മണലെടുപ്പ്: കീഴൂര്‍ അഴിമുഖം ഇല്ലാതാവുന്നു

ഉദുമ: അനധികൃത മണലെടുപ്പുമൂലം കീഴൂ൪ അഴിമുഖത്തെ വിശാലമായ കടലോരം ഇല്ലാതാവുന്നു. ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖമായ കീഴൂ൪ പടിഞ്ഞാ൪ കടലോരമാണ് മണലെടുപ്പുമൂലം ഇല്ലാതായത്. തളങ്കര തീരദേശ പൊലീസ് സ്റ്റേഷന് മൂക്കിനു താഴെ നടക്കുന്ന ഈ മണലൂറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ചളിയംകോട്, തളങ്കര പ്രദേശങ്ങളിലെ കടവുകളിലേക്കാണ് ഇവിടെനിന്നും മണലെടുത്ത് കൊണ്ടുപോകുന്നത്.
വെളുത്ത മണലെടുക്കാൻ അനുമതിയില്ലാത്ത ഈ കടവുകളിൽനിന്ന് ദിവസേന നിരവധി ലോഡ് വെള്ളമണലുകളാണ് കടത്തിക്കൊണ്ടുപോകുന്നത്. അനുവദനീയമായതിലും എത്രയോ ഇരട്ടി പുഴ മണലും കടത്തിക്കൊണ്ടുപോകുന്നുണ്ട്. കീഴൂരിൽ കടലോരത്തിനു പകരം മൂന്നു മീറ്ററിലധികം ആഴത്തിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. അഴിമുഖത്തുനിന്ന് മണലെടുക്കുന്നത് മത്സ്യത്തൊഴിലാളികളെയും ബാധിക്കുന്നുണ്ട്. മണലെടുപ്പുമൂലം കടലിൽ മണൽതിട്ടകൾ രൂപപ്പെടുന്നതുകാരണം വള്ളങ്ങളുടെ അടിഭാഗം മണൽതിട്ടയിലിടിക്കുന്നത് പതിവാണ്. ഇതുമൂലം വള്ളങ്ങൾ മറിഞ്ഞ് അപകടം നടക്കാറുമുണ്ട്. മണൽതിട്ടയിലിടിക്കുന്നതുമൂലം വള്ളങ്ങൾക്കും എഞ്ചിനും കേടുപാടുകളും സംഭവിക്കുന്നു.
കീഴൂ൪ പടിഞ്ഞാ൪ കടപ്പുറത്തെ അനധികൃത മണലെടുപ്പിനെതിരെ മത്സ്യത്തൊഴിലാളികൾ സമരം നടത്തിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. കീഴൂരിൽ തുറമുഖ നി൪മാണത്തിൻെറ പുലിമുട്ട് നി൪മാണം പ്രാരംഭദശയിലാണ്. അനധികൃത മണലെടുപ്പ് നി൪മാണത്തിലിരിക്കുന്ന തുറമുഖത്തെ ബാധിക്കും.
തുറമുഖത്തിന് ഒരു കിലോമീറ്റ൪ ചുറ്റളവിൽ മണലെടുപ്പ് പാടില്ലെന്ന് പോ൪ട്ട് എൻജിനീയ൪ പറയുന്നുണ്ട്. എന്നാൽ, പോ൪ട്ട് കൺസ൪വേറ്റ൪ ഈ സ്ഥലത്ത് മണലെടുക്കാൻ അനുമതി നൽകിയിരിക്കുകയുമാണ്. അനധികൃത മണലെടുപ്പുമൂലം സമീപത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.