ചുട്ടുപൊള്ളുന്നു; കുടിവെള്ളക്ഷാമം രൂക്ഷം

കോഴിക്കോട്: വേനൽ കനത്തതോടെ ജില്ലയിൽ ജലക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ള സ്രോതസ്സുകളായ ജലാശയങ്ങളും കിണറുകളുമെല്ലാം പതിവിലും നേരത്തേ വറ്റിത്തുടങ്ങി. നഗരത്തിലേക്കുള്ള പ്രധാന ജലസ്രോതസ്സായ പൂനൂ൪ പുഴയിൽ ജലവിതാനം ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. ഇതുകാരണം നേരത്തേ തന്നെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വെള്ളം പൂനൂ൪പുഴയിലെ പൂളക്കടവ് ഭാഗത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. മിക്കവാറും ഇന്നു തന്നെ ഇത് പ്രാവ൪ത്തികമായേക്കും. കൂളിമാട് പമ്പിങ് സ്റ്റേഷനിലെ 500 എച്ച്.പി പമ്പുസെറ്റിൻെറ അറ്റകുറ്റപ്പണികൂടി പൂ൪ത്തിയാകുന്ന മുറക്ക് നഗരത്തിലെ കുടിവെള്ളപ്രശ്നം വലിയൊരളവിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, പൂളക്കടവിലേക്ക് കനാൽ വെള്ളം ഒഴുക്കിവിടുന്നതോടെ കക്കോടി ബ്രാഞ്ച് കനാലിൻെറ ഭാഗമായ പുതിയങ്ങാടി മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ചെലവൂരിലെ ചെക്ഡാമിൻെറ ഷട്ട൪ ഉയ൪ത്തിയാൽ കുറച്ചുനാൾ കൂടി പുഴയിൽനിന്നുള്ള പമ്പിങ് തടസ്സമില്ലാതെ നടത്താനാവുമെന്ന അഭിപ്രായമാണ് ജലസേചന വകുപ്പിനുള്ളതെങ്കിൽ കനാൽ വെള്ളം ഉടനടി  ലഭിക്കാതെ പരിഹാരമാകില്ലെന്ന നിലപാടിലാണ് ജല അതോറിറ്റി.ഗ്രാമീണ മേഖലയിലും വരൾച്ചാ കെടുതികൾ രൂക്ഷമായിത്തുടങ്ങിയിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ അഴിയൂ൪ ശാഖാ കനാൽ ഇതുവരെതുറക്കാത്തതിനാൽ വടകര മേഖലയിൽ ഈ വെള്ളത്തെ ആശ്രയിച്ചിരുന്ന പച്ചക്കറികൃഷി പ്രതിസന്ധിയിലാണ്.  ചാലിയാറിനു കുറുകെയുള്ള കവണക്കല്ല് റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ ഷട്ട൪ താഴ്ത്തിയത് ചെറുപുഴയിൽ ജലവിതാനം ഉയരാൻ സഹായകമായിട്ടുണ്ട്. ഇത് ചെറുപുഴയെ ആശ്രയിക്കുന്ന പദ്ധതികൾക്ക് ആശ്വാസകരമാണ്. എന്നാൽ, പൂനൂ൪ പുഴയെ ആശ്രയിക്കുന്ന ഗ്രാമീണമേഖലയിലുള്ള പല പദ്ധതികളും പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. രാത്രികാലങ്ങളിൽ ഫ്ളാറ്റ് നി൪മാണത്തിനും മറ്റുമായി വൻതോതിൽ ജലമൂറ്റുന്നത് പുഴ മെലിയാൻ കാരണമായി വിദഗ്ധ൪ ചൂണ്ടിക്കാണിക്കുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.