കൊച്ചി: ഉള്ളിൽ ആളുണ്ടെന്നറിയാതെ ജീവനക്കാരൻ കെട്ടിടത്തിൻെറ ഷട്ട൪ പൂട്ടി സ്ഥലം വിട്ടതിനെത്തുട൪ന്ന് അകത്ത് കുടുങ്ങിയ മധ്യവയസ്കയെ രണ്ടു മണിക്കൂറിനു ശേഷം പൊലീസും ഫയ൪ഫോഴ്സും എത്തി രക്ഷപ്പെടുത്തി. കോഴിക്കോട് സ്വദേശി വിനീതാ മാ൪ട്ടിനാണ് (55)രവിപുരത്തെ ബഹുനില കെട്ടിടത്തിൽ കുടുങ്ങിയത്. ഇതേ കെട്ടിടത്തിലെ വിദ്യാഭ്യാസ കൺസൾട്ടിങ് സ്ഥാപനത്തിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മകൻെറ അഡ്മിഷൻ ആവശ്യത്തിനാണ് വിനീതയും മകനും എത്തിയത്. ഇതിനുശേഷം ഇവ൪ ഓഫിസിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. വൈകുന്നേരത്തോടെ കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന ഓഫിസുകൾ അടച്ചതോടെ കെട്ടിടത്തിൻെറ മേൽനോട്ടം വഹിക്കുന്ന ആൾ പ്രധാന ഷട്ട൪ പൂട്ടിപ്പോയി. എന്നാൽ, ഈ സമയം വിനീത കെട്ടിടത്തിനുള്ളിലും മകൻ പുറത്തുമായിരുന്നു. വിനീത താഴെയിറങ്ങി വന്നപ്പോഴാണ് പ്രധാന കവാടം പൂട്ടിയത് അറിയുന്നത്. തുട൪ന്ന് ഇവ൪ അറിയിച്ചതനുസരിച്ച് എറണാകുളം സൗത് പൊലീസും ഫയ൪ഫോഴ്സും സ്ഥലത്തെത്തി ഉടമയെ വിളിച്ചുവരുത്തി രാത്രി എട്ടോടെയാണ് ഷട്ട൪ തുറപ്പിച്ച് വിനീതയെ പുറത്തിറക്കിയത്. താൻ ഭക്ഷണം കഴിക്കാൻ പോയതിനാലാണ് അമ്മ ഉള്ളിൽ കുടുങ്ങിയത് അറിയാതിരുന്നതെന്ന് മകൻ പൊലീസിനോട് പറഞ്ഞു. അതേ സമയം, മകന് വിദേശ അഡ്മിഷനായി മൂന്നുലക്ഷത്തോളം രൂപ നൽകിയെങ്കിലും സ്ഥാപനം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിനീത പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിന് പരാതി നൽകിയതായും ഇവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.