അബൂദബി, ദുബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ലയനം സജീവ പരിഗണനയില്‍

അബൂദബി: സമ്പദ് വ്യവസ്ഥക്ക് കരുത്തേകാൻ അബൂദബിയിലെയും ദുബൈയിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തമ്മിൽ ലയിപ്പിക്കുന്നത് സജീവ പരിഗണനയിൽ. ഇതേകുറിച്ച് പ്രത്യേക സമിതിയുടെ പഠനവും അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും (എ.ഡി.എക്സ്) ദുബൈ ഫിനാൻഷ്യൽ മാ൪ക്കറ്റും (ഡി.എഫ്.എം) തമ്മിലെ ച൪ച്ചയും പുരോഗമിക്കുന്നതായി സാമ്പത്തികകാര്യ മന്ത്രി സുൽത്താൻ അൽ മൻസൂരി വ്യക്തമാക്കി. ഈ വ൪ഷാവസാനത്തോടെ ലയനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. അബൂദബിയിൽ നടന്ന വാണിജ്യ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ഇത് സുപ്രധാന നടപടിയാണ്. വളരെ ആസൂത്രിതമായി നടത്തേണ്ട കാര്യവുമാണ്. രണ്ട് ഓഹരി വിപണികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചും വിവേകത്തോടെയുമുള്ള നടപടിയാണ് വേണ്ടത്. ഈ വ൪ഷാവസാനത്തിന് മുമ്പ് അനുകൂല സാഹചര്യം പ്രതീക്ഷിക്കുന്നു’-അദ്ദേഹം വിശദീകരിച്ചു.  
ലയനവുമായി ബന്ധപ്പെട്ട് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച്, ദുബൈ ഫിനാൻഷ്യൽ മാ൪ക്കറ്റ് പ്രതിനിധികൾ തമ്മിൽ ച൪ച്ച തുടരുകയാണ്. 2010 മേയിലാണ് ആദ്യമായി ലയന സാധ്യതകൾ ഉയ൪ന്നുവന്നത്. എങ്കിലും കാര്യമായ പുരോഗതി നടപടികളിൽ ദൃശ്യമായില്ല. യു.എ.ഇയിൽ മൂന്ന് സ്റ്റോക്ക് എക്സ്ചേഞ്ചാണുള്ളത്-എ.ഡി.എക്സ്, ഡി.എഫ്.എം, നാസ്ദാഖ് ദുബൈ. നാസ്ദാഖ് ദുബൈ, ഡി.എഫ്.എമ്മിനോട് ചേ൪ന്നാണ്.
ലയനത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയിൽ എ.ഡി.എക്സ്, ഡി.എഫ്.എം പ്രതിനിധികളാണുള്ളത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സമിതി സാമ്പത്തികകാര്യ മന്ത്രാലയത്തിന് റിപ്പോ൪ട്ട് നൽകും. ലയനത്തിന് അനുകൂലമാണെന്ന് 2010 മേയിൽ എ.ഡി.എക്സ് ചീഫ് എക്സിക്യൂട്ടീവ് റാശിദ് അൽ ബലൂഷി പറഞ്ഞിരുന്നു. എല്ലാവരുടെയും താൽപര്യത്തിൽ ലയനം നടക്കണമെന്ന് ഡി.എഫ്.എം ചീഫ് എക്സിക്യൂട്ടീവ് ഈസ കാസിം പറഞ്ഞു. അതിനിടെ, ഗൾഫ് സാമ്പത്തിക യൂനിയൻെറ ഭാഗമായി ആറ് ജി.സി.സി രാജ്യങ്ങളിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തമ്മിൽ ലയിപ്പിക്കണമെന്ന നി൪ദേശവും ഈയിടെ ഉയ൪ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.