അബ്ഖൈഖിനടുത്ത് വാഹനാപകടം; മലയാളി മരണപ്പെട്ടു

അൽഖോബാ൪: അബ്ഖൈഖിനടുത്ത് ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. കൊല്ലം ചവറ ടൈറ്റാനിയം ഫാക്ടറിക്കടുത്ത് പെരുമന വടക്കേതിൽ ഡി. ശിവൻകുട്ടി പിള്ളയാണ് (53) ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. എതി൪ ദിശയിൽ വന്ന രണ്ട് ട്രക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ശിവൻകുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പൂ൪ണമായും തക൪ന്ന ട്രക്ക് വെട്ടിപ്പൊളിച്ചാണ് മ്യതദേഹം പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ശക്തിവേലിനെ ചെറിയ പരിക്കുകളോടെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽഖോബാറിനടുത്ത് ബഗ്ലഫിലെ സുൽത്താൻ അൽ സുബൈഈ എന്ന കോൺട്രാക്ടിങ് സ്ഥാപനത്തിൽ പതിനേഴ് വ൪ഷമായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുന്ന ശിവൻകുട്ടി വിമുക്ത ഭടനാണ്. നവോദയ ബഗ്ലഫ് യൂണിറ്റ് അംഗമാണ്. ഭാര്യ: രേണുക. മക്കൾ സരിക, ശിവപ്രിയ. അപകട വിവരമറിഞ്ഞ് അൽ അഹ്സയിൽ നിന്ന് ഭാര്യാ സഹോദരൻ ബാബുവും റിയാദിലുള്ള ബന്ധു രാജുവും അൽഖോബാറിലെത്തിയിട്ടുണ്ട്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോ൪ച്ചറിയിലുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.