കുവൈത്ത് സിറ്റി: അധിനിവേശത്തിൻെറ മുറിവുണക്കാൻ ശ്രമിക്കുന്ന രണ്ടുരാജ്യത്തെ ജനങ്ങളെ തമ്മിൽ കൂട്ടിയിണക്കാൻ വിമാന സ൪വീസ് പുനരാരംഭിക്കുന്നു. 20 വ൪ഷത്തിലേറെ നീണ്ട കാലത്തിനുശേഷം കുവൈത്തിൽനിന്ന് യാത്രക്കാരെയും കൊണ്ട് ഇറാഖിൻെറ മണ്ണിലിറങ്ങാൻ ആകാശക്കപ്പലിന് അവസരമൊരുങ്ങുകയാണ്്.
കുവൈത്തിലെ ഏക സ്വകാര്യ വിമാനക്കമ്പനി ജസീറ എയ൪വേയ്സിനാണ് ഇറാഖിലേക്ക് സ൪വീസ് നടത്താൻ ഇറാഖ് സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. തലസ്ഥാനമായ ബഗ്ദാദിലേക്കും നജഫ് നഗരത്തിലേക്കും ആഴ്ചയിൽ നാലു വീതം സ൪വീസുകൾ നടത്താനാണ് ജസീറ എയ൪വേയ്സിന് അനുമതി നൽകിയിരിക്കുന്നതെന്ന് ഇറാഖ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയ൪മാൻ നാസ൪ ഹുസൈൻ അൽ ബന്ദ൪ അറിയിച്ചു. ഇറാഖും കുവൈത്തും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നല്ലൊരു ചുവടുവെപ്പാണിതെന്ന് ഇക്കാര്യം സ്ഥിരീകരിച്ച ഇറാഖ് ഗതാഗത മന്ത്രിയുടെ ഉപദേശകൻ കരീം അൽ നൂരി അഭിപ്രായപ്പെട്ടു.
സദ്ദാം ഹുസൈൻെറ സൈന്യം 1990ൽ കുവൈത്തിൽ അധിനിവേശം നടത്തിയ ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സ൪വീസ് ഉണ്ടായിട്ടില്ല. അധിനിവേശ കാലത്ത് കുവൈത്തിൽനിന്ന് ഇറാഖ് സൈന്യം വിമാനങ്ങൾ കടത്തിക്കൊണ്ടുപോയിരുന്നു. കുവൈത്ത് വിമാനത്താവളം പിടിച്ചെടുത്ത ഇറാഖ് സൈന്യം പത്തിലധികം വിമാനങ്ങൾ കൊണ്ടുപോയി എന്നാണ് കുവൈത്ത് ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് കുവൈത്ത് അധികൃത൪ ലണ്ടനിലെ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഇറാഖിൻെറ ഒരു വിമാനം ജപ്തി ചെയ്യാൻ ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ത൪ക്കം ലോകശ്രദ്ധയാക൪ഷിച്ചിരുന്നു. അധിനിവേശകാലത്ത് കുവൈത്ത് വിമാനങ്ങൾ പിടിച്ചെടുത്തതിന് ഇറാഖ് നൽകേണ്ട 120 കോടി ഡോള൪ നഷ്ടപരിഹാരം നൽകുന്നില്ലെന്ന് കാണിച്ച് നൽകിയ കേസിലായിരുന്നു ഇത്. 2010 ഏപ്രിലിൽ ലണ്ടനിൽ ഇറങ്ങിയ വിമാനം ജപ്തി ചെയ്യാനും അതിലുണ്ടായിരുന ഇറാഖി എയ൪വേയ്സ് മേധാവി ഖിഫ ഹസൻ ജബ്ബാറിൻെറ പാസ്പോ൪ട്ട് തടഞ്ഞുവെക്കാനുമാണ് ലണ്ടൻ കോടതി ഉത്തരവിട്ടത്. 20 വ൪ഷത്തിനുശേഷം ഇറാഖ് എയ൪വേയ്സ് ലണ്ടനിലേക്ക് പറത്തിയ വിമാനത്തിനായിരുന്നു ഈ ഗതികേട്.
സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി കുവൈത്തിൽ സന്ദ൪ശനം നടത്തിയ ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലികി നഷ്ടപരിഹാരമായി 50 കോടി ഡോള൪ നൽകാമെന്ന് സമ്മതിച്ചതോടെയാണ് വ്യോമയാന രംഗത്തെ ത൪ക്കത്തിന് അയവുവന്നത്. ഇതിനുപിന്നാലെയാണ് ജസീറ എയ൪വേയ്സിന് ഇറാഖിലേക്ക് സ൪വീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്. കുവൈത്തിൻെറ ഔദ്യാഗിക എയ൪ലൈൻസായ കുവൈത്ത് എയ൪വേയ്സിനു പുറമെ രാജ്യത്തെ ഏക വിമാനക്കമ്പനിയാണ് 2004ൽ സ്ഥാപിതമായ ജസീറ എയ൪വേയ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.