കായംകുളത്തെ മാലിന്യസംസ്കരണ പദ്ധതി അട്ടിമറിക്കാന്‍ നീക്കം

കായംകുളം: നഗരത്തിലെ മാലിന്യസംസ്കരണ പദ്ധതി അട്ടിമറിക്കാൻ ആസൂത്രിത നീക്കം. ജനങ്ങളിൽ തെറ്റായ പ്രചാരണം അഴിച്ചുവിട്ടാണ് പദ്ധതി പ്രാവ൪ത്തികമാക്കാതിരിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. ഭൂമാഫിയയാണ് ഇതിനുപിന്നിലെന്നാണ് സൂചന. 2.65 കോടിയുടെ മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ശുചിത്വമിഷൻെറ സഹായത്തോടെയുള്ള പദ്ധതിയുടെ അണിയറ പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിക്ക് അനുമതി ലഭിക്കണമെങ്കിൽ നി൪ദിഷ്ട സ്ഥലത്ത് ചുറ്റുമതിൽ നി൪മിക്കണം. മുരുക്കുംമൂട്ടിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിന് സമീപം തണ്ടാനുവയലിൽ നഗരസഭ ഏറ്റെടുത്ത നാലര ഏക്ക൪ സ്ഥലത്ത് ചുറ്റുമതിൽ നി൪മിക്കാൻ  50 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ, നി൪മാണം തുടങ്ങാനുള്ള നീക്കം നാട്ടുകാരുടെ എതി൪പ്പിനെത്തുട൪ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. തണ്ടാനുവയലിനെ മറ്റൊരു വിളപ്പിൽശാലയാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് ജനം സംഘടിച്ചിരിക്കുന്നത്.
പ്ളാൻറ് സ്ഥാപിക്കാതെ മാലിന്യനിക്ഷേപം മാത്രമാണ് നഗരസഭയുടെ ലക്ഷ്യമെന്നാണ് നാട്ടുകാ൪ ആരോപിക്കുന്നത്. എന്നാൽ, ഇവിടെ മാലിന്യം നിക്ഷേപിക്കില്ലെന്നും ആധുനിക രീതിയിലുള്ള പ്ളാൻറ് സ്ഥാപിക്കലാണ് ലക്ഷ്യമെന്നും നഗരസഭാ നേതൃത്വം പറയുന്നു. 15 ടൺ ശേഷിയുള്ള നവീന രീതിയിലെ വിൻഡ്രോ കമ്പോസ്റ്റിങ് പ്ളാൻറും ഒരുടൺ ശേഷിയുള്ള വെ൪മി കമ്പോസ്റ്റിങ് പ്ളാൻറും നി൪മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗാ൪ഡനിങ്, ഗ്രീൻ ബെൽറ്റ് തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികളും ഉണ്ടാകും.
മുരുക്കുംമൂട്ടിലെ നിക്ഷേപകേന്ദ്രത്തിൽ സംസ്കരണ പദ്ധതിയില്ലാത്തതിനാൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. മഴക്കാലത്താണ്  ദുരിതം കൂടുതൽ. നിക്ഷേപ കേന്ദ്രത്തിന് പരിസരത്തേക്ക് മാലിന്യ അവശിഷ്ടം ഒലിച്ചിറങ്ങുന്നത് പക൪ച്ചവ്യാധികൾക്ക് കാരണമാകുന്നു. കിണറുകളിലേത് അടക്കമുള്ള കുടിവെള്ള സ്രോതസ്സുകളിൽ മാലിന്യം നിറയും.വ൪ഷന്തോറുമുള്ള ഇത്തരം പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ കാര്യങ്ങൾ പുരോഗമിക്കവേയാണ് അട്ടിമറി നീക്കവും തകൃതിയായത്. രാഷ്ട്രീയ പാ൪ട്ടികളെയടക്കം ഭൂമാഫിയ വിലക്കെടുത്തുവെന്ന സംശയം ഉയ൪ത്തുന്ന തരത്തിലാണ് ഇവരുടെ നീക്കം.
വിഷയത്തിന് പരിഹാരം കാണാൻ തിങ്കളാഴ്ച വൈകുന്നേരം നഗരസഭയിൽ വിളിച്ചുചേ൪ത്ത യോഗത്തിൽ കോൺഗ്രസ്, സി.പി.എം, കേരള കോൺഗ്രസ് എന്നീ രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. ആക്ഷൻ കൗൺസിൽ ഭാരവാഹികളും സന്നിഹിതരായ യോഗത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി ചെയ൪ പേഴ്സൻെറ നേതൃത്വത്തിൽ ഉപസമിതിയെ ചുമതലപ്പെടുത്തി പിരിയുകയായിരുന്നു.
ആക്ഷൻ കൗൺസിൽ പ്രതിനിധികളും പ്രദേശവാസികളും തങ്ങളുടെ ആശങ്ക യോഗത്തിൽ ഉന്നയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ പദ്ധതി നടപ്പാക്കണമെന്ന് രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ നി൪ദേശിച്ചു.
യോഗത്തിൽ ചെയ൪ പേഴ്സൺ ഗായത്രി തമ്പാൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪മാൻ പി.കെ. കൊച്ചുകുഞ്ഞ്, യു.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ അഡ്വ. യു.  മുഹമ്മദ്, സി.പി.എം നേതാക്കളായ പി. ഗാനകുമാ൪, പി. അരവിന്ദാക്ഷൻ, കായംകുളം സി.ഐ എ.ആ൪. ഷാനിഹാൻ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.