വര്‍ഷം തികയുംമുമ്പേ പാവറട്ടി മല്‍സ്യമാര്‍ക്കറ്റ് പൊളിക്കാന്‍ നീക്കം

പാവറട്ടി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വ൪ഷം തികയുംമുമ്പേ  മൽസ്യ മാ൪ക്കറ്റ് പൊളിക്കാനൊരുങ്ങുന്നു.  ചിറ്റാട്ടുകര റോഡിലെ അനധികൃത മത്സ്യവിൽപന തടയുന്നതിനുള്ള പരിഹാരം എന്ന നിലയിലാണ് മാ൪ക്കറ്റ് കെട്ടിടത്തിൻെറ ഇടഭിത്തികൾ പൊളിച്ചുമാറ്റാൻ  ഭരണസമിതി നീക്കം നടത്തുന്നത്.
അനധികൃത മത്സ്യവിൽപന തടയാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ളെന്നാരോപിച്ച് പാവറട്ടി സ്വദേശി വി.എ. രാജഗോപാലൻ മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിലേക്ക് പരാതി നൽകിയിരുന്നു. ഇതിന് പഞ്ചായത്ത് നൽകിയ വിശദീകരണത്തിലാണ് മൽസ്യമാ൪ക്കറ്റിൻെറ ഇടഭിത്തികൾ പൊളിച്ച്  സൗകര്യം കൂട്ടാമെന്ന് പറയുന്നത്.
അനധികൃത മത്സ്യവിൽപന നടത്തുന്നവരെ ഒഴിപ്പിച്ചാൽ  മനുഷ്യാവകാശ കമീഷനിൽ ഉൾപ്പെടെ കേസ് ഉണ്ടാവാനിടയുണ്ടെന്നും   വിശദീകരണത്തിലുണ്ട് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും ഭരണസമിതി പറയുന്നു. ഇതുകൂടാതെ അനധികൃത വിൽപന തടയാനാവാത്തതിന് പല കാരണങ്ങളും ഭരണസമതി മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. നിലവിലെ കെട്ടിടത്തിൻെറ ഇടഭിത്തികൾ പൊളിച്ച് സൗകര്യം കൂട്ടി അനധികൃത കച്ചവടക്കാരെ അങ്ങോട്ട് കൊണ്ടു പോവുമെന്നാണ് ഭരണസമിതിയുടെ ആലോചന. എന്നാൽ, ഇടഭിത്തി പൊളിക്കുന്നതു കൊണ്ടു മാത്രം ഇതിനുള്ള സൗകര്യമുണ്ടാവില്ളെന്ന് നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു.പത്ത് ലക്ഷത്തോളം രൂപ മുടക്കി നി൪മിച്ച കെട്ടിടം പുതുക്കം മാറുംമുമ്പ് പൊളിക്കാനുള്ള ശ്രമം എന്നാൽ എളുപ്പമല്ല.  ഇതിൻെറ നിയമതടസ്സങ്ങൾ മാറ്റിക്കിട്ടാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ചില അംഗങ്ങൾ.
നിലവിലെ മത്സ്യമാ൪ക്കറ്റ് അപര്യാപ്തമാണെന്നാണ് ഭരണപക്ഷം പറയുന്നത്. നി൪മാണത്തിൻെറ തുടക്കം മുതലേ  ഈ കെട്ടിടം മതിയാവില്ളെന്ന് വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെയാണ് കുണ്ടുവക്കടവ് റോഡിൽ മത്സ്യമാ൪ക്കറ്റ് നി൪മിച്ചത്.
നീളൻ കെട്ടിടത്തിൽ ഏഴു കുടുസുമുറികളാണുള്ളത്.  വെള്ളവും വെളിച്ചവും ലഭിക്കുന്നതിനു മുമ്പേ  ഉദ്ഘാടനം കഴിഞ്ഞു. തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു. മാ൪ക്കറ്റ് ലേലം കൊണ്ടവ൪ മാത്രം ഇവിടെ കച്ചവടം ചെയ്താൽ മതി എന്ന നിലപാടാണ്  ഭരണസമിതിക്കുണ്ടായിരുന്നത്. തുട൪ന്ന് വഴിയോര മത്സ്യക്കച്ചവടം നിരോധിക്കുകയും ചെയ്തു.
ഇതോടെ ലേലത്തിനില്ലാത്ത കച്ചവടക്കാ൪ പോലും മാ൪ക്കറ്റ് കൈയേറി. ഗത്യന്തരമില്ലാതായ പഞ്ചായത്തധികൃത൪ പൊതുസ്ഥലത്ത് കച്ചവടം ചെയ്യാൻ മൗനാനുവാദം നൽകുകയായിരുന്നു.
തെരുവോരത്തെ കച്ചവടം യാത്രക്കാരെയും പരിസരവാസികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനെതിരെ ജനരോഷമുണ്ടായിട്ടും  പഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. തുട൪ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
എന്നാൽ ഇവിടെയും  ഭരണസമിതി സമ൪ഥമായി കൈകഴുകുകയാണ്. പുതിയ  മാ൪ക്കറ്റ് നി൪മിക്കാതെ മറ്റ് മാ൪ഗമില്ളെന്നാണ് ഭരണ നേതൃത്വം പറയുന്നത്. ഇതിന് സ്ഥലമെടുപ്പിനു തന്നെ 50 ലക്ഷം വേണ്ടിവരുമെന്നും ഇത്രയും  തുക കണ്ടെത്താൻ മറ്റ് മാ൪ഗമില്ളെന്ന് പറഞ്ഞ് കൈമലമ൪ത്തുകയാണ് ഭരണസമിതി ചെയ്യുന്നത്. ഇതോടെ മത്സ്യമാ൪ക്കറ്റ് പ്രശ്നവും അനധികൃത മത്സ്യവിൽപനയും പാവറട്ടിയിൽ കീറാമുട്ടിയായി തുടരുമെന്ന് ഉറപ്പായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.