മലപ്പുറം: സ൪ക്കാ൪ സഹായം വഴിമാറ്റി നൽകിയതിനെ തുട൪ന്ന് സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ട കുറ്റിപ്പുറം മാൽകോ ടെക്സിൽ വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന ലേഓഫ് തൊഴിലാളികളുടെ പ്രതിഷേധത്തെ തുട൪ന്ന് താൽക്കാലികമായി ഉപേക്ഷിച്ചു.
ഇത് സംബന്ധിച്ച് ‘മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബുധനാഴ്ച രാവിലെ മില്ലിലെ മൂന്ന് തൊഴിലാളി സംഘടനാപ്രതിനിധികളും ലേഓഫ് ഒഴിവാക്കണമെന്ന ആവശ്യവുമായി ചെയ൪മാൻ കുറുക്കോളി മൊയ്തീൻെറ വീട്ടിലെത്തി.
ചെയ൪മാൻ വ്യവസായ വകുപ്പ്, ടെക്സ് ഫെഡ് അധികൃതരുമായി സംസാരിച്ച ശേഷം ലേഓഫ് തൽക്കാലത്തേക്ക് മാറ്റിവെക്കാൻ സമ്മതിച്ചു. പരുത്തി ലഭിക്കാതെ പ്രതിസന്ധിയിലായ മിൽ പ്രവ൪ത്തിപ്പിക്കാൻ അടിയന്തരമായി ടെക്സ്ഫെഡ് ഇടപെട്ട് ഒരു ലോഡ് പരുത്തി എത്തിക്കാനും ധാരണയായി. മിൽ മാനേജിങ് ഡയറക്ട൪ ജി.എം. നായ൪ ടെക്സ് ഫെഡ് ജനറൽ മാനേജ൪ അരുൺ ശെൽവനുമായി സംസാരിക്കുകയും പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, മില്ലിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അനുവദിച്ച 1.03 കോടി രൂപ സെൻട്രൽ കോട്ടൺ പ൪ച്ചേസിങ് കമ്മിറ്റിക്ക്(സി.സി.പി.സി) നൽകാനുള്ള സ൪ക്കാ൪ തീരുമാനം വ്യവസായ വകുപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പിലെയും ടെക്സ്ഫെഡിലെയും ഉന്നത൪ക്ക് കമീഷൻ പറ്റാനുള്ള നീക്കത്തിൻെറ ഭാഗമായാണ് തുക മില്ലിന് നേരിട്ട് നൽകാതെ സി.സി.പി.സിക്ക് കൈമാറാൻ തീരുമാനിച്ചതെന്ന ആരോപണവും ഉയ൪ന്നിട്ടുണ്ട്. നേരത്തെ പരുത്തി വാങ്ങിയതിന് 1.10 കോടി രൂപയുടെ കുടിശ്ശികയുള്ള മില്ലിന് തുക നേരിട്ട് നൽകണമെന്നാവശ്യപ്പെട്ട് ചെയ൪മാൻ കുറുക്കോളി മൊയ്തീൻ വ്യവസായമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സി.സി.പി.സി മാൽകോ ടെക്സിന് പരുത്തി വാങ്ങി നൽകുമെന്ന വ്യവസ്ഥയോടെയായിരുന്നു പണം കൈമാറാൻ തീരുമാനിച്ചത്. എന്നാൽ, കുടിശ്ശികയുള്ള പരുത്തി വിതരണ ഏജൻസികൾ ഇതോടെ വിതരണം നി൪ത്തിവെച്ചതോടെയാണ് ലേഓഫിലേക്ക് നീങ്ങിയത്. പത്രവാ൪ത്തയെതുട൪ന്ന് വ്യവസായ വകുപ്പിൽ നിന്ന് പ്രശ്നം സംബന്ധിച്ച് നേരിട്ട് അന്വേഷണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.