എന്‍ജി.പരിഷ്കരണം തുടരും; ഏകീകൃത മെഡിക്കല്‍ പ്രവേശ പരീക്ഷ ഇക്കൊല്ലം ഇല്ല

തിരുവനന്തപുരം: അടുത്ത അധ്യയന വ൪ഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സ് പ്രവേശ പരീക്ഷ കേരളം തന്നെ നടത്തും. എൻജിനീയറിങിന് ഈ വ൪ഷം മുതൽ ഏ൪പ്പെടുത്തിയ പുതിയ പ്രവേശ രീതി അടുത്ത വ൪ഷവും തുടരും. ഇന്നലെ അവസാനിച്ച രണ്ടുദിവസത്തെ പ്രോസ്പെക്ടസ് നവീകരണ കമ്മിറ്റി യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഇത് സംസ്ഥാന സ൪ക്കാ൪ അംഗീകരിക്കുന്നതോടെ പുതിയ വിജ്ഞാപനം ഇറങ്ങും. രണ്ടാഴ്ചക്കകം പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും. പ്രഫഷനൽ കോഴ്സ് പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അധ്യയന വ൪ഷം മുതൽ തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ പരിഹാരമായത്.
ദേശീയ തലത്തിൽ ഏകീകൃത പരീക്ഷ പ്രഖ്യാപിച്ചതിനാൽ കേരളത്തിലെ പ്രവേശ പരീക്ഷ ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ മുഴുവൻ മെഡിക്കൽ കോഴ്സുകൾക്കും ബാധകമാകുന്ന തരത്തിലാണ് പുതിയ പരീക്ഷ വിഭാവനം ചെയ്തിരുന്നത്. എന്നാൽ നിയമ നടപടികളും മറ്റുമായി ഇതുസംന്ധിച്ച തീരുമാനം നീണ്ടു. ഇതിനിടെ അടുത്ത വ൪ഷത്തേക്ക് ഏകീകൃത പരീക്ഷ ഉണ്ടാകില്ളെന്ന് റിപ്പോ൪ട്ടുകൾ വന്നു. അതേസമയം പരീക്ഷ ഒഴിവാക്കിയതായി ഇതുവരെ കേരളത്തെ കേന്ദ്രം അറിയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മുൻ വ൪ഷങ്ങളിലെ പോലെ സ്വന്തം പരീക്ഷയുമായി മുന്നോട്ടുപോകാൻ പ്രവേശ പരീക്ഷാ കമീഷണറേറ്റ് തീരുമാനിച്ചത്. ഇത് വ്യവസ്ഥ ചെയ്യുന്ന രീതിയിള്ള പ്രോസ്പെക്ടസിനാണ് ഇന്നലെ അവസാനിച്ച റിവാംബിങ് കമ്മിറ്റി അംഗീകാരം നൽകിയത്.
അതേസമയം കേരളത്തിലെ പരീക്ഷ നടക്കുംമുമ്പ് ഏകീകൃത പരീക്ഷ വന്നാൽ അതാകും പ്രവേശത്തിന് പരിഗണിക്കുക. ഇതിന് വേണ്ട വ്യവസ്ഥകൾ കൂടി പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും. ഏകീകൃത പരീക്ഷയിലെ അനിശ്ചിതത്വം കേരളത്തിലെ പ്രവേശ പരീക്ഷ സംബന്ധിച്ച നടപടികളെയും അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഡിസംബ൪ അവസാനം തന്നെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചില്ളെങ്കിൽ പ്രവേശം താളംതെറ്റും. ഇതാണ് സ്വന്തം പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിന് കാരണം. ഈ തീരുമാനപ്രകാരം പരീക്ഷ സംബന്ധിച്ച് സ൪ക്കാ൪ പുതിയ വിജ്ഞാപനം ഇറക്കേണ്ടിവരും. നേരത്തേയിറക്കിയ വിജ്ഞാപനത്തിൽ മെഡിക്കൽ അനുബന്ധ കോഴ്സുകളും എൻജിനീയറിങുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾ ഉണ്ടായിരുന്നില്ല.
ഏറെ പരാതികളും നിയമനടപടികളുമുണ്ടായ എൻജിനീയറിങ് പ്രവേശ പരിഷ്കരണം തുടരാനും കമ്മിറ്റി തീരുമാനിച്ചു. യോഗ്യതാ പരീക്ഷയുടെയും പ്രവേശ പരീക്ഷയുടെയും മാ൪ക്ക് തുല്യമായി പരിഗണിച്ച് റാങ്ക് നിശ്ചയിക്കുന്ന തരത്തിലാണ് ഈ വ൪ഷം നടന്ന പരീക്ഷയിൽ ഏ൪പ്പെടുത്തിയ പരിഷ്കാരം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാ൪ഥികളും രക്ഷിതാക്കളുമാണ് ഇതിനെതിരെ ആക്ഷേപങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ പരാതി പരിഗണിച്ച് മാ൪ക്ക് ഏകീകരണ രീതിയിൽ മാറ്റംവരുത്തും. പുതിയ പ്രോസ്പെക്ടസിൽ ഈ മാറ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പഠിക്കാൻ സ൪ക്കാ൪ നിയോഗിച്ച വിദഗ്ധ കമ്മിറ്റി, കഴിഞ്ഞ വ൪ഷത്തെ സമവാക്യം മാറ്റാൻ ശിപാ൪ശ ചെയ്തിരുന്നു. ഇതേ കമ്മിറ്റി തയാറാക്കിയ സമവാക്യമാണ് പകരം ഉപയോഗിക്കുക.
ഈ അധ്യയനവ൪ഷത്തെ പ്രവേശം പൂ൪ത്തിയായത് മുതൽ അടുത്ത വ൪ഷത്തെ പ്രവേശം സംബന്ധിച്ച് ത൪ക്കവും അനിശ്ചിതത്വവും ആശയക്കുഴപ്പവും തുടങ്ങിയിരുന്നു. എൻജിനീയറിങ്  പരിഷ്കരണത്തിനെതിരായ കോടതി കേസും മെഡിക്കലിലെ ഏകീകൃത പരീക്ഷയും സൃഷ്ടിച്ച ഈ ആശയക്കുഴപ്പത്തിനാണ് ഇപ്പോൾ പരിഹാരമായത്. റിവാംബിങ് കമ്മിറ്റി ശിപാ൪ശകൾ സ൪ക്കാ൪ അംഗീകരിക്കുകയാണ് പതിവ്. അതിനാൽ ഇനി വലിയ മാറ്റങ്ങൾ ഉണ്ടാകാനിടയില്ല. ഡിസംബ൪ അവസാനം പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും. ജനുവരിയിൽ നടപടികൾ ആരംഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.