ഒളിച്ചോടിയ തൊഴിലാളി മറ്റ് ജോലിസ്ഥലത്ത് പിടിക്കപ്പെട്ടാല്‍ സ്പോണ്‍സര്‍ക്ക് നഷ്ടപരിഹാരം

ദുബൈ: ഒളിച്ചോടുന്ന തൊഴിലാളി മറ്റൊരു ജോലിസ്ഥലത്ത് നിന്ന് പിടിക്കപ്പെട്ടാൽ സ്പോൺസ൪ക്ക് 5,000 ദി൪ഹം നഷ്ടപരിഹാരം ലഭിക്കുന്ന സംവിധാനം ദുബൈയിൽ നിലവിൽ വന്നു. എന്നാൽ, തൊഴിലാളി ഒളിച്ചോടിയെന്ന് യഥാസമയം അറിയിക്കുന്ന സ്പോൺസ൪ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ‘എനിക്ക് നഷ്ടപരിഹാരം നൽകൂ’ എന്ന൪ഥം വരുന്ന സംവിധാനം ദുബൈ പബ്ളിക് പ്രോസിക്യൂഷൻ (ഡി.പി.പി) ആണ് കൊണ്ടുവന്നിരിക്കുന്നത്.      
ഒളിച്ചോടിയ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ തൊഴിലെടുക്കുകയും അവിടെ നിന്ന് പിടിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്പോൺസ൪ക്ക് നഷ്ടപരിഹാരം ലഭിക്കുക. മറ്റൊരു സ്പോൺസ൪ക്ക് കീഴിലുള്ള തൊഴിലാളിക്ക് ജോലി നൽകിയെന്ന് കണ്ടെത്തിയാൽ തൊഴിലുടമ 50,000 ദി൪ഹം പിഴയായി നൽകണം. കോടതിയിൽ അടക്കുന്ന ഈ തുകയിൽ നിന്നാണ് ആദ്യ സ്പോൺസ൪ക്ക് നഷ്ടപരിഹാരമായി ഇതിൽ നിന്ന് 5,000 ദി൪ഹം നൽകുക. തൊഴിലാളികൾ അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന് രൂപം നൽകിയ കുടിയേറ്റ നിയമത്തിലെ 34-ാം വകുപ്പ് സമ്പൂ൪ണമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് താമസ-കുടിയേറ്റ പ്രോസിക്യൂഷൻെറ മേധാവിയും സീനിയ൪ ചീഫ് പ്രോസിക്യൂട്ടറുമായ അലി ഹുമൈദ് ബിൻ ഖാതിം പറഞ്ഞു.
ദുബൈ അവീറിലെ താമസ-കുടിയേറ്റ പ്രോസിക്യൂഷൻ സന്ദ൪ശിച്ച ദുബൈ അറ്റോ൪ണി ജനറൽ ഇസ്സാം ഈസ അൽ ഹുമൈദാനാണ് പുതിയ സംവിധാനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടെക്നിക്കൽ ഓഫിസ് അഡ്വക്കേറ്റ് ജനറൽ ഖലീഫ ബിൻ ദീമാസും സന്നിഹിതനായിരുന്നു.
ഇതിനാവശ്യമായ സാങ്കേതിക സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നും സ്പോൺസ൪ക്ക് തൊഴിലാളികളെ എത്തിക്കാൻ വരുന്ന വൻ ചെലവ് ലഘൂകരിച്ചു നൽകുകയാണ് ലക്ഷ്യമെന്നും ഇസ്സാം ഈസ അൽ ഹുമൈദാൻ പറഞ്ഞു.
സ്പോൺസ൪ക്ക് നഷ്ടപരിഹാരം ലഭിക്കാൻ ചില നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് അലി ഹുമൈദ് ബിൻ ഖാതിം ചൂണ്ടിക്കാട്ടി. തൊഴിലാളി ഒളിച്ചോടിയ വിവരം യഥാസമയം പരാതിപ്പെടുക, ഒളിച്ചോടിയ തൊഴിലാളിയുടെ സ്പോൺസ൪ താനാണെന്ന് തെളിയിക്കുന്ന രേഖകൾ സമ൪പ്പിക്കുക തുടങ്ങിയ നിബന്ധനകൾ പാലിക്കണം. തൊഴിലാളിയെ മറ്റൊരിടത്ത് നിന്ന് പിടികൂടും മുമ്പ് ഒളിച്ചോടിയെന്ന പരാതി നൽകിയിരിക്കണം. പുതിയ തൊഴിലുടമ തൊഴിലാളിയെ അനധികൃതമായിട്ടാണ് ജോലിക്ക് നി൪ത്തിയതെന്ന് കോടതി അന്തിമമായി വിധിക്കുകയും വേണം. ഈ തൊഴിലുടമ പിഴ കോടതിയിൽ അടച്ചുകഴിയുമ്പോൾ സ്പോൺസ൪ക്ക് നഷ്ടപരിഹാരം വാങ്ങാനാവശ്യപ്പെട്ടുള്ള അറിയിപ്പ് ഔദ്യാഗികമായി നൽകുന്നതിനും സംവിധാനം ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി ഒളിച്ചോടുന്നതിനെ തുട൪ന്ന് സ്പോൺസ൪ക്ക് പലപ്പോഴും സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ടെന്നും അത് മറികടക്കാനുള്ള സഹായമായാണ് ഇത് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.