ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സുപ്രീം കൗണ്‍സിലിന്‍െറ തുറന്ന ചര്‍ച്ച

ദോഹ: ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ഭാഗമായി ആരോഗ്യ സുപ്രീം കൗൺസിൽ (എസ്.സി.എച്ച്), പൊതുജനങ്ങളെയും ആരോഗ്യ രംഗത്തെ പ്രമുഖരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഓപൺ ഫോറം സംഘടിപ്പിക്കുന്നു. മേയ് 30ന് നടക്കുന്ന ഓപൺ ഫോറത്തിൽ പൊതുജനങ്ങൾക്കും ചോദ്യങ്ങളും നി൪ദേശങ്ങളും സമ൪പ്പിക്കാൻ അവസരമുണ്ട്.  ഈ മാസം 23ന് മുമ്പ് nhsevents@sch.gov.qa എന്ന ഇമെയിൽ വിലാസത്തിലാണ് ചോദ്യങ്ങൾ അയക്കേണ്ടത്. ഒരാൾക്ക് പരമാവധി മൂന്ന് ഹ്രസ്വ ചോദ്യങ്ങൾ സമ൪പ്പിക്കാം. ചോദ്യങ്ങൾക്കൊപ്പം പേരും ടൈറ്റിലും എഴുതിയിരിക്കണം. ഈ ചോദ്യങ്ങൾക്ക് പാനൽ ച൪ച്ചയിൽ പങ്കെടുക്കുന്ന വിദഗ്ധ൪ മറുപടി നൽകും. ആരോഗ്യ മന്ത്രിയും ആരോഗ്യ പരമോന്നത സമിതി സെക്രട്ടറി ജനറലുമായ അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖാതമി, ഹമദ് മെഡിക്കൽ കോ൪പറേഷനിലെയും പ്രൈമറി ഹെൽത്ത്കെയ൪ കോ൪പറേഷനിലെയും ഉദ്യോഗസ്ഥ൪ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ദേശീയ ആരോഗ്യ നയം 2011-2016 നടപ്പാക്കി ഒരു വ൪ഷം പൂ൪ത്തിയാകുന്ന സാഹചര്യത്തിൽ ഈ പദ്ധതിയുടെ നേട്ടങ്ങളും പോരായ്മകളും സംബന്ധിച്ച് വിലയിരുത്തുകയാണ് ഓപൺ ഫോറത്തിൻെറ മുഖ്യ ലക്ഷ്യം. കഴിഞ്ഞ ഒരു വ൪ഷത്തിനിടെ ദേശീയ ആരോഗ്യ നയം ഏറെ നേട്ടങ്ങൾ കൈവരിച്ചതായി സുപ്രീം ഹെൽത്ത് കൗൺസിലിലെ പോളിസികാര്യ അസി. സെക്രട്ടറി ജനറൽ ഡോ. ഫാലിഹ് മുഹമ്മദ് ഹുസൈൻ അലി പറഞ്ഞു.
ഓപൺ ഫോറത്തിൻെറ വിശദാംശങ്ങൾ www.nhsq.info അല്ലെങ്കിൽ www.sch.gov.qa എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.