ബജറ്റ്: ജില്ലക്ക് നേട്ടം; പ്രതീക്ഷകളേറെ

കൊച്ചി: സംസ്ഥാന ബജറ്റിൽ ജില്ലക്ക് നേട്ടം.  ജില്ലയുടെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന മെട്രോറെയിൽ പദ്ധതി യാഥാ൪ഥ്യമാക്കാൻ 150 കോടി വകയിരുത്തി. ജില്ലയുടെ വാഹന നീക്കങ്ങളുടെ കേന്ദ്രമായി മാറുന്ന മൊബിലിറ്റി ഹബിൻെറ വികസനത്തിന് അഞ്ചുകോടിയാണ്  പ്രഖ്യാപിച്ചത്. ഇൻഫോപാ൪ക്കിൻെറ വികസനത്തിന് 42 കോടി അനുവദിച്ചു. പിറവത്തെ മുഖ്യപ്രചാരണായുധങ്ങളിലൊന്നായ ആമ്പല്ലൂ൪ ഇലക്ട്രോണിക് മാനുഫാക്ചറിങ് ഹബിനും 20 കോടി  വകയിരുത്തി.
ജപ്പാൻ കുടിവെള്ളപദ്ധതി ജില്ലയിലും നടപ്പാക്കുമെന്നതാണ് കുടിവെള്ളക്ഷാമം രൂക്ഷമായ ജില്ലക്ക് പ്രതീക്ഷയേകുന്ന മറ്റൊരു പ്രഖ്യാപനം. ചേ൪ത്തല, തിരുവനന്തപുരം, കോഴിക്കോട്, മീനടം, പട്ടുവം എന്നിവിടങ്ങൾക്കൊപ്പം എറണാകുളത്തും ജപ്പാൻ കുടിവെള്ളപദ്ധതി നടപ്പാക്കാൻ 300 കോടി യാണ്   ബജറ്റിൽ മന്ത്രി കെ.എം. മാണി വകയിരുത്തിയത്. ജലഗതാഗത മാ൪ഗങ്ങളെയും മൊബിലിറ്റി ഹബുമായി ബന്ധപ്പെടുത്തി ഹബിൻെറ പ്രവ൪ത്തനം വിപുലീകരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ബജറ്റിൽ 50 കോടി നീക്കിവെച്ച് ഹബിന് പിന്തുണ നൽകിയിരിക്കുന്നത്. മെട്രോ റെയിലിന് 150കോടി നീക്കിവെച്ച മന്ത്രി കെ.എം. മാണി 2012-13 സാമ്പത്തിക വ൪ഷം പദ്ധതി നി൪ണായക പുരോഗതി കൈവരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക രീതിയിൽ മാലിന്യ സംസ്കരണ കേന്ദ്രം ജില്ലയിൽ സ്ഥാപിക്കുമെന്നതാണ് ആശ്വാസമേകുന്ന മറ്റൊരു പ്രഖ്യാപനം. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നീ മൂന്ന് നഗരങ്ങൾക്കൊപ്പം സമഗ്രമായ പദ്ധതി നടപ്പാക്കുന്നതിൻെറ പ്രാരംഭ പ്രവ൪ത്തനങ്ങൾക്ക് 100 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ബ്രഹ്മപുരം വേസ്റ്റ് മാനേജ്മെൻറ് പ്ളാൻറ് ആധുനീകരിക്കുന്ന പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യം കഴിഞ്ഞുള്ള നൂറ് ഏക്ക൪ സ്ഥലത്ത് കോ൪പറേഷനും വ്യവസായ വകുപ്പും ചേ൪ന്ന് കിൻഫ്രയുടെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ പാ൪ക്ക് ആരംഭിക്കും. ഇതിനായി 10 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ജനൂറം പദ്ധതി നടപ്പാക്കുന്നതിന് 150 കോടി നീക്കിവെച്ചിരിക്കുന്നതിൻെറ ആനുകൂല്യവും ജില്ലക്ക് ലഭിക്കും. പുതുവൈപ്പിൽ പെട്രോ നെറ്റിൻെറയും കെ.എസ്.ഇ.ബിയുടെയും സംയുക്ത സംരംഭമായി 1200 മെഗാവാട്ടിൻെറ വൈദ്യൂതി നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച സൂചനയും ബജറ്റിൽ നൽകിയിട്ടുണ്ട്്. എന്നാൽ, 4000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്നതും സംസ്ഥാന സ൪ക്കാ൪ 2000 കോടി കണ്ടെത്തേണ്ടതുമായ പദ്ധതിക്ക് തുകയൊന്നും വകയിരുത്തിയിട്ടില്ല. രണ്ട് വ൪ഷത്തിലൊരിക്കൽ കേരളത്തിൻെറ കഴിവുകളും വിഭവങ്ങളും അവതരിപ്പിക്കുന്ന ‘എമ൪ജിങ് കേരള’ ആഗോള നിക്ഷേപ സംഗമം കൊച്ചിയിൽ സംഘടിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ൪ഷം സെപ്റ്റംബറിലാകും കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമം. ഇതുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾക്ക് അഞ്ച് കോടിയും ബജറ്റിൽ വകയിരുത്തി. എമ൪ജിങ് കേരളയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ വൻകിട വാണിജ്യ വ്യാപാരമേഖലയും സ്ഥാപിക്കും. ഇതിന് അനുയോജ്യസ്ഥലം കണ്ടെത്താൻ നടപടി ആരംഭിച്ചു. കിൻഫ്രയുടെ നേതൃത്വത്തിൽ ഈ നിലയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ കഴിയുന്ന പ്രവ൪ത്തനങ്ങൾക്ക് എറണാകുളം കൂടാതെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമായി 100കോടി വകയിരുത്തിയിട്ടുണ്ട്. കൊച്ചി റിഫൈനറിയുടെ ശേഷി വ൪ധിപ്പിക്കുന്നതടക്കമുള്ള പെട്രോ കെമിക്കൽ വ്യവസായവുമായി ബന്ധപ്പെട്ട് ബി.പി.സി.എൽ നടപ്പാക്കുന്ന പെട്രോ കെമിക്കൽ ഇൻഡസ്ട്രിയൽ സോണിന് സ്ഥലം ഏറ്റെടുക്കാൻ ബജറ്റിൽ 50 കോടി നീക്കിവെച്ചു.
18,000 കോടിയുടെ പദ്ധതിയാണ് ബി.പി.സി.എൽ ഇവിടെ വിഭാവന ചെയ്യുന്നത്. മറ്റ് മൂന്ന് സ്ഥലങ്ങൾക്കൊപ്പം വല്ലാ൪പാടം-നെടുമ്പാശേരി റോഡ് മേഖലക്കും പ്രയോജനം ലഭിക്കും വിധം സീപോ൪ട്ട് -എയ൪പോ൪ട്ട് അതോറിറ്റി രൂപവത്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോ൪ട്ടുകൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്ക് വിനോദസഞ്ചാര ഗതാഗത സ൪വീസ് തുടങ്ങുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പ്രാചീന നി൪മാണങ്ങളുടെ വാസ്തു ശിൽപ്പ ചാരുത സംരക്ഷിക്കാനുള്ള പദ്ധതിയുടെ ആനുകൂല്യം മഹാരാജാസ് കോളജിനും ലോ കോളജിലെ സ്റ്റേറ്റ് അസംബ്ളി ഹാളിനും ലഭിക്കും. എറണാകുളത്ത് കമ്പ്യൂട്ട൪ വത്കൃത പരിശോധനകേന്ദ്രവും സ്ഥാപിക്കും.
അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമായി കൊച്ചിയെയും വികസിപ്പിക്കാനും നി൪ദേശമുണ്ട്. ഇതര നഗരങ്ങൾക്കൊപ്പം അഞ്ചുകോടിയാണ് ഈ പദ്ധതിക്ക് നീക്കിവെച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് റാപ്പിഡ് ടീം രൂപവത്കരിക്കുന്ന പദ്ധതിയിലും ജില്ലയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.