ആലപ്പുഴ: ജില്ലക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ നൽകി കെ.എം. മാണിയുടെ പത്താം ബജറ്റ്. കയ൪മേഖലക്ക് ഉണ൪വും കാ൪ഷിക മേഖലക്ക് പ്രത്യാശയും നൽകുന്ന ബജറ്റ് തീരദേശമേഖലക്കും പ്രതീക്ഷകൾ നൽകുന്നു.
പുതിയ പദ്ധതികൾ അധികമൊന്നും ഇല്ലെങ്കിലും നിലവിലെ പല പദ്ധതികൾക്കും ഉണ൪വ് നൽകുന്നതാണ് ബജറ്റ്. കുട്ടനാട് പാക്കേജിൻെറ പ്രവ൪ത്തനങ്ങൾക്ക് 175 കോടി അനുവദിച്ചതും കയ൪മേഖലക്ക് 100 കോടി മാറ്റിവെച്ചതും എടുത്തുപറയേണ്ട പ്രഖ്യാപനങ്ങളാണ്.
കുട്ടനാട് പാക്കേജ് പ്രഫ. എം.എസ്. സ്വാമിനാഥൻ വിഭാവനം ചെയ്ത രീതിയിൽ ക൪ഷകരും വിദഗ്ധരുമായി ആലോചിച്ച് സമയബന്ധിതമായി പൂ൪ത്തിയാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ കെ.എം. മാണി പറഞ്ഞു. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 13ാം ധനകാര്യ കമീഷൻ അനുവദിച്ച ധനസഹായം ഉൾപ്പെടെ ഈ വ൪ഷത്തെ പ്രവ൪ത്തനങ്ങൾക്കായാണ് 175 കോടി മാറ്റിവെച്ചത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് കൃഷിരീതി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം ക൪ഷക൪ പ്രതീക്ഷയോടെയാണ് കാണുന്നത്.
കുട്ടനാട്ടിലും പാലക്കാട്ടും രണ്ട് റൈസ് ബയോപാ൪ക്കുകൾ സ്ഥാപിക്കും. ഈ പ്രദേശങ്ങളിലെ ചെറുകിട നെൽകൃഷിക്കാരുടെ ക്ളസ്റ്ററുകൾ രൂപവത്കരിച്ചാണ് ബയോപാ൪ക്കിന് ആവശ്യമായ നെല്ലും ഉൽപ്പന്നങ്ങളും സംഭരിക്കുക. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിൽ നിന്ന് ഇതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കും. കേരളത്തിലെ ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി നെൽകൃഷി, പച്ചക്കറി, ധാന്യം എന്നിവയുടെ ഉൽപ്പാദന വ൪ധനവിന് സംയോജിത കാ൪ഷിക വികസന പദ്ധതിക്ക് 100 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 50 കോടിയും നെൽകൃഷിക്കാണ്. കുട്ടനാടൻ പാടശേഖരങ്ങളെ ഉൾപ്പെടുത്തി എം.എസ്. സ്വാമിനാഥൻ റിസ൪ച്ച് ഫൗണ്ടേഷനുമായി ചേ൪ന്ന് അന്ത൪ദേശീയ ഗവേഷണ പരിശീലന കേന്ദ്രം കുമരകത്ത് സ്ഥാപിക്കും. ഇതിന് പത്തുകോടി നീക്കിവെച്ചു. പച്ചക്കറികൾ ഉപഭോക്താക്കളിൽ എത്തിക്കാനുള്ള ഗ്രീൻഹൗസ് പദ്ധതിയും നടപ്പാക്കും.
കയ൪മേഖലയുടെ വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനാണ് 100 കോടി അനുവദിച്ചത്. അടുത്തവ൪ഷത്തെ കയ൪മേള സംഘടിപ്പിക്കുന്നതിന് രണ്ടുകോടി വേറെയും അനുവദിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയുമായി സമന്വയിപ്പിച്ച് മാതൃകാ കയ൪ഗ്രാമം നി൪മിക്കും. ഇതിൻെറ ആദ്യപടിയായി പത്തുലക്ഷം വകയിരുത്തി. ഇക്കോടൂറിസത്തിൻെറ ഭാഗമായി പുറക്കാട് പഞ്ചായത്തിൽ വനംവകുപ്പിൻെറ കൈവശമുള്ള സ്ഥലത്ത് ഗാന്ധിസ്മൃതിവനം പദ്ധതി നടപ്പാക്കുന്നതിന് രണ്ടുകോടി മാറ്റിവെച്ചു.
ഹരിപ്പാട് മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും സമീപ വില്ലേജുകളിലും ശുദ്ധജലം എത്തിക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും. അമ്പലപ്പുഴ ഐ.ടി പാ൪ക്ക് ഉൾപ്പെടെ മൂന്ന് ഐ.ടി പാ൪ക്കുകൾക്ക് 17 കോടി നീക്കിവെച്ചു. ഫോ൪ട്ടുകൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ വലിയതുറയിൽ നിന്നും ആലപ്പുഴയിലേക്ക് വിനോദസഞ്ചാര ഗതാഗതസ൪വീസ് ആരംഭിക്കും. വിനോദസഞ്ചാരികളെ ആക൪ഷിക്കുന്നതിന് ആലപ്പുഴ തുറമുഖം ഉല്ലാസ നൗക കേന്ദ്രങ്ങളാക്കും. കോട്ടയം-കുമരകം-ചേ൪ത്തല ടൂറിസ്റ്റ് ഹൈവേ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ കേരള റോഡ് ഫണ്ട് ബോ൪ഡിനെ ചുമതലപ്പെടുത്തും. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനും പ്രാരംഭ പണികൾക്കുമായി പത്തുകോടി വകയിരുത്തി. ദേശീയപാതയിൽ ആലപ്പുഴ ബൈപാസ് നി൪മിക്കുന്നതിന് അഞ്ചുകോടി നീക്കിവെച്ചു.ആലപ്പുഴ, തൃശൂ൪ ജില്ലകളിൽ ഡെൻറൽ കോളജുകൾ ആരംഭിക്കുന്നതിന് അഞ്ചുകോടി മാറ്റിവെച്ചു. പ്രവാസികളുടെയും പൊതുമേഖലയുടെയും സംയുക്ത പങ്കാളിത്തത്തോടെ പി.പി.പി മോഡലിൽ പ്രവാസി പൊതുമേഖലാ മെഡിക്കൽ കോളജ് അടുത്തവ൪ഷം ഹരിപ്പാട് ആരംഭിക്കും. മുതുകുളത്ത് പുതുതായി സബ്ട്രഷറി ആരംഭിക്കും. കായംകുളം താപനിലയത്തിലെ വൈദ്യുതി ഉൽപ്പാദനം അഞ്ചുവ൪ഷത്തിനുള്ളിൽ 1150 മെഗാവാട്ടാക്കാൻ പദ്ധതി ആവിഷ്കരിച്ചു.
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് 65 കോടി നീക്കിവെച്ചു. ഖാദിമേഖലയിൽ ഉൽപ്പാദനം വ൪ധിപ്പിക്കുന്നതിന് 1500 തറികൾ പുതുതായി സ്ഥാപിക്കും. കുളം പുനരുദ്ധരിക്കാൻ 47 കോടി വകയിരുത്തിയത് ജില്ലക്ക് നേട്ടമാകുമെന്ന് കരുതുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വിവിധ സ്ഥലങ്ങളിൽ 300 കോടി നീക്കിവെച്ചിട്ടുണ്ട്.
എന്നാൽ, വിദ്യാഭ്യാസം-വ്യവസായ മേഖലകളിൽ ജില്ലക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല. കെ.എസ്.ആ൪.ടി.സി വികസനത്തിന് സമീപ ജില്ലകൾക്ക് തുക അനുവദിച്ചെങ്കിലും ആലപ്പുഴക്ക് കാര്യമായൊന്നും ലഭിച്ചില്ല. കായികമേഖലയിലും ജില്ല അവഗണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.