുഡാൻ, ഈജിപ്ത്, സൗദി, ഖത്ത൪, ലബനാൻ, ഇറാഖ്, ലിബിയ, ജിബൂതി, മൗറിത്താനിയ എന്നീ രാജ്യങ്ങളിലെ മന്ത്രിമാ൪ ഇതിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
12.30 മുതൽ രണ്ടു വരെ ഒരേ സമയം രണ്ടു സെഷനുകളുണ്ടാകും. ഒന്നാമത്തെ സെഷൻ ചെറുകിട വ്യവസായ സംരംഭങ്ങളെ കുറിച്ചാണ്. ഇതിൽ ഇന്ത്യയിൽനിന്ന് ഡോ. പി.ടി. അജിത് കുമാ൪ സംസാരിക്കും. ഉന്നത വിദ്യാഭ്യാസം-വൈദഗ്ധ്യ വികസനം എന്ന വിഷയത്തിലുള്ള രണ്ടാമത്തെ സെഷനിൽ ഇന്ത്യയിൽനിന്ന് സമീഉല്ല ബൈഗാണ് സംസാരിക്കുക. ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടു മുതൽ മൂന്നു വരെ രണ്ട് സമാന്തര സെഷനുണ്ടാകും. റെയിൽവേ, തുറമുഖം, റോഡ്, ടെലികോം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ച് വിശദമായ ച൪ച്ചയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.