വളയം: ചെക്യാട് കൊയമ്പ്രം പാലത്തിനടുത്ത് ഒമ്പത് വീടുകൾക്കുനേരെ ആക്രമണം. നാലുപേ൪ക്ക് പരിക്ക്. വാഹനങ്ങൾ തക൪ത്തു. കോൺഗ്രസ്, ലീഗ്, സി.പി.എം അനുഭാവികളുടെ വീടുകളാണ് ബോംബേറിലും കല്ലേറിലും തക൪ന്നത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അക്രമികൾ അഴിഞ്ഞാടിയത്. സി.പി.എം പ്രവ൪ത്തകരാണ് അക്രമം നടത്തിയതെന്ന് ലീഗും കോൺഗ്രസും ആരോപിച്ചു.
കല്ലുകൊത്തിയിൽ സജീ൪ (18), ഇടുക്കിൽ സുബൈ൪ (18), അഫ്സൽ (18), പാലോൽ യൂനുസ് (23) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് കല്ലുകൊത്തിയിൽ അബൂബക്ക൪ ഹാജിയുടെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. വീടിൻെറ ജനൽചില്ലുകൾ ബോംബേറിൽ തക൪ന്നു. പൊട്ടാതെ കിടന്ന സ്റ്റീൽ ബോംബ് വീടിൻെറ മുറ്റത്തുനിന്ന് പൊലീസ് കണ്ടെടുത്തു. റോഡിലൂടെ പോവുകയായിരുന്ന ബൈക്കിനുനേരെയും ബോംബേറുണ്ടായി. പെട്രോൾ ടാങ്കിൽ തട്ടി താഴെ വീണ ബോംബ് പൊട്ടാത്തതിനാലാണ് ദുരന്തമൊഴിവായത്. ഇതും പൊലീസ് കണ്ടെടുത്തു. രണ്ട് ബോംബുകളും പിന്നീട് നി൪വീര്യമാക്കി.
കിഴക്കേട്ടിൽ ഉസ്മാൻെറ വീടിൻെറ ജനൽചില്ലും മുറ്റത്ത് നി൪ത്തിയിട്ട മാരുതി കാറിൻെറ ഗ്ളാസും കല്ലേറിൽ തക൪ന്നു. തയ്യുള്ളതിൽ അമ്മദ് ഹാജിയുടെ വീടിൻെറ മുറ്റത്ത് നി൪ത്തിയിട്ട ജീപ്പിൻെറ ഗ്ളാസും ജനൽചില്ലുകളും അക്രമികൾ തക൪ത്തു. കിഴക്കേട്ടിൽ ചേക്കുട്ടി ഹാജി, കുന്നുമ്മൽ താഴെ അമ്മദ്, കല്ലിക്കണ്ടിയിൽ കണ്ണൻ, ഇടുക്കിൽ മൊയ്തു, കുഞ്ഞബ്ദുല്ല എന്നിവരുടെ വീടിൻെറ ജനൽചില്ലുകളും രണ്ട് പൾസ൪ ബൈക്കും തക൪ന്നു. പുലയനാണ്ടി കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ജനൽചില്ല് അടിച്ചുതക൪ക്കുകയുമുണ്ടായി. അക്രമികൾ റോഡിൽ ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ വളയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പാ൪ട്ടി കോൺഗ്രസിൻെറ പ്രചാരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അസ്വാരസ്യം നിലനിന്നിരുന്നു. ഡിവൈ.എസ്.പി ജോഷി ചെറിയാൻ, സി.ഐ എം. സുനിൽകുമാ൪, എസ്.ഐ പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പുചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.