കട്ടപ്പന: തമിഴ്നാട്ടിൽ മലയാളികളുടെ കൃഷിക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 13 കോടിയുടെ നഷ്ടമുണ്ടായതായി തമിഴ്നാട് മലയാളി ഇൻവെസ്റ്റേഴ്സ് ഫോറം ഭാരവാഹികൾ അറിയിച്ചു.
തമിഴ്നാട് മലയാളി ഇൻവെസ്റ്റേഴ്സ് ഫോറത്തിൽ അംഗങ്ങളായ 98 മലയാളികൾക്കുണ്ടായ നാശനഷ്ടത്തിൻെറ മാത്രം കണക്കാണിത്. സംഘടനകളുമായി ബന്ധമില്ലാത്ത നിരവധി പേ൪ക്ക് കോടികളുടെ നഷ്ടം വേറെയും ഉണ്ടായിട്ടുണ്ട്.
തമിഴ്നാട്ടിൽ നാശനഷ്ടമുണ്ടായ മുഴുവൻ മലയാളികൾക്കും അടിയന്തര ദുരിതാശ്വാസം നൽകുക, അവശേഷിക്കുന്ന കൃഷിയും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക, തമിഴ്നാട്ടിലേക്കും തിരിച്ചും നി൪ഭയമായി യാത്ര ചെയ്യുന്നതിന് സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫോറം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. പ്രശ്നത്തിൽ ഇടപെടാമെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ, മുൻ എം.എൽ.എ അഡ്വ. ഇ.എം. ആഗസ്തി എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്നാട് മലയാളി ഇൻവെസ്റ്റേഴ്സ് ഫോറം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്.
ധനകാര്യ, കൃഷി, റവന്യൂ മന്ത്രിമാ൪ക്കും നിവേദനം നൽകി. ഐ. മാത്യു, സിബി മൂലേപ്പറമ്പിൽ, റെജി ജയിംസ്, ഡോ. ബേബി കുരുവിള, റോക്കപ്പൻ, ജോസ് പൂവത്തുംമൂട്ടിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.