കൊട്ടിയം: സൗദിയിലെ ദമ്മാമിൽ ചിട്ടി നടത്തി കോടികളുമായി മുങ്ങിയ ദമ്പതികളിൽ ഒരാൾ കൊട്ടിയം പൊലീസിൻെറ പിടിയിലായി. മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് അബി നിവാസിൽ ഷെമീന (36) ആണ് പിടിയിലായത്.
ഭ൪ത്താവായ ആലംകോട് ഗുരുനാഗപ്പൻകാവ് ഷാനവാസ് മൻസിലിൽനിന്ന് ഉമയനല്ലൂ൪ ബിൽബാസിൽ താമസിക്കുന്ന ഷാഫി എന്ന അബ്ദുൽ മനാഫിനെ പൊലീസ് അന്വേഷിക്കുകയാണ്.
ആറ്റിങ്ങൽ സ്വദേശികളായ നിസാ൪, ഷാജഹാൻ, ഓയൂ൪ സ്വദേശി അനീഷ്, മണനാക്ക് സ്വദേശി ജഹാംഗീ൪, മൂവാറ്റുപുഴ സ്വദേശി ഹുസൈൻ, പെരുമ്പാവൂ൪ സ്വദേശി അലി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവ൪ക്കെതിരെകേസെടുത്തത്. ഏതാനും ദിവസംമുമ്പ് ഉമയനല്ലൂരിലെ ഇവരുടെ വസതിയിൽ തട്ടിപ്പിന് വിധേയരായവ൪ എത്തി ബഹളംവെച്ചതിനെതുട൪ന്ന് മനാഫിനെ കൊട്ടിയം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു.
എന്നാൽ അന്ന് പരാതി ലഭിക്കാത്തതിൻെറ പേരിൽ വിട്ടയക്കുകയായിരുന്നു. പിന്നീടാണ് പരാതികളുമായി നിരവധിപേ൪ എത്തിയത്. നിരവധി പേരെ കബളിപ്പിച്ച് നാല് കോടിയോളം രൂപ ഇവ൪ തട്ടിയെടുത്തതായാണ് പരാതി. തട്ടിപ്പിന് വിധേയരായവ൪ ദമ്മാമിലെ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണ൪ എന്നിവ൪ക്ക് പരാതി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, ഷാഫിയെ പിടികൂടണമെന്നും പണം തിരികെ കിട്ടാൻ നടപടി സ്വീകരിക്കണമെന്നും തട്ടിപ്പിനിരയായവ൪ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദീ൪ഘകാലത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയ സമ്പാദ്യമാണ് നഷ്ടമായത്. എംബസിയിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അവ൪ പറഞ്ഞു. എറണാകുളം സ്വദേശി സി.പി മുഹമ്മദാലി, അഞ്ചൽ സ്വദേശി ഹമീദ്, ജഹാംഗീ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.