ദുരന്തം കവര്‍ന്ന കൂട്ടുകാരെ ഓര്‍ത്ത് അവര്‍ വിതുമ്പി.....

കായംകുളം/ഹരിപ്പാട്: മരണത്തിലും വേ൪പിരിയാത്ത സൗഹൃദം കാത്തുസൂക്ഷിച്ച കൂട്ടുകാരെയോ൪ത്ത് സഹപാഠികളും അധ്യാപകരും വിതുമ്പി. കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ വിദ്യാ൪ഥികളായ പുള്ളിക്കണക്ക് സൗത് മങ്കുഴി മന്ദാനത്ത് ഗോകുലത്തിൽ പരേതനായ ഗിരീശൻെറ മകൻ ഗോകുൽ ഗിരി (15), പുതുപ്പള്ളി കലേഷ്ഭവനിൽ കലേഷ്കുമാറിൻെറ മകൻ കിരൺ (15), ചേപ്പാട് മുഞ്ഞിനാട്ട് കിഴക്കതിൽ രവീന്ദ്രൻെറ മകൻ ജ്ഞാനചക്ഷുസ്(15)എന്നിവരുടെ വിയോഗമാണ് നാടിൻെറ നൊമ്പരമായത്.
ഓച്ചിറ അഴീക്കൽ കടലിൽ കുളിക്കാനിറങ്ങിയ കൂട്ടുകാരെ മരണം തട്ടിയെടുക്കുന്നത് കാണേണ്ടിവന്ന സഹപാഠി ബാലുമഹേഷ് ഇപ്പോഴും നടുക്കത്തിൽനിന്ന് മോചിതനായിട്ടില്ല.
 മരണത്തിന് കീഴടങ്ങിയ മൂവരും പഠനത്തിൽ മികവുകാട്ടിയിരുന്നവരാണ്. പഠിക്കാൻ യാത്രപറഞ്ഞിറങ്ങിയ മക്കൾ ഒരിക്കലും തിരിച്ചുവരില്ളെന്ന് അറിഞ്ഞതോടെ മോഹാലസ്യപ്പെട്ടുവീണ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ പ്രയാസപ്പെടുകയാണ്.
ട്യൂഷനുണ്ടെന്ന് കള്ളംപറഞ്ഞാണ് ആറംഗസംഘം വീടുകളിൽനിന്ന് ഇറങ്ങി കടലിൽ കുളിക്കാൻ പോയത്. ഒരുറൗണ്ട് കുളി കഴിഞ്ഞതോടെ രണ്ടുപേ൪ സ്ഥലംവിട്ടു.
കുളിയിൽ തൃപ്തിവരാതെ മൂവ൪ സംഘം വീണ്ടും ഇറങ്ങി. ഈ സമയം, ചൂനാട് സ്വദേശിയായ ബാലു മഹേഷ് ഒപ്പംകൂടിയില്ല. കൂട്ടുകാരെ ‘ചുഴി’ തട്ടിയെടുക്കുന്നതുകണ്ട് ബാലു അലറിക്കരഞ്ഞ് ആളുകളെ കൂട്ടുകയായിരുന്നു.
അധ്യാപക പരിശീലന കളരി നടക്കുന്നതിനിടെയാണ് സ്കൂളിൽ ദുരന്തവാ൪ത്ത അറിഞ്ഞത്. ഇതോടെ അധ്യാപക സംഘം എത്തി രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി.
ദുരന്തവാ൪ത്ത കേട്ട ഇവരുടെ ക്ളാസ്ടീച്ച൪ രാഗി മോഹാലസ്യപ്പെട്ടുവീണത് ആശങ്കക്കിടയാക്കി. കലാമേളകളിലെ തിളങ്ങുന്ന താരമായിരുന്ന ജ്ഞാനചക്ഷുസിൻെറ വേ൪പാട് സ്കൂളിന് കനത്ത നഷ്ടമാണുണ്ടാക്കിയത്.
മാതാപിതാക്കൾക്കൊപ്പം കുവൈത്തിലായിരുന്ന ഗോകുൽ ഗിരി പിതാവ് ഗിരീശൻെറ മരണത്തോടെയാണ് നാട്ടിലെത്തിയത്. അഞ്ചാംക്ളാസ് മുതൽ എസ്.എൻ സെൻട്രൽ സ്കൂൾ വിദ്യാ൪ഥിയാണ്. ഭ൪ത്താവിനൊപ്പം ഏകമകനെയും നഷ്ടമായത് മാതാവ് ഗീതക്ക് ഇരട്ടി ആഘാതമായി.
കിരണിൻെറ പഠനത്തിൽ ശ്രദ്ധപതിപ്പിക്കാനായി പരീക്ഷാസമയത്ത് എത്താൻ അവധി മാറ്റിവെച്ച സൗദിയിലുള്ള പിതാവ് കലേഷ്കുമാറിനെ ഇതുവരെ വിവരം അറിയിച്ചിട്ടില്ല.
എല്ലാദിവസവും മാതാവ് ബിന്ദുവാണ് ജ്ഞാനചക്ഷുസിനെ വീട്ടിൽനിന്ന് ദേശീയപാത വരെ സ്കൂട്ടറിൽ എത്തിച്ച് സ്കൂൾബസിൽ കയറ്റിവിടുന്നത്. ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡൻറായ ബിന്ദുവിൻെറയും രാജേന്ദ്രൻെറയും ഏകമകനാണ് ജ്ഞാനചക്ഷുസ്. കാ൪ട്ടൂണിസ്റ്റും പ്രസംഗകനുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.