പിറവത്ത് ഇന്ന് കൊട്ടിക്കലാശം

പിറവം: പിറവത്തെ വിസ്മയിപ്പിച്ച് ക൪ഷക മണ്ഡലത്തെ ഇളക്കിമറിച്ച ശബ്ദ കോലാഹലത്തിന് ഇന്നറുതി. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതുഅധ്യായം രചിച്ച പിറവം ഉപതെരഞ്ഞെടുപ്പിൻെറ പരസ്യപ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം.  ഇത്രയധികം ച൪ച്ച ചെയ്ത വിഷയങ്ങളും പ്രചാരണത്തിനെത്തിയ  നേതാക്കളും രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അപൂ൪വം. പണക്കൊഴുപ്പിൻെറ പുത്തൻ മാതൃകകൾ പിറവത്ത് കണ്ടു.  
കലാശത്തലേന്നും വാദപ്രതിവാദങ്ങളുമായി ഇരുമുന്നണികളും മണ്ഡലത്തിൽ നിറഞ്ഞതോടെ പിറവം തിളച്ചുമറിഞ്ഞു. റോഡ് ഷോയിലൂടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മണ്ഡലത്തിൽ നിറഞ്ഞു. റോഡ് ഷോ നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണെന്ന ആരോപണവുമായി എൽ.ഡി.എഫ് തിരിച്ചടിച്ചു.
റെയിൽവേ ബജറ്റിനെച്ചൊല്ലിയും വാദപ്രതിവാദം കൊടുമ്പിരിക്കൊണ്ടു. കേരളത്തെ അവഗണിച്ചെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തുവന്നു. റോഡ് ഷോക്ക് മറുപടിയായി നൂറുകണക്കിന് വിദ്യാ൪ഥികളെ നിരത്തി റാലിയുമായി പിണറായിയും വി.എസും പഞ്ചായത്തുതലത്തിൽ സജീവമായി. കുതിരക്കച്ചവടം ആരോപണത്തിന് എ.പി. അബ്ദുല്ലക്കുട്ടി, സിന്ധു ജോയി, ശിവരാമൻ, ഡോ. കെ.എസ്. മനോജ് എന്നിവരെ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് മറുപടി നൽകിയത്.
വികസനത്തിൽ തുടങ്ങിയ പ്രചാരണത്തിൻെറ ഓരോ ദിവസവും ഓരോ വിഷയങ്ങളാണ് അലയടിച്ചത്. വി.എസ്. അച്യുതാനന്ദൻെറ പൊതുയോഗങ്ങളിലെ ആൾക്കൂട്ടവും ആവേശവും  എ.കെ. ആൻറണിയുടെ സന്ദ൪ശനത്തിലൂടെ  യു.ഡി.എഫ് നികത്തി.
ആദ്യം പ്രധാന ച൪ച്ചാ വിഷയമായ സഭാത൪ക്കം പിന്നീട് പുറത്തുകാണാനായില്ല. യാക്കോബായ-ഓ൪ത്തഡോക്സ് സഭാ വിഭാഗങ്ങൾ മനഃസാക്ഷി വോട്ടെന്ന് ആവ൪ത്തിക്കുമ്പോൾ യു.ഡി.എഫിൽ ആശങ്കയുമുണ്ട്. റോഡ് ഷോയും പൊതുസമ്മേളനങ്ങളുമായി യു.ഡി.എഫ് പിറവത്തെ ഇളക്കി മറിച്ചപ്പോൾ,  കുടുംബ യോഗങ്ങളിലും വീടുകയറി വോട്ട് അഭ്യ൪ഥിക്കുന്നതിലുമായിരുന്നു എൽ.ഡി.എഫ് ക്യാമ്പിൻെറ  ശ്രമം. ഇരുമുന്നണികൾക്കും  ആത്മവിശ്വാസക്കുറവുമില്ല.
ആഴ്ചകൾ നീണ്ട പരസ്യപ്രചാരണത്തിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് സമാപനമാകുമ്പോൾ, കൊട്ടിക്കലാശവും ചരിത്രമാക്കാനുള്ള തയാറെടുപ്പിലാണ് ഇരുമുന്നണികളും. പരസ്യപ്രചാരണത്തിനു ശേഷം മണ്ഡലം വിടണമെന്ന് ഇലക്ഷൻ കമീഷൻ നി൪ദേശം നൽകിയതിനാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ‘അന്യ’ നേതാക്കൾ മണ്ഡലം വിട്ടൊഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.