വേളം വട്ടക്കണ്ടിപ്പാറയില്‍ കൊപ്രമില്ല് തീവെച്ച് നശിപ്പിച്ചു

കുറ്റ്യാടി: സി.പി.എം-മുസ്ലിംലീഗ് സംഘ൪ഷം നിലനിൽക്കുന്ന വട്ടക്കണ്ടിപ്പാറയിൽ കൊപ്രമില്ല്  തീവെച്ച് നശിപ്പിച്ചു. ടി.സി. നാസ൪, പി.പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റോയൽ ഓയിൽ മില്ലാണ്  വെള്ളിയാഴ്ച പുല൪ച്ചെ അഗ്നിക്കിരയാക്കിയത്.
കൊപ്ര ഉണക്കുന്ന ഷെഡിനും യന്ത്രസാമഗ്രികളും കൊപ്രയും വെളിച്ചെണ്ണയും സൂക്ഷിച്ച പ്രധാന കെട്ടിടത്തിനുമാണ് തീവെച്ചത്. പ്രധാന കെട്ടിടം പൂ൪ണമായി നശിച്ചു. 900 ടൺ വെളിച്ചെണ്ണ, രണ്ട് ലോഡ് കൊപ്ര, യന്ത്രസാമഗ്രികൾ, കെട്ടിടം എന്നിവ നശിച്ചവകയിൽ അര ക്കോടിയുടെ നഷ്ടമുണ്ടാവുമെന്ന് മില്ല് നടത്തുന്ന നിട്ടൂ൪ തയ്യിൽ ജലീൽ പറഞ്ഞു. ജലീലും വടകരയിലെ ഒ. അബ്ബാസുമാണ് മില്ല് നടത്തുന്നത്. വെള്ളം ചീറ്റിയതിനാൽ രണ്ട് ടാങ്കിലുണ്ടായിരുന്ന വെളിച്ചെണ്ണയും നശിച്ചു.
പുല൪ച്ചെ രണ്ടേമുക്കാലിന് സമീപത്തെ വീട്ടുകാരാണ് തീ കാണുന്നത്. ഉടൻ ആളുകൾ ഓടിക്കൂടി അണക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചെണ്ണക്ക് തീപിടിച്ചതിനാൽ ശ്രമം വിഫലമായി. നാദാപുരത്തുനിന്നും പേരാമ്പ്രയിൽനിന്നും എത്തിയ ഫയ൪ഫോഴ്സിൻെറ മൂന്ന് യൂനിറ്റ് നാലുമണിക്കൂ൪ പരിശ്രമിച്ചാണ് കെടുത്തിയത്. പ്രധാന കെട്ടിടത്തിൻെറ ജനലിലൂടെ അകത്തു അട്ടിയിട്ട കൊപ്ര ചാക്കുകൾക്ക് തീവെക്കുകയായിരുന്നെന്ന് കരുതുന്നതായി ഉടമകൾ പറഞ്ഞു. ഷെഡിൽ  കാലിച്ചാക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ചാക്കിൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചശേഷം കത്തിക്കുകയായിരുന്നത്രെ.
ജോലിക്കാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. നാട്ടുകാരടക്കം ധാരാളംപേ൪ ഇവിടെ ജോലിചെയ്യുന്നുണ്ട്. യന്ത്രസാമഗ്രികളും വെളിച്ചെണ്ണയും വൈകുന്നേരവും പുകയുന്നുണ്ടായിരുന്നു. തീ പിടിച്ച പ്രധാന കെട്ടിടത്തിൽ ജി.ഐ പൈപ്പിൽ നി൪മിച്ച ആസ്ബസ്റ്റോസ് മേൽക്കൂര തക൪ന്നുവീണു. രാത്രി ഏഴുവരെ ഓയിൽ മിൽ പ്രവ൪ത്തിക്കുന്നു. വേളം, കുറ്റ്യാടി പഞ്ചായത്ത് അതി൪ത്തി സ്ഥലമായ ഇവിടെ വേളം പഞ്ചായത്തിലാണ് മില്ലുള്ളത്. ആരോ തീവെച്ചെന്നാണ് ഉടമകൾ പരാതിനൽകിയത്. കുറ്റ്യാടി സി.ഐ ബെന്നിയുടെ നേതൃത്വ ത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധ൪ വന്ന് തെളിവെടുത്തു.
ഒരാഴ്ച മുമ്പ് ഇതിനടുത്ത് അനീഷ് എന്നയാളുടെ മത്സ്യവിൽപന നടത്തുന്ന ഗുഡ്സ് ഓട്ടോ വീട്ടുമുറ്റത്ത് തീവെച്ച് നശിപ്പിച്ചിരുന്നു. അതിനുമുമ്പ് ഇരു പാ൪ട്ടിയിലുംപെട്ട പ്രവ൪ത്തക൪ക്ക് വെട്ടേറ്റ സംഭവവും ആയുധം, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് പി.കെ.കെ. ബാവ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ്കുട്ടി, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.പി. രാജൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.