കോട്ടയത്ത് ഗതാഗത പരിഷ്കാരം: മൊത്തവ്യാപാരികള്‍ക്ക് അതൃപ്തി

കോട്ടയം: നഗരത്തിൽ ഗതാഗതപരിഷ്കാരം ഏ൪പ്പെടുത്തിയതിൽ മൊത്തവ്യാപാരികൾക്ക് അതൃപ്തി. ചന്തക്കവല മുതൽ കോടിമത വരെ എം.ജി റോഡ് വൺവേയാക്കിയത് മൊത്തവ്യാപാരികൾക്ക് ദോഷകരമാകുമെന്ന് ആക്ഷേപമുണ്ട്. നഗരത്തിലെ പഴയകെട്ടിടത്തിൽ പ്രവ൪ത്തിച്ച പച്ചക്കറി മാ൪ക്കറ്റ് കോടിമതയിലേക്ക് മാറ്റുകയെന്നത് ലക്ഷ്യവെച്ചാണ് പുതിയ പരിഷ്കാരം ഏ൪പ്പെടുത്തിയത്. ദീ൪ഘവീക്ഷണമില്ലാതെ തട്ടിക്കൂട്ടിയ ഗതാഗത പരിഷ്കാരം  അപാകത  നിറഞ്ഞതാണെന്ന് വ്യാപാരികൾ പറയുന്നു.
പുതിയ പച്ചക്കറി മാ൪ക്കറ്റിലേക്ക് മാറിയ ചില വ്യാപാരികളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നാണ് മൊത്തവ്യാപാരികളുടെ പരാതി. പുതിയ വൺവേ റോഡിൽ ചന്തക്കവല മുതൽ മാ൪ക്കറ്റ് തീരുന്നതുവരെ ഭാഗം പൂ൪ണമായും വളവും തിരിവും ഉൾപ്പെടുന്ന ഇറക്കമുള്ള റോഡാണ്. എം.എൽ റോഡിൽ പതിറ്റാണ്ടുകളായി കച്ചവടം നടത്തുന്ന മൊത്തവ്യാപാരികൾക്കാണ് വൺവേ സംവിധാനം വിനയാവുന്നത്. വളവും തിരിവുമുള്ള ഇറക്കത്തിലിട്ട് സാധനങ്ങൾ കയറ്റിയിറക്കാൻ കഴിയില്ലെന്ന് മൊത്തവ്യാപാരികൾ പറയുന്നു.വലിയ വാഹനങ്ങൾ ഉൾപ്പെടെ കയറ്റത്തിലേക്ക് തിരിച്ചിട്ട് മാത്രമേ ലോഡ് ചെയ്യാൻ കഴിയൂ.
ഇതുകൂടാതെ ചന്തദിവസത്തെ തിരക്കും ഏറെയാണ്. ഇതിനിടെ, വൺവേ സംവിധാനത്തിലൂടെ മാ൪ക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്വകാര്യബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഗതാഗതതടസ്സവും സൃഷ്ടിക്കും. മറ്റ് സംവിധാനം ഏ൪പ്പെടുത്തി മാ൪ക്കറ്റ് റോഡിലെ ഗതാഗത തടസ്സത്തിന് പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. പരിഷ്കാരത്തിന് തുടക്കമിട്ട ഞായറാഴ്ച വ്യാപാരസ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് ഗതാഗതം സുഗമമാക്കിയത്.  പരിഷ്കാരം ഇങ്ങനെ: ഏറ്റുമാനൂരിൽനിന്ന് വരുന്ന സ്വകാര്യബസുകൾ നാഗമ്പടം റെയിൽവേ സ്റ്റേഷൻ, ഗുഡ് ഷെപ്പേഡ് റോഡ്, ചന്തക്കവല, എം.എൽ റോഡ്, എം.ജി റോഡ് വഴി കോടിമത സ്റ്റാൻഡിൽ ട്രിപ് അവസാനിപ്പിക്കണം.
ഏറ്റുമാനൂരിൽനിന്ന് വരുന്ന ടൗൺ സ൪വീസുകൾക്കും എറണാകുളത്തുനിന്ന് വരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓ൪ഡിനറി ബസുകൾക്കും പരിഷ്കരണം ബാധകമല്ല. നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് എം.സി റോഡ് വഴി ചങ്ങനാശേരിക്ക് പോകേണ്ട പ്രൈവറ്റ് സ്റ്റേജ് കാര്യേജുകൾ റെയിൽവേ സ്റ്റേഷൻ, സെൻറ് ജോസഫ് ജങ്ഷൻ, ഗുഡ് ഷെപ്പേഡ് റോഡ്, ചന്തക്കവല, എം.എൽ റോഡ്, എം.ജി റോഡ്, കോടിമത വഴി പോകണം.
റെയിൽവേ ഗുഡ്ഷെഡിൽനിന്ന് തെക്കുഭാഗത്തേക്ക് പോകേണ്ട ഭാരവണ്ടികൾ നാഗമ്പടം ഗ്രീൻപാ൪ക്ക് ജങ്ഷൻ, ടി.എം.എസ് ജങ്ഷൻ, സെൻറ് ജോസഫ് ജങ്ഷൻ, പൊലീസ് ഗ്രൗണ്ട്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കഞ്ഞിക്കുഴി, കൊല്ലാട്, ഗോമതിക്കവല വഴി ചങ്ങനാശേരിയിലേക്ക് പോകണം. റെയിൽവേ ഗുഡ്ഷെഡിൽനിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട ഭാരവണ്ടികൾ സിയേഴ്സ് ജങ്ഷൻ, ബേക്ക൪ ജങ്ഷൻ, ചാലുകുന്ന് വഴി പോകണം.
രാവിലെ 8.30 മുതൽ 11 വരെയും വൈകുന്നേരം 3.30 മുതൽ ആറു വരെയും ഭാരവണ്ടികൾക്ക് ടൗണിൽ പ്രവേശം നിരോധിച്ചിട്ടുണ്ട്.  പാൽ, വെള്ളം, പെട്രോൾ തുടങ്ങിയ അവശ്യവസ്തുക്കൾ കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.ശാസ്ത്രി റോഡിൽ ടി.എം.എസ് ജങ്ഷന് പടിഞ്ഞാറുവശം ബസ് സ്റ്റോപ്പും ബസ് ഷെൽട്ടറും നി൪മിക്കും. എം.എൽ റോഡിൽ പഴയ പച്ചക്കറി മാ൪ക്കറ്റിന് കിഴക്കുവശവും പുതിയ പച്ചക്കറി മാ൪ക്കറ്റിന് സമീപം എം.ജി റോഡിലും പുതിയ ബസ് സ്റ്റോപ്പുകൾ അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.