ചേറ്റുവയില്‍ കുടിവെള്ളമില്ല; വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു

വാടാനപ്പള്ളി: ചേറ്റുവയിൽ മാസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ വീട്ടമ്മമാ൪ വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥരെ ഓഫിസിൽ പൂട്ടിയിട്ടു. തുട൪ന്ന് ഉദ്യോഗസ്ഥ൪ക്ക് സൽബുദ്ധി തോന്നാൻ പ്രാ൪ഥനയും  ദീപാരാധനയും നടത്തി.  സമരം ചെയ്തവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നീതി നേതാവ് ആത്മഹത്യ ഭീഷണി മുഴക്കി. പരിഹാരത്തിനെത്തിയ അസി. എക്സി. എൻജിനീയറുടെ തീരുമാനത്തിൽ ഒപ്പുവെക്കാത്തതിനാൽ ഉദ്യോഗസ്ഥയെ സമരക്കാ൪ വളഞ്ഞു. വ്യാഴാഴ്ച വാടാനപ്പള്ളി വാട്ട൪ അതോറിറ്റി ഓഫിസിന് മുന്നിലാണ് ഒന്നരമണിക്കൂറോളം വീട്ടമ്മമാ൪ സംഘ൪ഷാവസ്ഥ സൃഷ്ടിച്ചത്. ചേറ്റുവ ഒന്ന്, രണ്ട്, 16 വാ൪ഡുകളിൽ അഞ്ചുമാസത്തിലധികമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിരവധി തവണ വാട്ട൪ അതോറിറ്റി ഓഫിസിൽ സമരം നടത്തിയിട്ടും അധികാരികൾ അനങ്ങിയിട്ടില്ല.
പടന്ന മേഖലയിലെ 30ഓളം സ്ത്രീകൾ നീതി സംസ്ഥാന സെക്രട്ടറി സെയ്ത് ഹാജി വലിയകത്തിൻെറയും  പോക്കാക്കില്ലത്ത് അഷറഫിൻറയും നേതൃത്വത്തിൽ വൈകീട്ട് മൂന്നോടെയാണ് വാടാനപ്പള്ളി വാട്ട൪ അതോറിറ്റി ഓഫിസിൽ എത്തിയത്. ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറി മുദ്രാവാക്യം വിളിച്ച വീട്ടമ്മമാ൪ ബഹളം വെച്ചു. അസി. എൻജിനീയ൪ ഇല്ലാത്തതിനാൽ വീട്ടമ്മമാ൪ പുറത്തിറങ്ങിയ നാല് ഉദ്യോഗസ്ഥരെയും അകത്താക്കി ഓഫിസ് പുറത്തുനിന്ന് പൂട്ടുകയായിരുന്നു.വൈകീട്ട് അഞ്ചായിട്ടും പുറത്തിറങ്ങാൻ കഴിയാതെ ഉദ്യോഗസ്ഥ൪ വലഞ്ഞു.  
ഉദ്യോഗസ്ഥ൪ക്ക് കുടിക്കാൻ വെള്ളം നൽകിയതും സമരക്കാരാണ്. സമരം ശക്തമായതോടെ വാടാനപ്പള്ളി എസ്.ഐ സന്ദീപിൻെറ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി.  
വാതിൽ തുറക്കാൻ എസ്.ഐ ആവശ്യപ്പെട്ടെങ്കിലും സമരക്കാ൪ തയാറായില്ല. തുട൪ന്ന് സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റാൻ  ശ്രമിച്ചപ്പോൾ സമരക്കാ൪  കയറിൽ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ പൊലീസ് പിൻവാങ്ങി.
ആറോടെ അസി. എക്സി. എൻജിനീയ൪ പ്രസന്ന എത്തി.  വെള്ളിയാഴ്ച മുതൽ ഇടവിട്ട് ചേറ്റുവയിലേക്ക് വെള്ളം നൽകുമെന്ന് ഇവ൪ രേഖാമൂലം എഴുതി ഒപ്പിട്ട് നൽകിയതോടെയാണ് സമരക്കാ൪ ഓഫിസ് തുറന്ന് ഉദ്യോഗസ്ഥരെ പുറത്തപോകാൻ അനുവദിച്ചത്.
മൂന്നരമണിക്കൂറോളം നടന്ന സമരം കാണാൻ നിരവധി നേതാക്കളും പ്രവ൪ത്തകരും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.