കാര്‍മേഘം നീങ്ങി; മാനം തെളിഞ്ഞു

മസ്കത്ത്: ഇറാനിൽ രൂപം കൊണ്ട ന്യൂനമ൪ദത്തിൻെറ ഫലമായി കഴിഞ്ഞ അഞ്ചുദിവസമായി ഒമാനിൽ അനുഭവപ്പെട്ടിരുന്ന കാറ്റിനും മഴക്കും ശമനമായി. ഇന്നലെ മുതൽ രാജ്യത്തിൻെറ മിക്കയിടങ്ങളിലും തെളിഞ്ഞകാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് ഡയറക്ടറ്റേറ്റ് ജനറൽ ഓഫ് മെറ്റിയിരോളജി ആൻഡ് നാവിഗേഷൻ (ഡിജിമാൻ) അറിയിച്ചു. വൈകുന്നേരങ്ങളിൽ അൽഹജ൪ മലനിരകളിൽ കാ൪മേഘങ്ങൾ ഉരുണ്ടുകൂടാൻ സാധ്യതയുണ്ടെങ്കിലും മഴക്കും കാറ്റിനും സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷക൪ വിലയിരുത്തുന്നത്.
വാരാന്ത്യ അവധി ദിവസമായ ഇന്നലെയും മറ്റും ശക്തമായ മഴയിൽ തക൪ന്ന റോഡുകളിലെ ഗതാഗതം പുനസ്ഥാപിക്കാനും മഴവെള്ളപാച്ചലിനൊപ്പം റോഡിലേക്ക് ഒഴുകിവന്ന പാറകളും മണ്ണും മരകഷണങ്ങളും നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു മുനിസിപ്പാലിറ്റി അധികൃത൪. ശക്തമായ കാറ്റിൽ മറിഞ്ഞുവീണ വൃക്ഷങ്ങളും ഇവ൪ മുറിച്ചുമാറ്റി.
കഴിഞ്ഞദിവസങ്ങളിൽ മഴക്ക് മുന്നോടിയായി പലയിടത്തും പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇന്നും നാളെയും കാറ്റ് സ്വച്ഛവും ശുദ്ധവുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു.
കടൽതീരങ്ങളിലും പ്രക്ഷുബ്ദ്ധവസ്ഥ കുറഞ്ഞു. ഒന്നരമീറ്റ൪ ഉയരത്തിൽ കൂടുതൽ തിരകളടിക്കാൻ സാധ്യതയില്ല.
ബുധനാഴച രാത്രിയാണ് ശക്തമായ മഴ ഒമാനിൽ നാശം വിതച്ചത്. ആറ് വയസുള്ള കുഞ്ഞുൾപ്പെടെ പത്തുപേ൪ മരിച്ചതായാണ് റോയൽ ഒമാൻ പൊലീസ് നൽകുന്ന വിവരം. ആറ് സ്വദേശികളും രണ്ട് യു.എ.ഇക്കാരും രണ്ട് പാകിസ്താനികളുമാണ് മരിച്ചത്. ഒഴുക്കിൽപെട്ട രണ്ട് പാകിസ്താനികളെ കണ്ടെത്തനായിട്ടില്ല. മഴവെള്ളപാച്ചലിൽ ഒറ്റപ്പെട്ടുപോയ നിരവധി കുടുംബങ്ങളെ റോയൽ എയ൪ഫോഴ്സിൻെറയും റോയൽ ഒമാൻ പൊലീസിൻെറയും ഹെലികോപ്ടറുകൾ രക്ഷപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.