റിയാദ് പ്രവിശ്യയിലേക്കുള്ള ജലവിതരണം അടുത്ത വര്‍ഷത്തോടെ ഇരട്ടിയാക്കും

റിയാദ്: കൂടുതൽ ജലദൗ൪ലഭ്യം നേരിടുന്ന റിയാദ് നഗരം ഉൾപ്പെടുന്ന മധ്യ പ്രവിശ്യയിലേക്കുള്ള കുടിവെള്ള വിതരണം അടുത്ത വ൪ഷത്തോടെ ഇരട്ടിയാക്കാൻ പദ്ധതി. സൗദിയുടെ പുതിയ തുറമുഖ നഗരമായ കിഴക്കൻ തീരപ്രദേശത്തെ റാസ് അൽ ഖൈ൪ മിനറൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നി൪മാണം പൂ൪ത്തിയാവുന്ന കടൽ ജല ശുദ്ധീകരണ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ റിയാദിലേക്കുള്ള ജല വിതരണം ഇരട്ടിയാക്കാൻ കഴിയുമെന്ന് സൗദി ജല, വൈദ്യുതി കാര്യമന്ത്രി അബ്ദുല്ല അൽ ഹുസൈനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
റാസ് അൽ ഖൈ൪ ഡീസാലിനേഷൻ പ്ളാൻറിൽനിന്ന് പ്രതിദിനം 900,000 ക്യുബിക് മീറ്റ൪ വെള്ളം റിയാദിലേക്ക് പമ്പ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ് നഗരപ്രദേശം കൂടാതെ ഹോത്ത സുദൈ൪, മജ്മഅ, ശഖ്റ, അൽ ഗാത്ത്, താദിഖ്, സുൽഫി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ജലമെത്തുക. അതേസമയം ജലം പാഴാക്കികളയുന്നവ൪ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജലം ലീക്ക് ചെയ്യുന്ന വീട്ടുപകരണങ്ങളുടെയും സാനിറ്ററി ഉപകരണങ്ങളുടേയും നി൪മാതാക്കൾക്കും വിതരണക്കാ൪ക്കുമെതിരെയാവും പ്രധാനമായും നടപടി. ജലം പാഴാകാതിരിക്കാൻ കരുതൽ സ്വീകരിക്കാത്ത വീട്ടുപകരണ, സാനിറ്ററി ഫിറ്റിങ്ങ്സ് നി൪മാതാക്കൾക്കെതിരെ വൻ തുകയുടെ പിഴ ചുമത്തുകയാണ് ശിക്ഷ. കഴിഞ്ഞ വ൪ഷം അത്തരത്തിൽ ചുമത്തിയ പിഴ മൊത്തം 400,000ത്തോളം റിയാലാണെന്ന് ഇവ൪ വെളിപ്പെടുത്തി. ഉപയോഗിക്കുന്നതിനെക്കാൾ പാഴാക്കികളയുകയാണ് ജലം എന്നതിന് തെളിവാണ് ഇത്. പരിശോധന കൂടുതൽ ശക്തമാക്കാനാണ് മന്ത്രാലയത്തിൻെറ നീക്കം. പൈപ്പ് ഫിറ്റിങ്സ്, സാനിട്ടറി ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയെല്ലാം വാട്ട൪ ലീക്ക് പ്രൂഫാണെന്ന് ഉറപ്പുവരുത്തേണ്ടത് നി൪മാതാക്കളുടെയും അവയുടെ വിതരണക്കാരുടേയും ചുമതലയാണെന്നും നിയന ലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ജുബൈലിൽനിന്ന് 60 കിലോമീറ്ററകലെ നി൪മാണത്തിലായ റാസ് അൽ ഖൈ൪ സിറ്റി 2014ലാണ് പൂ൪ത്തിയാവുക. ഖനിജങ്ങളുടെ സംസ്കരണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനത്തിനും ബൃഹത് പദ്ധതികളാണ് ഇവിടെ നി൪മാണത്തിലുള്ളത്.
കടൽവെള്ളം ശുദ്ധീകരിക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ളാൻറുകളിലൊന്നാണ് അടുത്തവ൪ഷം കമ്മീഷൻ ചെയ്യാൻ കഴിയുംവിധം നി൪മാണം പൂ൪ത്തിയായി വരുന്നത്. 2010ൽ നി൪മാണം തുടങ്ങിയ ഈ പദ്ധതിയുടെ മൊത്തം നി൪മാണ ചെലവ് 437 ദശലക്ഷം അമേരിക്കൻ ഡോളറാണ്. വൻതോതിൽ വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.