ആതുരാലയ നഗരി ഇനി വിദ്യാഭ്യാസ നഗരി

പെരിന്തൽമണ്ണ: വിദ്യാഭ്യാസ പുരോഗതിയിൽ നാഴികക്കല്ലായ അലീഗഢ് കേന്ദ്രത്തിൻെറ വരവോടെ ആതുരാലയ നഗരമെന്നു കേളികേട്ട പെരിന്തൽമണ്ണ ഇനി ജില്ലയുടെ വിദ്യാഭ്യാസ കുതിപ്പിനു ചുക്കാൻ പിടിക്കും.  ആശുപത്രികൾകൊണ്ട് പരിചിതമായ നാട് ഇനി വിജ്ഞാന വെളിച്ചം കൊണ്ട് അറിയപ്പെടും.  മെഡിക്കൽ കോളജും മൂന്ന് സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രികളും ഗവ. താലൂക്കാശുപത്രിയും ഉൾപ്പെടെ ഡസനോളം ആതുരാലയങ്ങൾ  പെരിന്തൽമണ്ണയിലുണ്ട്.  മികച്ച സംവിധാനങ്ങളും വിദഗ്ധ ഡോക്ട൪മാരും ഉള്ള ആശുപത്രികളിൽപെടുന്നതാണ് ഇവയെല്ലാം. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ചികിത്സ തേടി പെരിന്തൽമണ്ണയിൽ എത്തുന്നവ൪ നിരവധി. ഹോമിയോ, ആയു൪വേദ ചികിത്സാ രംഗത്തും നഗരം ഒട്ടും പിന്നിലല്ല. വ്യാപാര മേഖലയിൽ എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങൾ പെരിന്തൽമണ്ണക്ക് അവകാശപ്പെടാനുണ്ട്. തൃശൂ൪ കേന്ദ്രമായ സ്വ൪ണ വ്യാപാര അനുബന്ധ സ്ഥാപനങ്ങൾ ജില്ലയിൽ ആദ്യം കടന്നെത്തുന്നത് ഇവിടെയാണ്. ഈ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങളുള്ളതും പെരിന്തൽമണ്ണയിൽ തന്നെ.
വസ്ത്രവ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്നതും പുതിയതുമായ ഒട്ടേറെ സ്ഥാപനങ്ങളുണ്ടിവിടെ.
വിദ്യാഭ്യാസ രംഗത്ത് അത്ഭുതപൂ൪വമായ കുതിപ്പാണ് ഏതാനും വ൪ഷങ്ങളായി പെരിന്തൽമണ്ണ നടത്തുന്നത്.  തെന്നിന്ത്യയിലെ തന്നെ മികച്ച മതപാഠശാലകളായ പട്ടിക്കാട് ജാമിഅഃനൂരിയ, ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ എന്നിവ പഴമയിലും പെരുമയാകുന്നു.സാങ്കേതിക വിജ്ഞാനം പക൪ന്ന് സുവ൪ണ ജൂബിലി പിന്നിട്ട അങ്ങാടിപ്പുറം പോളിടെക്നിക്കും പ്രമുഖരെ സംഭാവന ചെയ്ത പി.ടി.എം ഗവ. കോളജും നാടിൻെറ അഭിമാനമായി തലയുയ൪ത്തി നിൽക്കുന്നു. പട്ടിക്കാട് എം.ഇ.എ എൻജിനീയറിങ് കോളജും മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജും അടുത്ത കാലത്ത് വന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. നഴ്സിങ്, ഫാ൪മസി മേഖലയിലും പെരിന്തൽമണ്ണക്ക് സ്വന്തമായി സ്ഥാപനങ്ങളുണ്ട്. ഗലീലിയോ സയൻസ് സെൻററാണ് വേറിട്ടു നിൽക്കുന്ന മറ്റൊരു സ്ഥാപനം. കാലിക്കറ്റ് സ൪വകലാശാലക്ക് മണ്ണൊരുക്കിയ മലപ്പുറം ജില്ലക്ക് രാജ്യത്തെ മറ്റൊരു ഉന്നത കലാലയത്തിനു കൂടി കളമൊരുക്കാൻ കഴിഞ്ഞപ്പോൾ ഭാഗ്യം കടന്നെത്തിയത് പെരിന്തൽമണ്ണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.