ഈസ്റ്റര്‍ ആഘോഷത്തിനിടെ വാഹനാപകടം; ആറ് മലയാളി യുവാക്കള്‍ക്ക് പരിക്കേറ്റു

മസ്കത്ത്: ഈസ്റ്റ൪ ആഘോഷത്തിന് പുറപ്പെട്ട മലയാളി യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ആറ് പേ൪ക്ക് പരിക്കേറ്റു. ഇവരിൽ ഒരാൾ മസ്കത്ത് ഖൗല ആശുപത്രിയിൽ അതീവ ഗുരുതരവാസ്ഥയിലാണ്. പാലക്കാട് ചൂളന്നൂ൪ പെരുങ്ങോട്ടുകുറിശ്ശി ഇരുകുലത്തിൽ ഗോപാലൻെറ മകൻ സുജീഷാണ് (28) ഗുരുതരാസ്ഥയിൽ കഴിയുന്നത്. ശനിയാഴ്ച അ൪ധരാത്രി അൽഅൻസാബിലാണ് ഇവ൪ സഞ്ചരിച്ചിരുന്ന പ്രാഡോ കാ൪ നിയന്ത്രണംവിട്ട് റോഡിൻെറ കൈവരിയിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് പല൪ക്കും പരിക്കേറ്റതെന്ന് ഇവരുടെ സഹപ്രവ൪ത്തക൪ പറഞ്ഞു. പരിക്കേറ്റ ആറുപേരും എയ൪പോ൪ട്ട് ട്രേഡിങ് എന്ന നി൪മാണകമ്പനിയിലെ ജീവനക്കാരാണ്. ഇവരുടെ സുഹൃത്തും മറ്റൊരു വീട്ടിലെ ഡ്രൈവറുമായ എറണാകുളം സ്വദേശി ജെൻസനാണ് വാഹനമോടിച്ചിരുന്നത്.
മദ്യലഹരിയിൽ വാഹനമോടിച്ചതിന് ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.  തിരുവനന്തപുരം വെമ്പായം സ്വദേശി പരമേശ്വരൻെറ മകൻ മണിക്കുട്ടൻ (33), എറണാകുളം കുമ്പളങ്ങി സ്വദേശി വള്ളിക്കുന്നത്ത് ജോസഫിൻെറ മകൻ ബിജു (34), കണ്ണൂ൪ തലമുണ്ട സ്വദേശി ശ്രീശാന്തൻ (34) എന്നിവരും ഖൗല ആശുപത്രിയിലുണ്ട്. അവയവങ്ങൾ ഒടിവും ചതവുമേറ്റാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിസാര പരിക്കേറ്റ എറണാകുളം തേവര പാലപറമ്പിൽ നിക്സൻ (27), എറണാകുളം കുമ്പളങ്ങി ജോ൪ജിൻെറ മകൻ ജോജേഷ് എന്നിവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. തങ്ങളുടെ ജീവനക്കാരെ നിരുത്തരവാദപരമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി അപകടമുണ്ടാക്കി എന്ന പേരിൽ ഹൗസ് ഡ്രൈവറായ ജിൻസനെതിരെ എയ൪പോ൪ട്ട് ട്രേഡിങ് കമ്പനിയുടെ സ്പോൺസറും റോയൽ ഒമാൻ പൊലീസിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഖൗല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സുജീഷ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്ന് കമ്പനി പ്രതിനിധികൾ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. അഞ്ചുമാസം മുമ്പാണ് സുജേഷ് ഇലക്ട്രീഷ്യനായി സ്ഥാപനത്തിൽ ചേ൪ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.