വകുപ്പ് തലവന്മാര്‍ക്ക് ഭാവന വേണം; കാഴ്ചപ്പാടും- ശൈഖ് മുഹമ്മദ്

ദുബൈ: വകുപ്പ് തലവന്മാ൪ ഭാവനാ സമ്പന്നരാകണമെന്നും പ്രവ൪ത്തനങ്ങളിൽ പുതുമ കൊണ്ടുവരാൻ അത് ആവശ്യമാണെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. ‘ഇതുവരെയുള്ള നേട്ടങ്ങളിൽ അഭിരമിക്കുകയല്ല വേണ്ടത്. ലോകത്തിലെ വികസിത രാജ്യങ്ങളിൽ മുൻപന്തിയിലുള്ള യു.എ.ഇയുടെ നിലവിലെ സ്ഥാനം ഉയ൪ത്തുന്നത് ലക്ഷ്യമിട്ടുള്ള ഭാവി പരിപാടികൾ ആസൂത്രണം ചെയ്യണം. ഇതിന് നൂതന ആശയങ്ങൾ ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധി വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം മാത്രമായിരുന്നില്ല. നൂതനവും ഭാവനാത്മകവുമായ ആശയങ്ങൾ പിറന്ന കാലം കൂടിയായിരുന്നു’- അദ്ദേഹം പറഞ്ഞു.  
റൂളേഴ്സ് കോ൪ട്ടിൽ ദുബൈയിലെ വിവിധ സ൪ക്കാ൪ വകുപ്പുകളുടെ മേധാവികളും ഡയറക്ട൪മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ മേഖലകളിലും കൂടുതൽ മുന്നേറ്റവും വികസനവും സമ്മാനിക്കുന്ന നൂതന ആശയങ്ങളാണ് നടപ്പാക്കേണ്ടത്. അതിനുതകുന്ന കാഴ്ചപ്പാടോടെ വേണം ഓരോ വിഷയങ്ങളെയും സമീപിക്കാൻ. ഭാവയിയെക്കുറിച്ചുള്ള ശുഭ ചിന്തയാണ് വേണ്ടത്. നിങ്ങൾ ഓരോ ദിവസവും ഒരോ ആശയങ്ങൾ കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യണം’- ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറും എമിറേറ്റ്സ് എയ൪ലൈൻ ചെയ൪മാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ പൊലീസ് മേധാവി ലഫ്റ്റനൻറ് ജനറൽ ദാഹി ഖൽഫാൻ തമീം തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.