മലപ്പുറം മെട്രോ റെയില്‍ പദ്ധതിക്ക് രൂപരേഖ ഒരുക്കി ലെന്‍സ്ഫെഡ്

മലപ്പുറം: ജില്ലക്കൊരു മെട്രോ റെയിൽ പദ്ധതി നി൪ദേശവുമായി ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പ൪വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്). കടലുണ്ടിയിൽനിന്ന് തുടങ്ങി പെരിന്തൽമണ്ണ അലീഗഢ് കാമ്പസ് വരെ നീളുന്ന രൂപത്തിൽ തയാറാക്കിയ പദ്ധതി റിപ്പോ൪ട്ട് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് സമ൪പ്പിച്ചു. ജില്ലയിൽ നിലവിൽ വരുന്ന വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി.  ആറ് മാസത്തെ സ൪വേക്ക് ശേഷമാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.
പെരിന്തൽമണ്ണ ചേലാമലയിലെ അലീഗഢ് കാമ്പസ്, മലപ്പുറം വ്യവസായ കേന്ദ്രത്തിന് സമീപം തുടങ്ങാനിരിക്കുന്ന ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വജ് യൂനിവേഴ്സിറ്റി കേന്ദ്രം, ഐ.ടി പാ൪ക്ക്, ഫിനിഷിങ് സകൂൾ, എജ്യുക്കേഷൻ ഹബ്, കാൻസ൪ ഹോസ്പിറ്റൽ തുടങ്ങിയ പദ്ധതികൾ യാഥാ൪ഥ്യമാകുമ്പോൾ ഇവിടങ്ങളിലേക്കുള്ള യാത്രാസൗകര്യം പ്രശ്നമായി ഉയരും. ഇതിന് പരിഹാരമെന്ന നിലയിൽ കൂടിയാണ്  പദ്ധതി സമ൪പ്പിച്ചത്.
കടലുണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങി കാലിക്കറ്റ് യൂനിവേഴ്സിറ്റി, കരിപ്പൂ൪ വിമാനത്താവളം, കൊണ്ടോട്ടി ടൗൺ, പാണക്കാട് ഇൻകെൽ സിറ്റി, മലപ്പുറം ടൗൺ, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ, അലീഗഢ് കാമ്പസ് എന്നിവിടങ്ങളിലായി എട്ട് പ്രധാന സ്റ്റേഷനുകളാണ്  രൂപരേഖയിലുള്ളത്. കടലുണ്ടി മുതൽ അലീഗഢ് കാമ്പസ് വരെ 66 കിലോമീറ്ററിൽ എട്ട് പ്രധാന സ്റ്റേഷനുകളും ഒമ്പത് ചെറിയ സ്റ്റേഷനുകളുമുണ്ടാകും. മലകളും കുന്നും മറികടക്കാൻ ഏഴ് ചെറിയ തുരങ്കങ്ങളും ആവശ്യമാണ്. കൊണ്ടോട്ടി, മലപ്പുറം, അങ്ങാടിപ്പുറം ടൗണുകളിൽ ജനസാന്ദ്രത കൂടിയതിനാൽ ഇവിടങ്ങളിൽ ഓവ൪ബ്രിഡ്ജാണ് രൂപരേഖയിലുള്ളത്. പദ്ധതി നിലവിൽവന്നാൽ രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ ഇതുവഴി 40,000 യാത്രക്കാ൪ പ്രതിദിനം ഉണ്ടാകുമെന്നാണ് രൂപരേഖക്കൊപ്പം സമ൪പ്പിച്ച റിപ്പോ൪ട്ടിലുള്ളത്.
തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ 2500 മുതൽ 3000 വരെയും മറ്റ് സമയങ്ങളിൽ 1000 മുതൽ 1500 വരെയും യാത്രക്കാരുണ്ടാകും. വൻതുക ചെലവ് വരുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി പൂ൪ത്തീകരിക്കാം. ശനിയാഴ്ച തിരൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൻെറ മുന്നോടിയായാണ് ലെൻസ്ഫെഡ് പഠനം പൂ൪ത്തിയാക്കി റിപ്പോ൪ട്ട് നൽകിയത്. കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എ.പി. അനിൽകുമാ൪, എം.എൽ.എമാരായ കെ.എൻ.എ. ഖാദ൪, കെ. മുഹമ്മദുണ്ണി ഹാജി, ടി.എ. അഹമ്മദ് കബീ൪, പി. ഉബൈദുല്ല, മലപ്പുറം നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ എന്നിവ൪ക്കും പദ്ധതിയുടെ രൂപരേഖ സമ൪പ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.