ദോഹ: രാജ്യത്തെ നി൪മാണത്തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ സൗജന്യമായി ലഭ്യമാക്കുന്നതിന് മുശൈരിബ് പ്രോപ്പ൪ട്ടീസും ഖത്ത൪ ചാരിറ്റിയും ചേ൪ന്ന് ദേശീയ കാമ്പയിന് തുടക്കമിട്ടു.സാ൪വ്വദേശീയ തൊഴിലാളി ദിനത്തിൽ ‘ബോക്സ് അപ്പീൽ’ എന്ന പേരിൽ ആരംഭിച്ച കാമ്പയിൻ രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തേതാണ്.
ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി പൊതുജനങ്ങൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സഹകരിക്കാം. കാമ്പയിൻെറ ഭാഗമായി പ്രത്യേക കാ൪ഡ്ബോ൪ഡ് പെട്ടികൾ തയാറാക്കിയിട്ടുണ്ട്. ഇവ ഖത്ത൪ ചാരിറ്റി ഓഫീസ്, മുശൈരിബ് പ്രോപ്പ൪ട്ടീസ് ആസ്ഥാനം, സിറ്റി സെൻററിലെയും വില്ലേജിയോയിലെയും ഹയാത്ത് പ്ളാസയിലെയും കിയോസ്കുകൾ എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും. ഈ പെട്ടികളിൽ തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ നിറച്ച് ഒരുമാസത്തിനകം തിരിച്ചേൽപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പെട്ടികൾ നി൪മാണസ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യും.
തൊപ്പി, ടൂത്ത്ബ്രഷ്, ടൂത്ത്പേസ്റ്റ്, ടവ്വൽ, ചീപ്പ്, ഷാംപൂ, സോപ്പ്, സോക്സ്, ഡിയോഡറൻറ് എന്നിവയാണ് പെട്ടികളിൽ ഉൾപ്പെടുത്തേണ്ടത്. സാധനങ്ങൾ എല്ലാം പുതിയതായിരിക്കണം. ഖത്തറിൻെറ അടിസ്ഥാന സൗകര്യവികസന മേഖലയിൽ വിലപ്പെട്ട സംഭാവനകൾ അ൪പ്പിക്കുന്ന തൊഴിലാളി സമൂഹത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് മുശൈരിബ് പ്രോപ്പ൪ട്ടീസ് പ്രൊജക്ട് ഡയറക്ട൪ മുഹമ്മദ് മസൂദ് ജാറല്ല അൽ മ൪റി പറഞ്ഞു. തൊഴിലാളികളുടെ ജീവിത നിലവാരം ഉയ൪ത്താൻ കാമ്പയിൻ സഹായിക്കുമെന്ന് ഖത്ത൪ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.