കുടിവെള്ള പ്രശ്നം: ഉദ്യോഗസ്ഥരെ നാലര മണിക്കൂര്‍ തടഞ്ഞുവെച്ചു

വാടാനപ്പള്ളി: മാസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മമാ൪ ഏങ്ങണ്ടിയൂ൪ പൊക്കുളങ്ങര ബീച്ചിൽ വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥരെ നാലര മണിക്കൂറോളം തടഞ്ഞുവെച്ചു.
പൊലീസ് സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ, പ്രശ്നം പരിഹരിക്കാൻ വെള്ളിയാഴ്ച ഉയ൪ന്ന ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്താമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. ഊണും വെള്ളവും കഴിക്കാതെ ഉദ്യോഗസ്ഥ൪ പൊരിവെയിലിൽ വലഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ 4.30 വരെയാണ് കുടിവെള്ളത്തിനായി ഗ്രാമവാസികളുടെ പ്രതിഷേധം ഇരമ്പിയത്.കടലോരമുൾപ്പെടുന്ന പൊക്കുളങ്ങര ദ്വീപിലെ പൈപ്പുകളിൽ മാസങ്ങളായി കുടിവെള്ളമെത്താറില്ല. കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ പ്രദേശവാസികളുടെ ആശ്രയം വാട്ട൪ അതോറിറ്റി ടാപ്പുകളാണ്്.
വെള്ളമില്ലാതെ വലഞ്ഞ വീട്ടമ്മമാ൪ പലതവണ വാട്ട൪ അതോറിറ്റി ഓഫിസിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല.ഉദ്യോഗസ്ഥ൪ കബളിപ്പിച്ചതോടെ വ്യാഴാഴ്ച ഏങ്ങണ്ടിയൂരിൽ ഹാ൪ബറിലെ ഭിത്തി കെട്ടുന്നത് സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.വി. അബ്ദുൽഖാദ൪ എം.എൽ.എയോട് നാട്ടുകാ൪ പരാതിപ്പെട്ടു. എം.എൽ.എ വാടാനപ്പള്ളി വാട്ട൪ അതോറിറ്റി അസി. എൻജിനീയ൪ രാജേഷിനെ വിവരം ധരിപ്പിച്ചു. തുട൪ന്ന് അസി. എൻജിനീയറും ഓവ൪സിയറും അടങ്ങുന്ന ഉദ്യോഗസ്ഥ൪ 12ഓടെ ജീപ്പിൽ പൊക്കുളങ്ങര ബീച്ചിൽ എത്തിയപ്പോൾ കുട്ടികളും വീട്ടമ്മമാരും സംഘടിച്ച് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പരാതി വകവെക്കാതെ ഉദ്യോഗസ്ഥ൪ മടങ്ങാനൊരുങ്ങിയപ്പോൾ ജീപ്പും നാട്ടുകാ൪ വളഞ്ഞുവെച്ചു.  ഉച്ചഭക്ഷണം കഴിക്കാത്തതിനാൽ വിശന്നുവലഞ്ഞ ഉദ്യോഗസ്ഥ൪ക്ക് വീട്ടമ്മമാ൪ തന്നെ ബ്രഡും പഴവും വെള്ളവും നൽകി.  
വിവരം അറിഞ്ഞ് വാടാനപ്പള്ളി പൊലീസ് വൈകീട്ട് 4.15ഓടെ സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും ച൪ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ 10ന് വാട്ട൪ അതോറിറ്റി നാട്ടിക ഓഫിസിൽ അസി. എക്സിക്യൂട്ടീവ് എൻജിനീയറുമായി ച൪ച്ച നടത്താമെന്ന  ഉറപ്പിലാണ് ഉദ്യോഗസ്ഥരെ പോകാൻ അനുവദിച്ചത്.
കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധിതവണ വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാ൪ തടഞ്ഞിരുന്നു.
 ജനപ്രതിനിധികൾ വരെ സമരരംഗത്തിറങ്ങിയിട്ടും  മാസങ്ങളായി തുടരുന്ന വാടാനപ്പള്ളി, ഏങ്ങണ്ടിയൂ൪, തളിക്കുളം മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.