ദോഹ: കമ്പനിയുടെ പണം തിരിമറി നടത്തിയ കേസിൽ ബന്ധുവായ സഹപ്രവ൪ത്തകൻ മുങ്ങിയതിനെത്തുട൪ന്ന് ആറ് മാസമായി ജയിലിൽ കഴിയുന്ന തൃശൂ൪ ചെന്ത്രാപ്പിന്നി പുളിക്കൽ ജോയ്സൻെറ (41) മോചനത്തിന് വഴിയൊരുങ്ങി. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം കേസുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് പിന്മാറാൻ തയ്യാറായതോടെയാണ് മോചനം സാധ്യമാകുന്നത്.
മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ജോയ്സണെ മാപ്പുനൽകി നാട്ടിലേക്കയക്കുകയാണെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ബന്ധു പണം തിരിമറി നടത്തിയതിൻെറ പേരിൽ ജോയ്സൺ തടവിൽ കഴിയേണ്ടി വന്ന വാ൪ത്ത കഴിഞ്ഞ മാ൪ച്ച് 24ന് ഗൾഫ്മാധ്യമം റിപ്പോ൪ട്ട് ചെയ്തിരുന്നു. ജോയ്സനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സുഹൃത്ത് കെ.വി സജീവദാസാണ് ഇന്ത്യൻ എംബസിയുടെ ഓപ്പൺഹൗസിൽ പരാതിയുമായി എത്തിയത്. കമ്പനിയിൽ ജോയ്സൻെറ സഹോദരി ഭ൪ത്താവ് റിജോ സെബാസ്റ്റ്യൻ കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിൽ 3,53,000 റിയാലിൻെറ തിരിമറി നടന്നതായി കണ്ടെത്തിയതിനെത്തുട൪ന്ന് റിജോയെയും സംശയത്തിൻെറ അടിസ്ഥാനത്തിൽ ജോയ്സണെയും കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്നാണ് സജീവ്ദാസിൻെറ പരാതിയിൽ പറഞ്ഞിരുന്നത്. റിജോയെ നാട്ടിൽ നിന്നും ദോഹയിലെത്തിച്ച് കമ്പനിയിൽ ജോലി ശരിയാക്കികൊടുത്തത് ജോയ്സണായിരുന്നു. കേസ് ആദ്യം കോടതിയിലെത്തിയപ്പോൾ യഥാ൪ഥ പ്രതി റിജോയാണെന്നും ഇയാൾ മൂന്ന് ലക്ഷം റിയാൽ തിരിച്ചടക്കണമെന്നുമായിരുന്നു കോടതി വിധി. റിജോ മുങ്ങിയ സാഹചര്യത്തിൽ മൂന്ന് ലക്ഷം റിയാൽ കിട്ടുന്നതിനായി കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ഈ കേസിൽ വിധി എതിരായതോടെയാണ് ഹൃദ്രോഗി കൂടിയായ ജോയ്സൺ ആറ്മാസം മുമ്പ് ജയിലിലായത്.
കിട്ടാനുള്ള പണം അവ൪ക്ക് മനസാക്ഷിയുണ്ടെങ്കിൽ നാട്ടിൽ തരികയോ ഇവിടെ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന റിജോ നൽകുകയോ ചെയ്യട്ടെ എന്ന് ദൈവനാമത്തിൽ ക്ഷമിച്ചുകൊണ്ട് ജോയ്സണെ നാട്ടിലേക്കയക്കുന്നു എന്ന് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.